ADVERTISEMENT

അഭിനയം തന്നെ നിർത്തേണ്ടി വന്നേക്കുമോ എന്ന ആശങ്കയിലേക്ക് എത്തിച്ച രോഗാവസ്ഥയെക്കുറിച്ച് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് അനുശ്രീ. സിനിമയിൽ ശ്രദ്ധ നേടി വരുന്നതിനിടയിൽ ഇടക്കാലത്ത് അഭിനയം തന്നെ നിർത്തേണ്ടി വന്നേക്കുമോ എന്ന ആശങ്ക സമ്മാനിച്ചുകൊണ്ട് ഒരു രോഗാവസ്ഥ തന്നെ തേടിയെത്തിയെന്നും ആ രോഗത്തെ തുടര്‍ന്നു നടത്തിയ ചികിത്സയ്ക്കിടെ ഒരു മുറിക്കുള്ളിൽ മാസങ്ങളായി കഴിയേണ്ടി വന്നിരുന്നുവെന്നും അനുശ്രീ പറയുന്നു. ‘കള്ളനും ഭഗവതിയും’ എന്ന സിനിമയുടെ പ്രചാരണപരിപാടിക്കിടെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

 

‘‘ഇതിഹാസ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞു നിൽക്കുന്ന സമയമാണ്. ഒരു ദിവസം നടക്കുമ്പോൾ എനിക്ക് പെട്ടെന്ന് ഒരു കൈയ്ക്ക് ബാലൻസ് ഇല്ലാത്തതു പോലെ തോന്നി. പിന്നെ അതങ്ങു മാറി. ഇടയ്ക്കിടെ ഈ അവസ്ഥ വീണ്ടും വരാൻ തുടങ്ങിയപ്പോൾ ഹോസ്പിറ്റലിൽ പോയി, ഡോക്ടറെ കണ്ടു, ചെക്കപ്പ് നടത്തി, എക്സ്റേ എടുത്തു. മൂന്നുനാലു മാസത്തോളം ചികിത്സയെടുത്തു. ഒരു എക്സ്‍ട്രാ ബോൺ എന്റെ ഷോൾഡറിന് അരികിലായി വളർന്നു വരുന്നുണ്ടായിരുന്നു. അതിൽ ഞരമ്പുകൾ ചുറ്റി ആകെ ഞെരുങ്ങിയ അവസ്ഥ. മോശമായൊരു കണ്ടീഷനിൽ എത്തി. പൾസ് കയ്യിൽ കിട്ടില്ല എന്നൊരു അവസ്ഥ വരെ വന്നു. സർജറിയൊക്കെ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിഹാസ റിലീസിന് ഒരുങ്ങുന്ന സമയത്താണ് ഞാൻ ശസ്ത്രക്രിയ ചെയ്തത്. 8-9 മാസത്തോളം എന്റെ കൈ പാരലൈസ്ഡ് ആയിരുന്നു. അത്രയും നാൾ ഞാൻ ഒരു മുറിയുടെ അകത്തു തന്നെയിരുന്നു.

 

ശരീരത്തിലെ ഒരു ഞരമ്പിനൊക്കെ എന്തുമാത്രം പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കിയ അനുഭവമാണത്. നമ്മുടെ ഇഷ്ടത്തിനു അനുസരിച്ച് ശരീരത്തിന്റെ ഒരു ഭാഗം അനക്കാൻ പറ്റില്ലെന്നു പറയുന്നത് വല്ലാത്തൊരു അവസ്ഥയാണ്. പെട്ടെന്നൊരു സുപ്രഭാതത്തിൽ അങ്ങനെയായപ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. ഞാൻ ഫിസിയോ തെറാപ്പി ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് എനിക്ക് ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന ചിത്രത്തിൽ നിന്നും കോൾ വന്നത്. അങ്ങനെ പ്രതിസന്ധികളെ അതിജീവിച്ച് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ’’–അനുശ്രീ പറഞ്ഞു. 

 

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കള്ളനും ഭഗവതിയും’. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ എന്നിവർക്കൊപ്പം ബംഗാളി താരം മോക്ഷയും പ്രധാന കഥാപാത്രമായെത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com