സിനിമാ ജീവിതത്തിലെ ഇന്നസന്റ് അങ്കിളിന്റെ അവസാന ഡയലോഗ്: അഖിൽ പറയുന്നു

M-414455
അഖിൽ സത്യനും ഫഹദ് ഫാസിലും
SHARE

സെക്കൻഡ് ഷോ കഴിഞ്ഞ് അച്ഛൻ വരുന്നതും കാത്തിരിക്കുകയായിരുന്നു അഖിൽ സത്യൻ. വീട്ടിൽ എല്ലാവരും അഖിലിന്റെ ആദ്യ സിനിമ കാണാൻ പോയതാണ്. സിനിമ കണ്ട് തിരിച്ചു വന്ന സത്യൻ അന്തിക്കാട് മകൻ അഖിലിന്റെ തോളിൽ കൈവച്ചു. പിന്നീടു വലതു കൈ നീട്ടി ഒരു ഷേക്ക് ഹാൻഡ്!

അഖിൽ പറയുന്നു : അച്ഛൻ തരുന്ന ആദ്യ ഷേക്ക് ഹാൻഡാണ്. 37 വർഷത്തിനിടയിൽ ആദ്യം. സിനിമ നന്നായി ശ്രദ്ധിക്കപ്പെടുന്നു എന്നതുപോലെ തന്നെ വലുതായിരുന്നു അച്ഛന്റെ ഈ അഭിനന്ദനം !ആദ്യ സിനിമയുടെ ആഘോഷ വേളയിൽ പുതുമുഖ സംവിധായകൻ അഖിൽ സത്യൻ സംസാരിക്കുന്നു.

∙അച്ഛനൊടൊപ്പം മാത്രമല്ലേ സിനിമയിൽ ജോലി ചെയ്തിട്ടുള്ളു...

10 വർഷം 6 സിനിമകൾക്കുവേണ്ടി പ്രവർത്തിച്ചു. അതിൽ 5 സിനിമയിലും ഞാൻ ജോലിക്കാരൻ മാത്രമായിരുന്നു. ഞാൻ പ്രകാശൻ എന്ന സിനിമയുടെ തിരക്കഥ എഴുതുമ്പോൾ മുതൽ അച്ഛൻ എന്നോടും കഥയെക്കുറിച്ചു പറഞ്ഞുതുടങ്ങി.  ഞാൻ പറഞ്ഞ പല നിർദേശങ്ങളും അച്ഛൻ സ്വീകരിച്ചു.  ആ സിനിമയുടെ ഷൂട്ട് കഴിഞ്ഞ ദിവസമാണു സ്വന്തമായി സിനിമ ചെയ്യാൻ എനിക്കു ധൈര്യമുണ്ടായത്.  പാച്ചുവും അത്ഭുത വിളക്കും എന്ന എന്റെ സിനിമ ഷൂട്ടു ചെയ്യുമ്പോൾ മനസ്സിലായി സിനിമയുടെ കയ്യടക്കമാണ് ‍അച്ഛൻ എന്നെ പഠിപ്പിച്ചതെന്ന്.  

M-4144111

∙ ചെറുപ്പക്കാരായ പല പ്രമുഖരും ഈ സിനിമയിലുണ്ടല്ലോ..

ജസ്റ്റിൻ പ്രഭാകർ എന്ന സംഗീത സംവിധായകന്റെ ഡിയർ കോമ്രേഡ് എന്ന സിനിമയിലെ പാട്ടു കേട്ടാണ് ഞാൻ എന്റെ സിനിമയിലെ പ്രണയ രംഗങ്ങൾ എഴുതിയത്. ജസ്റ്റിനെ അന്നെനിക്കു പരിചയമില്ല. ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തുമില്ല.  ഒരു ദിവസം തിരിച്ചു വിളിച്ചിട്ടു പറഞ്ഞു നമ്മൾ തൊട്ടടുത്താണ് താമസിക്കുന്നതെന്ന്.  ഞാൻ കഥ പറഞ്ഞു.  അപ്പോൾ ജസ്റ്റിൽ അതിലെ ഒരു പ്രധാന സീനിൽ തിരുത്തു പറഞ്ഞു. അങ്ങനെയാണ് ജസ്റ്റിൻ ഈ സിനിമയിലേക്കു വന്നത്. 

രാജ്യത്തെ മികച്ച സിങ്ക് സൗണ്ട് എൻജിനീയറായ അനിൽ രാധാകൃഷ്ണൻ,  പീകു പോലുള്ള സിനിമകൾ ചെയ്ത സിയോജ് ജോസഫ്, ഹിന്ദിയിലെ വൻകിട കലാ സംവിധായകനായ രാജീവ്,  ക്യാമറ ചെയ്യാൻ മുംബൈയിൽനിന്നെത്തിയ ശരൺ വേലായുധൻ.  ഇവരെല്ലാം വലിയ സാങ്കേതിക വിദഗ്ധരും അത്രയും തന്നെ വലിയ മനുഷ്യരുമാണ്. ഈ സിനിമയുടെ നിർമാണകാലം മൂന്നുവർഷം നീണ്ടപ്പോഴും കൂടെ നിന്നയാളാണു നിർമാതാവ് സേതു മണ്ണാർക്കാട്.  നല്ല മനുഷ്യർ കൂടെയുണ്ടാകുക എന്നതാണു വലിയ കാര്യം. 

M-414488

∙ കഥാപാത്രങ്ങൾക്കു പറ്റിയ ആളുകൾക്കു വേണ്ടി ഏറെ അലഞ്ഞുവല്ലേ?

മാസങ്ങളോളം ശ്രമിച്ചു.  ഒടുവിൽ രാജ്യത്തെ മികച്ച കാസ്റ്റിങ് ഡയറക്ടർമാരിലൊരാളായ ഗായത്രി സ്മിതയെ വിളിച്ചു.  പ്രകാശ് വർമയെപ്പോലുള്ള വലിയ പരസ്യ സംവിധായകരുടെ കാസ്റ്റിങ് ഡയറക്ടറാണവർ.  മലയാളത്തിന്റെ ബജറ്റിന് അവരെ താങ്ങാനാകില്ല. 

ബെംഗളൂരുവിലെ കോഫി ഷോപ്പിൽ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഫോണിൽനിന്നൊരു ഫോട്ടോയെടുത്തു കാണിച്ചിട്ട് ഗായത്രി ചോദിച്ചു; ഈ കുട്ടിപോരേ എന്ന്.  ഉമ്മച്ചിയുടെ കാര്യം പറഞ്ഞപ്പോൾ പെട്ടെന്ന് ആരെയൊക്കെയോ വിളിച്ചും ഗൂഗിളിൽ തിരഞ്ഞുമാണ് വിജി വെങ്കിടേഷിനെ കണ്ടെത്തിയത്. 

M-414499

വലിയൊരു എൻജിഒ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന വിജിക്ക് അതുവരെ സിനിമയുമായി ഒരു ബന്ധവുമില്ല. നായികയായ അഞ്ജന ജയപ്രകാശിനെ പരിഗണിച്ചതു വേറെ ചെറിയ റോളിനായിരുന്നു. അവർക്കു വായിക്കാൻ അയച്ചു കൊടുത്ത കഥയുടെ ഭാഗം മാറിപ്പോയി. നായികയുടെ ഭാഗമാണ് അയച്ചു കൊടുത്തത്.  ആ ഭാഗം അതിമനോഹരമായി അഭിനയിച്ച് അവർ വിഡിയോ അയച്ചു തന്നു. സത്യത്തിൽ ഒരോന്നായി അങ്ങനെ ഈ സിനിമയിൽ വന്നു ചേരുകയായിരുന്നു.

∙ ഇന്നസന്റിന്റെ അവസാന സിനിമ... 

ഞാൻ സിനിമ എഴുതാൻ തുടങ്ങുന്നു എന്നറിഞ്ഞതു മുതൽ ഇന്നസന്റ് അങ്കിൾ ഇടയ്ക്കിടെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുമായിരുന്നു. അങ്കിൾ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്.  ആദ്യം എഴുതി വന്നപ്പോൾ അദ്ദേഹത്തിന് പറ്റിയ കഥാപാത്രമില്ലായിരുന്നു. പിന്നീട് ആ കഥാപാത്രത്തെയും എഴുതിച്ചേർത്തു.  സിനിമാ ജീവിതത്തിലെ ഇന്നസന്റ് അങ്കിളിന്റെ അവസാന ഡയലോഗ് ‘കൺഗ്രാജുലേഷൻസ് ’എന്നായിരുന്നു. അതു കേട്ടു ജനം ചിരിച്ചുകൊണ്ടു കയ്യടിച്ചു. ഈ സിനിമ കണ്ടിരുന്നെങ്കിലും ഒരു പക്ഷേ അങ്കിൾ എന്നോട് ഇതുതന്നെ പറയുമായിരുന്നു.

M-414444

 

∙സഹോദരൻ അനൂപ് സത്യൻ സിനിമയിൽ ഇടപെട്ടിരുന്നോ?

സിനിമയുടെ പ്രിവ്യൂ കണ്ടപ്പോൾ ഒരു മിനിറ്റുള്ള ഒരു ഭാഗം വെട്ടിക്കളയാ‍ൻ പറഞ്ഞു. അതിനു മുൻപുള്ള നിർണായകമായ ഭാഗം ഏറെ മനോഹരമായത് ആ കട്ടിനു ശേഷമാണ്. കസിൻസായ ദീപു അന്തിക്കാട്, ഷിബു അന്തിക്കാട് എന്നിവർക്കൊപ്പം 5 വർഷം പരസ്യങ്ങൾ സംവിധാനം ചെയ്യാൻ പഠിച്ചിരുന്നു. ഇതു വലിയൊരു പാഠപുസ്തകമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS