‘മായാനദി’ ഇറങ്ങിയതുകൊണ്ടാണ് നദികള്‍ കവിഞ്ഞൊഴുകിയതെന്നുവരെ പറഞ്ഞു: ടൊവിനോ തോമസ്

Mail This Article
2018 ലെ പ്രളയസമയത്തെ ഇടപെടലുകള്‍ക്ക് ശേഷം തന്നെ ‘പ്രളയം സ്റ്റാർ’ എന്നു വിളിച്ചത് വേദനിപ്പിച്ചെന്ന് നടന്‍ ടൊവിനോ തോമസ്. ‘2018’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ. പ്രളയസമയത്ത് ടൊവിനോ ചെയ്തത് പിആര്‍ വര്‍ക്കാണെന്ന തരത്തിൽ വിമര്‍ശനം ഉയർന്നിരുന്നു. ചാവാന്‍ നില്‍ക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കാനുള്ള ദീര്‍ഘവീക്ഷണമോ ബുദ്ധിയോ തനിക്കില്ലായിരുന്നുവെന്നും താരം വ്യക്തമാക്കി. ടൊവിനോ പറഞ്ഞു.
‘‘മഴ പെയ്തുകൊണ്ടിരുന്ന സമയത്ത്, കുറച്ച് കൂടി തുടര്‍ന്നാല്‍ കേരളം മുഴുവന്‍ മുങ്ങിപ്പോകുമെന്നല്ലേ നമ്മളൊക്കെ വിചാരിച്ചിരുന്നത്. കേരളത്തിൽ എല്ലാവരും തന്നെ ഇനിയെന്ത് എന്നാലോചിച്ച് നിന്ന സമയമായിരുന്നു പ്രളയത്തിന്റേത്. മഴ നിന്ന്, എല്ലാം ഇത്ര പെട്ടെന്ന് പഴയ സ്ഥിതിയിലാകുമെന്ന് ആരും കരുതിയതല്ല. ചാവാൻ നിൽക്കുന്ന നേരത്ത് ആരെങ്കിലും പിആറിനെ കുറിച്ച് ചിന്തിക്കുമോ? ഞാൻ എന്തായാലും ചിന്തിക്കില്ല. അതിനുള്ള ബുദ്ധിയോ ദീർഘവീഷണമോ ഒന്നും എനിക്കില്ല.
ആ സമയത്ത് ഞാന്‍ വീട്ടുകാരോട് പറഞ്ഞത്, ഒന്നു പച്ച പിടിച്ചു വരുവാണ്, അതിനിടെയാണ് പ്രളയം എന്നാണ്. കേരളം മുഴുവൻ വെള്ളത്തിനടിയിലായാൽ സിനിമ ഷൂട്ടിങ് നടക്കില്ല. എല്ലാം നഷ്ടപ്പെട്ട ആളുകൾക്കു നടുവിൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും. എല്ലാവര്‍ക്കും അവരവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളുണ്ടായിരുന്നു അതുപോലെ എനിക്കും.
Read more at: ഈ സിനിമ നടക്കില്ലെന്ന് പറഞ്ഞവരുണ്ട്: മൂന്നര വർഷത്തെ സ്വപ്നം: ജൂഡ് ആന്തണി അഭിമുഖം
ആ സമയത്ത് ചെയ്ത കാര്യങ്ങളൊക്കെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. ജനിച്ചുവളര്‍ന്ന സ്ഥലത്താണ് പ്രളയ സമയത്ത് ഞാനിറങ്ങി പ്രവര്‍ത്തിച്ചത്. ആദ്യമൊക്കെ സോഷ്യൽമീഡിയയിൽ നല്ല കാര്യങ്ങളാണ് എല്ലാവരും പറഞ്ഞത്. പിന്നീട് വിമർശനങ്ങൾ വരാൻ തുടങ്ങി. ‘പ്രളയം സ്റ്റാർ’ എന്നൊക്കെ വിളിക്കാൻ തുടങ്ങിയത് ഒരുപാട് വേദനിപ്പിച്ചു. ചെയ്തത് പിആർ വർക്കൊക്കെ ആണെന്നായിരുന്നു വിമർശനം. അത് വ്യക്തിഹത്യയായി. പ്രളയവുമായി ബന്ധപ്പെട്ട ഒരുപരിപാടിക്കും പിന്നീട് ഞാൻ പോയില്ല. ഈ സിനിമയിൽ വിളിച്ചപ്പോഴും ആദ്യ ഇല്ല എന്നാണ് പറഞ്ഞത്. പിന്നീട് ഇതിന്റെ സാങ്കേതികവശങ്ങൾ േകട്ട ശേഷമാണ് അഭിനയിക്കാന് തീരുമാനിച്ചത്.
ആരാണ് ഇതൊക്കെ പറഞ്ഞുനടക്കുന്നത് എന്ന് എനിക്കറിയില്ല. എന്റെ സിനിമ ഇറങ്ങുമ്പോള്‍ മഴ പെയ്യും. ഞാന്‍ ഈ നാടിന് ആപത്താണ്, ഞാനൊരു ദുഃശ്ശകുനമാണ്, മായാനദി ഇറങ്ങിയതുകൊണ്ടാണ് നദികള്‍ കവിഞ്ഞൊഴുകിയത് എന്നിങ്ങനെയുള്ള തമാശയൊക്കെ പിന്നീട് സീരിയസായി. എന്ത് തെറ്റാണ് ചെയ്തതെന്ന് ഇപ്പോഴുമറിയില്ല. ഇനി പ്രളയമുണ്ടായാൽ സഹായത്തിനിറങ്ങണോ വേണ്ടയോ എന്ന് പോലും അറിയില്ല.’’– ടൊവിനോ പറഞ്ഞു.
ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന 2018ൽ ടൊവിനോയെ കൂടാതെ കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, അപർണ ബാലമുരളി, ഗൗതമി നായർ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദീഖ്, രഞ്ജി പണിക്കർ, എന്നിങ്ങനെ വൻതാരനിര അണിനിരക്കുന്നു. ചിത്രം ഏപ്രിൽ 21ന് റിലീസ് ചെയ്യും.