ADVERTISEMENT

മലയാള സിനിമ മദ്രാസിലെ സ്റ്റുഡിയോകളിൽ തമ്പടിച്ചിരുന്ന 1978 കാലത്ത് എറണാകുളത്തു നിന്നും ഒരു നിർമാതാവിന്റെ ഖദറു കുപ്പായവുമിട്ടുകൊണ്ട് ഇരുപത്തിയാറാമത്തെ വയസ്സിൽ സിനിമയുടെ ഈറ്റില്ലമെന്നറിയപ്പെട്ടിരുന്ന മദ്രാസിലെ കോടമ്പാക്കത്തേക്ക് ഏകനായി യാത്ര ചെയ്ത എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തിനെക്കുറിച്ചാണ് ഇക്കുറി ഞാനിവിടെ കുറിക്കുന്നത്. 

 

അന്നത്തെ ചെറുപ്പക്കാരൊക്കെ സിനിമാമോഹവുമായി ഒരു പ്രേംനസീറോ ജയനോ ആകാൻ വേണ്ടി മദ്രാസിൽ എത്തുകയും ആ ആഗ്രഹം പൂവണിയാനാകാതെ ആരുടെയെങ്കിലും കൂടെ സംവിധാനവും ക്യാമറയുമൊക്കെ പഠിക്കാനായി കോടമ്പാക്കത്ത് കാത്തുകെട്ടിക്കിടക്കുമ്പോൾ എന്റെ സുഹൃത്ത് അതിൽ നിന്നെല്ലാം വ്യത്യസ്തനായി ഒരു സിനിമാ നിർമാതാവാകാൻ വേണ്ടിയാണ് മദ്രാസിലേക്ക് തിരിച്ചത്. അന്ന് രാമു കാര്യാട്ടിന്റെ ‘ചെമ്മീൻ’ നിർമിച്ച ബാബു സേട്ടായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ നിർമാതാവായി അറിയപ്പെട്ടിരുന്നതുകൊണ്ട് പ്രായത്തിന്റെ പരിഗണനയിൽ എന്റെ സുഹൃത്ത് രണ്ടാം സ്ഥാനക്കാരനായി മാറുകയായിരുന്നു.

 

കോളജിൽ പഠിക്കുമ്പോൾ നാടകമത്സരത്തിൽ മൂന്നു തവണ ബെസ്റ്റ് ആക്റ്ററായി തിരഞ്ഞെടുക്കുകയും തുടർന്ന് രണ്ടു മൂന്നു പ്രഫഷനൽ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സിനിമയിൽ ഭാവാഭിനയം പ്രകടിപ്പിക്കാനുള്ള താൽപര്യമൊന്നും എന്റെ സുഹൃത്തിന് ഒട്ടും ഉണ്ടായിരുന്നില്ല.  നാടകവും സിനിമാഭിനയവും രണ്ടും രണ്ടാണെന്ന് നന്നായിട്ടറിയാവുന്നതുകൊണ്ടാണ് സുഹൃത്ത് സിനിമയുടെ സാമ്പത്തിക രക്ഷാധികാരിയായി വഴിമാറ്റ സഞ്ചാരം നടത്തിയത്. ഇത്രയൊക്കെ ആലങ്കാരികതയോടെ അവതരിപ്പിച്ച ആ യുവ നിർമാതാവ് ആരാണെന്നറിയേണ്ടേ?  ഇന്നത്തെ ന്യൂ ജനറേഷൻ പിള്ളേർക്ക് അത്ര പരിചയമുണ്ടായില്ലെങ്കിലും എൺപതു കാലഘട്ടത്തിലെ നിർമാതാക്കൾക്കും, നടീനടന്മാർക്കും പ്രേക്ഷകർക്കുമെല്ലാം ആ നാമധേയം നന്നായിട്ട് അറിയാനാവും.

eerali-silk
ഈരാളിക്കൊപ്പം സിൽക്ക് സ്മിത

 

ഞങ്ങളുടെ ചിത്രപൗർണമി കൂട്ടായ്മയിലെ സജീവസാന്നിധ്യമായിരുന്ന, ഞങ്ങൾ എല്ലാവരും ഈരാളി എന്ന ചുരുക്കപ്പേരിൽ വിളിച്ചിരുന്ന ഏലിയാസ് ഈരാളിയാണ് ആ യുവ നിർമാതാവ്. നീണ്ട നാല്പത്തിയെട്ട് വർഷത്തെ സൗഹൃദമാണ് ഞങ്ങൾ തമ്മിൽ ഉള്ളത്. പോപ്പിൻസ് മിട്ടായി പോലെയാണ് അന്നും ഇന്നും ആ സൗഹൃദമുള്ളത്. 

 

കട്ട് കട്ട്, കാർട്ടൂൺ, കുമ്മാട്ടി എന്നീ മൂന്നു വ്യത്യസ്ത തലങ്ങളിലുള്ള മാസികകൾ എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന സമയത്താണ് ഈരാളി സിനിമ പിടിക്കാനായി മദ്രാസിലേക്ക് പോയത്.  കട്ട് കട്ട് കാർട്ടൂണിസ്റ്റ് യേശുദാസനും കാർട്ടൂൺ മാസിക ബി.എം. ഗഫൂറും കുമ്മാട്ടി എന്ന കുട്ടികളുടെ മാസിക ഡെന്നിസ് ജോസഫിനെയും ഏൽപിച്ചുകൊണ്ടാണ് ഈരാളി തന്റെ സിനിമാ ജൈത്രയാത്ര ആരംഭിക്കുന്നത്.

fazil-eerali
ഫാസിൽ, സിബി മലയിൽ, കൊച്ചിൻ ഹനീഫ, ലോഹിതദാസ്, ഏലിയാസ് ഈരാളി, ഗിരീഷ് പുത്തഞ്ചേരി, പ്രിയദർശൻ

 

സാധാരണ സിനിമാമോഹികൾ മദ്രാസിൽ ചെന്നാൽ ചെറിയ ചില ലോഡ്ജുകളിൽ സഹതാമസക്കാരായി കൂടുകയും ചാൻസ് ചോദിച്ച് കോടമ്പാക്കത്തെ തെരുവുകളിൽ അലഞ്ഞു നടക്കുകയും ചെയ്തിരുന്ന കാഴ്ചയാണ് പലപ്പോഴും കണ്ടിട്ടുള്ളത്. എന്നാൽ ഈരാളി ആദ്യം ചെയ്തത് കോടമ്പാക്കത്തെ അശോക് നഗറിൽ ഒരു നല്ല കെട്ടിടം വാടകക്കെടുത്ത് ഒരു പ്രൊഡക്ഷൻ ഓഫിസ് തുടങ്ങുകയാണ്.  അവിടെ മൂന്നാലു പേർക്ക് താമസിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു.  

 

ഈരാളി ആദ്യം ചെയ്തത് മലയാള സിനിമാ നിർമാണ രംഗത്തെ കുലപതികളായ ജയ്മാരുതിയുടെ ടി.ഇ. വാസുദേവൻ സാറിനെയും മഞ്ഞിലാസിന്റെ എം. ജെ. ജോസഫിനെയും ഗണേഷ് പിക്ചേഴ്സിന്റെ കെ. പി. കൊട്ടാരക്കരയെയുമൊക്കെ പോയി കണ്ടു ഓരോന്നു ചോദിച്ചു മനസ്സിലാക്കി സിനിമാ നിർമാണത്തിന്റെ ബാലപാഠം പഠിക്കുകയായിരുന്നു. ആദ്യ ചിത്രം തുടങ്ങുന്നതിനു മുൻപ് അതിന്റെ സംവിധായകൻ, തിരക്കഥാകാരൻ, നടീനടന്മാർ, ടെക്നീഷ്യൻസ് തുടങ്ങിയ എല്ലാവരുടെയും കച്ചവട മൂല്യവും ബയോഡേറ്റയും നന്നായിട്ട് മനസ്സിലാക്കിയ ശേഷമാണ് ഈരാളി തന്റെ പ്രൊജക്റ്റിലേക്ക് അവരെ ബുക്ക് ചെയ്തിരുന്നത്. എത്ര കൂലങ്കുഷമായിട്ട് നോക്കിയാലും സിനിമയിലെ വിജയവും പരാജയവും നമ്മളാരും വിചാരിക്കുന്നതുപോലെ അല്ലല്ലോ സംഭവിക്കുന്നത്. 

yesdasu-eelarli
യേശുദാസിനൊപ്പം ഈരാളി

 

അങ്ങനെയാണ് ആണ് 1979 ല്‍ സംവിധായകൻ എൻ. ശങ്കരൻ നായരെക്കൊണ്ട് ‘ചുവന്ന ചിറകുകൾ’ എന്ന സിനിമ ഈരാളി നിര്‍മിക്കുന്നത്. ‘മദനോത്സവ’ മെന്ന എക്കാലത്തെയും ഹിറ്റ് സിനിമയുടെ സംവിധായകനാണ് ശങ്കരൻ നായർ. തോപ്പിൽ ഭാസിയുടേതായിരുന്നു തിരക്കഥ. ഹിന്ദി സിനിമയിലെ ഏറ്റവും താരമൂല്യമുള്ള ഷർമിള ടാഗോറാണ് ചുവന്ന ചിറകുകളിൽ നായികയായി വന്നത്.  സോമനും ജയനുമായിരുന്നു നായകന്മാർ.  ഒ.എൻ.വി, സലിൽ ചൗധരി ടീമിന്റേതായിരുന്നു സംഗീതം.  എല്ലാം മനോഹരങ്ങളായ ഗാനങ്ങളായിരുന്നു.  ചുവന്ന ചിറകുകൾ സാമ്പത്തികമായി വിജയിക്കുകയും ചെയ്തു.  

adharvam

 

അടുത്തതായി കമല്‍ഹാസനെ നായകനാക്കി പെരുമ്പടവം ശ്രീധരന്റെ ‘അന്തിവെയിലിലെ പൊന്നാണ്’ ഈരാളി നിർമ്മിച്ചത്. ലക്ഷ്മിയായിരുന്ന നായിക. കൂടാതെ സുകുമാരൻ, സുകുമാരി തുടങ്ങിയവരും ഇതില്‍ അഭിനയിച്ചിരുന്നു. ഒഎൻവിയും സലിൽ ചൗധരിയും തന്നെയായിരുന്നു ഇതിനും സംഗീതം നൽകിയത്. അന്തിവെയിലിലെ പൊന്ന് വിചാരിച്ചതുപോലെ പൊന്നാകാതെ വെള്ളിയായി മാറുകയായിരുന്നു. ഈരാളിയുടെ എല്ലാ ചിത്രങ്ങളുടെയും കൂടെ അനുജൻ മോനായിയും തോളോട് തോൾ ചേർന്ന് നിന്നതുകൊണ്ട് പ്രൊഡക്ഷൻ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ ഈരാളിക്ക് കഴിഞ്ഞത്.  

 

തുടർന്ന് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഈരാളി അടുത്ത ചിത്രം നിർമിച്ചത്. അങ്ങനെ ഒരു ഗ്യാപ്പ് വരാൻ പ്രത്യേക ഒരു കാരണവും ഉണ്ടായിരുന്നു. ഷർമിള ടാഗോറുമായുമുള്ള ഈരാളിയുടെ സൗഹൃദം വച്ച് ഹിന്ദിയിലെ പ്രഗത്ഭ സംവിധായകനായ ഗുൽസാറിനെ വച്ച് ഒരു മലയാള സിനിമ നിർമിക്കാനുള്ള ഒരാലോചനയും ഇരുവരും തമ്മിൽ നടത്തുകയുണ്ടായി. അതിനു വേണ്ടി ഷർമിള ടാഗോർ പറഞ്ഞ പ്രകാരം ഈരാളി ബോംബെയിൽ പോയി ഗുൽസാറിനെ കണ്ട് സംസാരിക്കുകയും അദ്ദേഹം പടം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തതാണ്. പക്ഷേ ഗുൽസാറിന്റെ ചില സുഹൃത്തുക്കൾ അദ്ദേഹത്തെ പറഞ്ഞ് വല്ലാതെ പേടിപ്പിച്ചു. ‘ഭാഷയറിയാതെ ചെന്ന്  മലയാളത്തിൽ സിനിമ ചെയ്തിട്ട്  പരാജയം സംഭവിച്ചാലോ ? 

 

ഈ 'പരാജയം' എന്ന വാക്ക്  ഗുൽസാറിന്റെ മനസ്സിൽ പല സംശയങ്ങളും ജനിപ്പിച്ചു. അദ്ദേഹം പുനർചിന്തനത്തിന് തയാറായി. അങ്ങനെ ഈരാളിയുടെ ഡ്രീം പ്രോജക്ടിന് അവിടെ തിരശീല വീണു. മുഹമ്മദ് റാഫിയെക്കൊണ്ട് പാടിപ്പിക്കാമെന്ന് പറഞ്ഞ് അദ്ദേഹത്തെ പോയി കാണുകയും ചെയ്തതാണ്. ആ പടം നടക്കാതെ പോയതിലെ നിരാശ ഇപ്പോഴും ഈരാളിക്കുണ്ട്. അതേപോലെ തന്നെ സലിം ചൗധരിയും ഈരാളിയും കൂടി മദ്രാസിൽ ഒരു റെക്കോർഡിങ് സ്റ്റുഡിയോ തുടങ്ങാനുള്ള ആലോചനയും നടന്നതാണ്. സാങ്കേതികമായ ചില കാരണങ്ങളാൽ അതും നടക്കാതെ പോയി. 

 

പിന്നീട്  രണ്ടു വർഷത്തെ ഗ്യാപ്പിനു ശേഷമാണ് ഈരാളി ‘നദി മുതൽ നദി’ വരെ എന്ന ചിത്രം എടുക്കുന്നത്. മമ്മൂട്ടി ആയിരുന്നു നായകൻ. ആദ്യമായിട്ടാണ് ഒരു ഈരാളി ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നത്. ലക്ഷ്മിയായിരുന്നു ഇതിലും നായിക. കൂടാതെ രതീഷും സുകുമാരനുമടക്കം ഒത്തിരി താരങ്ങൾ ഇതിൽ അഭിനയിച്ചിരുന്നു.തമിഴിലെ പ്രശസ്ത സംവിധായകനായ വിജയാനന്ദാണ് ഈ ചിത്രം സംവിധാനം ചെയ്തത്. പ്രിയദർശന്റേതായിരുന്നു തിരക്കഥയും സംഭാഷണവും. അന്ന് പ്രിയൻ തിരക്കഥാകാരനായി സിനിമയിലേക്ക് കടന്നു വരുന്ന സമയമാണ്. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് രഘു കുമാറാണ്  സംഗീതം നൽകിയത്. ഈ ചിത്രം സാമ്പത്തികമായി വിജയം വരിക്കുകയും ചെയ്തു. അടുത്ത ചിത്രം  ഈരാളി ചെയ്തത് മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ചാണ്. ചങ്ങാത്തം എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഭദ്രനായിരുന്നു സംവിധായകൻ. ശ്രീവിദ്യ, മാധവി തുടങ്ങി ഒത്തിരി ആർട്ടിസ്റ്റുകളും അതിൽ അഭിനയിച്ചിരുന്നു. അതിനാടകീയ മുഹൂർത്തങ്ങളുള്ള  ‘ചങ്ങാത്തം’ പ്രേക്ഷകരുടെ പ്രിയ ചങ്ങാത്തം കൊണ്ട് ഏറെ ശ്രദ്ധേയ ചിത്രമായി മാറി. 

 

തുടർന്ന് മമ്മൂട്ടിയേയും മോഹൻലാലിനെയും വച്ച് ബാലു കിരിയത്തിന്റെ പാവം പൂർണിമ, ചക്കരയുമ്മ സാജന്റെ ‘അർച്ചന ആരാധന’, സോമൻ അമ്പാട്ടിന്റെ സറീനാ വഹാബും മോഹൻലാലും അഭിനയിച്ച മനസ്സറിയാതെ, ബാലചന്ദ്രമേനോന്റെ അസോസിയേറ്റായ ആർ. ഗോപി സംവിധാനം ചെയ്ത പ്രേം നസീറും ബാലചന്ദ്രമേനോനും അഭിനയിച്ച ദൈവത്തെയോർത്ത്, ആലപ്പി അഷറഫിന്റെ  കൊട്ടും കുരവയും എന്നീ ചിത്രങ്ങളും കൂടി ഈരാളി നിർമിക്കുകയുണ്ടായി.  ഇതിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത് ആട്ടക്കലാശം എന്ന ചിത്രത്തിന്റെ തിരക്കഥാകാരനായ സലിം ചേർത്തലായാണ്.  ഇതിന്റെ കോറൈറ്ററായിട്ട് വന്നത് ഇന്നത്തെ പ്രശസ്ത സംവിധായകനും തിരക്കഥാകാരനുമായി മാറിയ ലോഹിതദാസ് ആയിരുന്നു. ഈരാളിയുടെ മദ്രാസിലെ വീട്ടിൽ വച്ചാണ് ഇതിന്റെ എഴുത്തു ജോലികൾ നടന്നിരുന്നത്. ലോഹിയുടെ ഭാവനാവിലാസം കണ്ട് കക്ഷി വലിയൊരു തിരക്കഥാകാരനാകുമെന്ന് അന്ന് ഈരാളി ഒരു പ്രവചനവും നടത്തി. കാലം ഈരാളിയുടെ വാക്കുകൾക്ക് പൊന്നിന്റെ വിലയാണ് നൽകിയത്.

 

അടുത്തതായി ഈരാളി ചെയ്തത് വളരെ പുതുമയുള്ള ഒരു കഥയായിരുന്നു, ‘അഥർവം’. തിരക്കഥാകാരനായിരുന്ന ഡെന്നിസ് ജോസഫിനെക്കൊണ്ടാണ് ഈരാളി അഥർവം സംവിധാനം ചെയ്യിച്ചത്. ഡെന്നിസിനു ഒട്ടും വിശ്വസിക്കാൻ പറ്റാത്ത ഒരു കാര്യമായിരുന്നത്.  ഇതേപോലെ തന്നെ റാഫി മക്കാർട്ടിന്റെയും സിനിമയിലേക്കുള്ള വഴി തുറന്നത് ഈരാളി ആയിരുന്നു. അഥർവത്തിൽ മമ്മൂട്ടി, സിൽക്ക് സ്മിത, പാർവതി തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഒഎൻവി, ഇളയരാജാ ടീമിന്റേതായിരുന്നു സംഗീതം. മന്ത്രതന്ത്രാദികളും പൂജയും ആചാരക്രമങ്ങളുമൊക്കെയുള്ള അഥർവം കലാപരമായി വിജയമായിരുന്നെങ്കിലും പ്രൊഡക്‌ഷൻ കോസ്റ്റ് കൂടിയതു കൊണ്ട് സാമ്പത്തികമായി പരാജയപ്പെടുകയായിരുന്നു. 

 

അഥർവത്തിന്റെ കഥ പറയുന്നതിനു മുൻപ് ആദ്യം ഡെന്നിസ് ജോസഫ് പറഞ്ഞത് കോട്ടയം കുഞ്ഞച്ചന്റെ കഥയാണ്. എന്നാൽ അഥർവത്തിന്റെ കഥ കേട്ടപ്പോൾ ഈരാളിക്ക് ഇഷ്ടപെട്ടത് അതാണ്.  ‘കോട്ടയം കുഞ്ഞച്ചൻ’ വലിയ ഹിറ്റാവുകയും അഥർവം പരാജയപ്പെപ്പെടുകയും ചെയ്‌തെങ്കിലും ഈരാളിക്ക് അതിന്റെ പേരിൽ ഒട്ടും നിരാശനായിരുന്നില്ല. നല്ലൊരു ചിത്രം ചെയ്ത സംതൃപ്തിയാണ് ഈരാളിക്ക് ഉണ്ടായിരുന്നത്.  

 

മധുസാർ ഒഴിച്ച് മലയാളത്തിലെ സൂപ്പർ താരങ്ങളായ പ്രേംനസീർ, കമല്‍ഹാസൻ, ജയൻ, മമ്മൂട്ടി, മോഹൻലാൽ, ഭാരത് ഗോപി, സുകുമാരൻ, രതീഷ് തുടങ്ങിയ എല്ലാ നായകനടന്മാരെയും വച്ച് സിനിമ എടുത്തിട്ടുള്ള ഒരേ ഒരു നിർമാതാവ് ഈരാളിയായിരിക്കും. 

 

പിന്നീട് ന്യൂജെൻ തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയപ്പോൾ ഈരാളി കുറേ കാലത്തേക്ക് സിനിമ നിർമാണം നിർത്തിവച്ചിരിക്കുകയായിരുന്നു.  ഇപ്പോൾ വീണ്ടും സിനിമകളുടെ മേച്ചിൽ പുറങ്ങളിലേക്ക് പുതിയ പുതിയ ആശയങ്ങളുമായി ഈരാളി കടന്നു വന്നിരിക്കുകയാണ്. രണ്ടു സിനിമകളുടെ പ്രാരംഭ പ്രവർത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.  അതിൽ അച്ഛനെ സഹായിക്കാനായി മകൻ വിഷ്ണു ഈരാളിയും ഈരാളിയുടെ വലംകൈ ആയിട്ടുണ്ട്. വിഷ്ണു പ്രിയദർശന്റെ കൂടെ ഹിന്ദി അടക്കം അഞ്ചാറു സിനിമകളിൽ അസ്സിസ്റ്റന്റ് ആയി ജോലി ചെയ്തിട്ടുള്ള ആളാണ്. കൂടാതെ എഡിറ്റിങിൽ നാഷണൽ അവാർഡ് നേടിയ വിവേക് ഹർഷന്റെ കൂടെ സഹായിയായി പരിശീലനം നേടിയിട്ടുമുണ്ട്.  ഇപ്പോൾ വിഷ്ണു സ്വന്തമായി ഒരു ചിത്രം ചെയ്യാനുള്ള തയാറെടുപ്പിലാണ്.

 

ഈരാളി ഇതുവരെ 16 ചിത്രങ്ങളാണ് നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുള്ളത്. ഭൂരിഭാഗം ചിത്രങ്ങളും വിജയങ്ങളുമായിരുന്നു.     

 

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com