റിയൽ ലൈഫ് ഹീറോ; ടൊവിനോയെ വാഴ്ത്തി അജു

Mail This Article
ജീവിതത്തിലും സിനിമയിലും യഥാർഥ ഹീറോയായി മാറിയ ടൊവിനോ തോമസിനെ വാഴ്ത്തുകയാണ് സമൂഹമാധ്യമങ്ങൾ. 2018 ലെ പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തി വരുന്ന ടൊവിനോയുടെ ഒരു ചിത്രം അജു വർഗീസ് ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിലുണ്ട് ടൊവിനോ എന്ന താരത്തിന്റെ കരുതലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളുടെ ആഴവും. പ്രളയകാലത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ഒരു സിനിമ ഒരുക്കിയപ്പോള്‍ അതിൽ നായകനായി എത്താനുള്ള ടൊവിനോയുടെ കടന്നുവരവും യാദൃച്ഛികമായിരുന്നില്ല. പ്രളയ കാലത്ത് ഒരു കുടക്കീഴിൽ ഒന്നിച്ചണിനിരന്ന മലയാളികൾക്കറിയാം കൂട്ടായ്മയുടെ കരുത്ത് എത്രയെന്ന്. സിനിമാ രംഗത്തുള്ളവരുടെയും കൂട്ടായ പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ‘2018’ എന്ന സിനിമയുടെ വലിയ വിജയത്തിനു കാരണവും.
പ്രളയകാലത്ത് ടൊവീനോ എന്ന പച്ചയായ മനുഷ്യന്റെ നന്മ മലയാളി തിരിച്ചറിഞ്ഞു. ടൊവീനോയെ സംബന്ധിച്ചും അത് ചില തിരിച്ചറിയലുകളുടെ കാലമായിരുന്നു. പ്രളയസമയത്ത് ടൊവിനോ ചെയ്തത് പിആര്‍ വര്‍ക്കാണെന്ന തരത്തിൽ വിമര്‍ശനം ഉയർന്നിരുന്നു. അത്തരം വിമർശനങ്ങള്‍ വ്യക്തിപരമായി തന്നെ ഒരുപാട് വേദനപ്പിച്ചതായി പിന്നീട് താരം തന്നെ പൊതുവേദിയിൽ പറയുകയും ചെയ്തു. ഇപ്പോഴിതാ ആ വിമർശനങ്ങളൊക്കെ അംഗീകാരങ്ങളായി മാറുകയാണ്.
‘മായാനദി’ ഇറങ്ങിയതുകൊണ്ടാണ് നദികള്‍ കവിഞ്ഞൊഴുകിയതെന്നുവരെ പറഞ്ഞു: ടൊവിനോ തോമസ്
‘2018’ സിനിമയിൽ അനൂപ് എന്ന നാട്ടിൻപുറത്തുകാരനായി മനോഹരമായ പ്രകടനമാണ് ടൊവിനോ കാഴ്ചവച്ചത്. പട്ടാളത്തിൽ നിന്ന് പേടിച്ചോടി പിന്നീട് നാടിന്റെ യഥാർഥ ഹീറോയായി മാറുന്ന അനൂപ് എന്ന ചെറുപ്പക്കാരനായി ടൊവിനോ ജീവിക്കുകയായിരുന്നു. സിനിമ കണ്ടിറങ്ങുന്നവർക്ക് പലർക്കും അനൂപിനെ സ്വന്തം ജീവിതത്തിലേക്കു പകർത്താനാകും. അല്ലെങ്കിൽ ഇങ്ങനെയൊരാളിനെ പ്രേക്ഷകനും ജീവിതത്തിലെപ്പോഴെങ്കിലും കണ്ടിട്ടുണ്ടാകും, പരിചയപ്പെട്ടിട്ടുണ്ടാകും. ടൊവിനോയുെട അഭിനയജീവിതത്തിലെ മറക്കാനാകാത്ത കഥാപാത്രം തന്നെയാണ് 2018ലെ അനൂപ്.