താനൂർ ബോട്ടപകടം; മരണമടഞ്ഞ 22 കുടുംബങ്ങൾക്കും ഓരോ ലക്ഷം രൂപ സഹായമായി നല്കാൻ ‘2018’ ടീം

Mail This Article
താനൂരിൽ വിനോദയാത്ര ബോട്ട് മറിഞ്ഞ് മരണമടഞ്ഞ കുടുംബാംഗങ്ങൾക്ക് സഹായവുമായി ‘2018’ സിനിമയുടെ അണിയറ പ്രവർത്തകർ. മരണമടഞ്ഞ 22 കുടുംബങ്ങൾക്കും ഓരോ ലക്ഷം രൂപ വീതം സഹായമായി നൽകുെമന്ന് സിനിമയുടെ നിർമാതാക്കൾ അറിയിച്ചു. പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിലെ പൂരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിനുസമീപം രാത്രി ഏഴോടെയായിരുന്നു മലയാളകളെ നടുക്കിയ ദുരന്തം സംഭവിച്ചത്.
അപകടത്തിൽപെട്ട് മരിച്ച കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കും. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ധർ അടക്കമുള്ള ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കും. കൂടാതെ പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണവുമുണ്ടാകും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കും. തിരൂരിൽ എത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ശേഷം താനൂരിൽ അവലോകന യോഗം ചേർന്നു. ഇതിനുശേഷമാണു തീരുമാനം പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. സംസ്കാരം നടക്കുന്ന മദ്രസയിലും എത്തി. 8 മന്ത്രിമാരും ഡിജിപിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദർശിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പരപ്പനങ്ങാടിയിൽ പൊതുദർശനത്തിനുവച്ചു. ഇതിനുശേഷമാകും സംസ്കാരചടങ്ങുകൾ. 22 പേരാണ് ദുരന്തത്തിൽ മരിച്ചതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 11 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ 10 പേർക്ക് പരുക്കേറ്റു. അതിൽ 8 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 2 പേർ ആശുപത്രി വിട്ടു. 5 പേർ നീന്തി രക്ഷപ്പെട്ടു.