വിവാഹബന്ധത്തിൽ നൂറു ശതമാനവും നൽകി, പക്ഷേ: തുറന്നുപറഞ്ഞ് സമാന്ത

samantha-naga
SHARE

ദാമ്പത്യജീവിതം വിജയകരമായി മുന്നോട്ടുപോകാൻ താൻ നൂറു ശതമാനം പ്രയത്നിച്ചെന്നും എന്നാൽ അതു ഫലപ്രദമായില്ലെന്നും സമാന്ത. പുറത്തിറങ്ങാനിരിക്കുന്ന ‘ശാകുന്തളം’ സിനിമയുടെ പ്രമോഷനിടെയാണ് നാഗചൈതന്യയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് സമാന്ത തുറന്നു പറഞ്ഞത്. വിവാഹമോചനത്തിനു ശേഷം നിരവധി അധിക്ഷേപങ്ങൾക്കും ട്രോളുകൾക്കും താൻ ഇരയായെന്നും എന്നാൽ തെറ്റൊന്നും ചെയ്തിട്ടില്ലാത്ത താൻ എന്തിന് ഇതൊക്കെ സഹിക്കണമെന്നും സമാന്ത കൂട്ടിച്ചേർത്തു.

‘‘വിവാഹമോചന സമയത്താണ് എനിക്ക് ‘പുഷ്പ’യിലെ ‘ഓ അന്തവാ’ എന്ന ഐറ്റം നമ്പർ ചെയ്യാനുള്ള ഓഫർ വന്നത്. തെറ്റു ചെയ്തിട്ടില്ലാത്ത ഞാൻ ഒളിച്ചിരിക്കേണ്ട ആവശ്യമില്ല എന്നു തോന്നിയതുകൊണ്ടാണ് ആ നൃത്തരംഗം ചെയ്യാൻ തയാറായത്. എന്നാൽ എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അതിന് എന്നെ വിമർശിച്ചു. വിവാഹമോചനം നേരിടുന്ന സമയത്ത് ഐറ്റം നമ്പർ ചെയ്തതു ശരിയായില്ല എന്നാണു അവർ പറഞ്ഞത്. ഞാൻ ചെയ്തതു ശരിയാണെന്നു തന്നെയാണ് എന്റെ വിശ്വാസം. എന്റെ കുടുംബജീവിതം പ്രശ്നങ്ങളില്ലാതെ പോകാൻ ഞാൻ നൂറു ശതമാനം അഡ്ജസ്റ്റ് ചെയ്‌തു. പക്ഷേ ഒന്നും ശരിയായില്ല. പിന്നെ ഒരു തെറ്റും ചെയ്യാത്ത ഞാൻ എന്തിന് ജോലി ഉപേക്ഷിച്ച് ഒളിച്ചിരിക്കണം. ചെയ്യാത്ത തെറ്റിന് സ്വയം ശിക്ഷിക്കാൻ ഞാൻ തയാറല്ല.’’–സമാന്ത പറയുന്നു.

വിവാഹമോചനം എല്ലാവരും കരുതുന്നതുപോലെ അത്ര അനായാ‌സമായിരുന്നില്ല എന്ന് സമാന്ത പറയുന്നു. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോയത്. മിക്ക ദിവസങ്ങളിലും കിടക്കയിൽനിന്ന് എഴുന്നേൽക്കാതെ കരഞ്ഞുകൊണ്ടിരുന്നു. ഇതിൽനിന്നു രക്ഷപ്പെടാൻ തനിക്കു കഴിയുമോ എന്ന് അമ്മയോട് നിരന്തരം ചോദിച്ചുകൊണ്ടിരുന്നെന്നും സമാന്ത വെളിപ്പെടുത്തുന്നു.

‘‘ജീവിതത്തിലെ എല്ലാ താഴ്ചകളിലൂടെയും കടന്നുപോയ സമയമായിരുന്നു അത്. മൂന്നാമതൊരാളുടെ വീക്ഷണകോണിൽ നോക്കുമ്പോൾ ഞാൻ സ്ട്രോങ് ആയി എല്ലാം നേരിട്ടു എന്നു തോന്നാം. പക്ഷേ പ്രതികരിക്കാൻ പോലും കഴിയാത്ത, ഒരു തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. എന്റെ തലയിൽ ഒന്നുമുണ്ടായിരുന്നില്ല. എല്ലാവരും കരുതുന്നതുപോലെ ഞാൻ ശക്തയും മാനസികമായി സ്വതന്ത്രയുമായിരുന്നില്ല. കരഞ്ഞുകൊണ്ട് കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ ആഗ്രഹിക്കാത്ത ദിവസങ്ങളായിരുന്നു അത്. ഞാൻ ശരിയാകുമോ എന്ന് അമ്മയോടു നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. ഇതിൽ നിന്നെല്ലാം പുറത്തുകടക്കാൻ ആഗ്രഹിക്കുന്ന ദുർബലയായ ഒരു ചെറിയ പെൺകുട്ടി എന്റെ ഉള്ളിലുണ്ടായിരുന്നു. ഈ അവസ്ഥയിൽനിന്ന് രക്ഷപ്പെട്ടില്ലെങ്കിൽ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയായിരുന്നു. എന്നെ നശിപ്പിക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ട് ഞാൻ ഘട്ടംഘട്ടമായി നിരാശയിൽനിന്നു പുറത്തു കടന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആത്മവിശ്വാസം പകർന്നുതന്ന് ഒപ്പം നിന്നതുകൊണ്ടാണ് ജീവിതത്തിലേക്കു തിരിച്ചു നടക്കാൻ കഴിഞ്ഞത്.’’ സമാന്ത പറയുന്നു.

നിരവധി ചിത്രങ്ങളിൽ സഹതാരങ്ങളായിരുന്ന നാഗ ചൈതന്യയും സമാന്തയും ഏറെക്കാലത്തെ പ്രണയത്തിനു ശേഷം 2017 ൽ ആണ് വിവാഹിതരായത്. 2021 ഒക്ടോബറിൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഒരു സംയുക്ത പ്രസ്താവനയിലൂടെയാണ് വേർപിരിയൽ വാർത്ത അവർ പ്രഖ്യാപിച്ചത്. വിവാഹമോചനത്തിന് ശേഷം അനാരോഗ്യം കൊണ്ട് ഏറെ ബുദ്ധിമുട്ടിയിരുന്ന സമാന്തയ്ക്കുനേരേ സമൂഹമാധ്യമങ്ങളിൽനിന്ന് ട്രോളുകളും വിമർശനങ്ങളുമുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA