ADVERTISEMENT

‘നമ്മുടെ കടങ്ങൾ നമ്മുടെ കുട്ടികളിലേക്ക് കൈമാറരുത്’... ഇന്നസന്റ് പകർന്നുകൊടുത്ത ജീവിത പാഠം പങ്കുവച്ച് നടി മാതു.  അമരം, സന്ദേശം, ആയുഷ്കാലം തുടങ്ങിയ നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയനടിയായി മാറിയ താരമായിരുന്നു മാതു.  ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് വ്യക്തിപരമായി ഏറെ അടുത്ത ബന്ധം പുലർത്തിയിരുന്ന ഇന്നസന്റ് കൂടെയുള്ളവർക്ക് ഒരു മാതൃകയായിരുന്നുവെന്ന് മാതു പറയുന്നു.  ഇന്നസന്റിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബത്തിന് സമാധാനം കണ്ടെത്താൻ കഴിയട്ടെ എന്ന ആശംസയോടെയാണ് മാതു സോഷ്യൽ മീഡിയയിൽ അനുശോചന കുറിപ്പ് പങ്കുവച്ചത്.   

 

‘‘ഇന്നസന്റ് അങ്കിളിന്റെ  കുടുംബത്തിന് എന്റെ ഹൃദയത്തിൽ നിന്നുള്ള അനുശോചനം അറിയിക്കുന്നു.  ഇന്നസന്റ് അങ്കിളിനെ ആദ്യമായി കാണുന്നത് "പൂരം" എന്ന സിനിമയുടെ സെറ്റിൽ വച്ചാണ്. "കല്യാണ ഉണ്ണികൾ" എന്ന സിനിമയിൽ അദ്ദേഹത്തോടൊപ്പം ഒരു ഹാസ്യ രംഗത്തിൽ അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചു. അതിനുശേഷം സന്ദേശം, ആയുഷ്‌കാലം തുടങ്ങി നിരവധി സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.  എന്നാൽ സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, അദ്ദേഹം എന്ന ഇദ്ദേഹം എന്നീ സിനിമകൾ ചെയ്തതിനു ശേഷമാണ് അദ്ദേഹവുമായി ഏറെ അടുക്കാൻ കഴിഞ്ഞത്.  

 

ഞാനും ഇന്നസന്റ് അങ്കിളും ഒരുമിച്ച് ഒരു ഷൂവിന്റെ പരസ്യം ചെയ്തത് എന്റെ ഓർമയിൽ ഇപ്പോഴുമുണ്ട്.  ഏറെ രസകരവും അവിസ്മരണീയവുമായ ആ ദിവസം ഞാനിപ്പോഴും ഓർക്കുന്നു. കൂടെ ജോലി ചെയ്യുന്ന എല്ലാവരോടും അദ്ദേഹം എപ്പോഴും പങ്കുവയ്ക്കുന്ന ഒരു വലിയ സത്യമുണ്ട് "നമ്മുടെ കടങ്ങൾ നമ്മുടെ കുട്ടികളിലേക്ക് കൈമാറരുത്."  സ്വതസിദ്ധമായ ശൈലിയിൽ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്ന ഒരു ക്ലാസിക് ആക്ടറായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ യശസ്സ് എന്നെന്നും നിലനിൽക്കും. ഇന്നസന്റ് അങ്കിൾ, അങ്ങയുടെ ഏറ്റവും വലിയ ആരാധികയായ ഞാൻ  അങ്ങയെ എന്നെന്നും മിസ് ചെയ്യും. അങ്ങയുടെ കുടുംബത്തിന് ആശ്വാസവും സമാധാനവും ലഭിക്കട്ടെ.’’–മാതു കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com