ADVERTISEMENT

സിനിമ എന്ന യന്ത്രവൽകൃത കല ആദ്യമായി ഇന്ത്യയിലെത്തി, രണ്ടു മൂന്നു ഹിന്ദി ചിത്രങ്ങൾ പുറത്തു വന്ന ശേഷമാണ് ‘അമ്മ’ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചലച്ചിത്രങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. ഹിന്ദിയിലാണ് അതിന്റെ തുടക്കമെങ്കിലും തമിഴിലാണ് നായികാനായകന്മാരെക്കാൾ അമ്മക്കഥാപാത്രങ്ങൾക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടുള്ള കൂടുതൽ ചലച്ചിത്ര സൃഷ്ടികളുടെ വരവുണ്ടായത്. അമ്മ എന്ന രണ്ടക്ഷരത്തിന് അത്രമാത്രം മഹത്വം നൽകുന്ന ഒരു ജനതയാണല്ലോ തമിഴ് മക്കൾ. ‘അവ്വയാർ’ എന്ന ഒറ്റച്ചിത്രം തന്നെ അതിന് ഉദാഹരണമാണ്. അന്നത്തെ തമിഴ് സിനിമയിലെ പ്രധാനപ്പെട്ട അമ്മ മുഖങ്ങളായിരുന്നു കണ്ണാംബ, ടി.എ. മധുരം, പണ്ഡരി ഭായി, എം.വി.രാജമ്മ, മുത്തുലക്ഷ്മി, മനോരമ തുടങ്ങിയവർ. ഒരമ്മയുടെ സ്വകാര്യ ദുഃഖങ്ങളും അതി നാടകീയ മുഹൂർത്തങ്ങളും ശിവാജി ഗണേശനെപ്പോലെ നെടുനീളൻ ഡയലോഗുകളും കൊണ്ട് തിരശ്ശീലയെ പ്രകമ്പനം കൊള്ളിച്ചിരുന്ന അതുല്യ പ്രതിഭയായിരുന്നു കണ്ണാംബ.

തമിഴ് സിനിമ കഴിഞ്ഞാൽ അമ്മക്കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി കൂടുതൽ സിനിമകൾ നിർമിച്ചിരുന്നത് മലയാളത്തിലാണ്. ആദ്യകാല അമ്മതാരങ്ങളിൽ ഏറ്റവും കൂടുതൽ അറിയപ്പെട്ടിരുന്നത് ആറന്മുള പൊന്നമ്മയായിരുന്നു. എല്ലാ സിനിമകളിലും നന്മയുടെ നിറകുടമായ, സ്നേഹമയിയായ, ഒരു പഞ്ചപാവം അമ്മയുടെ രൂപഭാവമായിരുന്നു ആറന്മുള പൊന്നമ്മയുടേത്. ആ സമയത്തുതന്നെ ഉണ്ടായിരുന്ന മറ്റൊരു അമ്മതാരമായിരുന്നു പങ്കജവല്ലി. ആദ്യമായി ‘ജീവിത നൗക’യിൽ വില്ലത്തി വേഷം കെട്ടി വന്നതുകൊണ്ടായിരിക്കാം പിന്നീടു വന്ന ഒട്ടുമിക്ക ചിത്രങ്ങളിലും പോരുകാരിയായ അമ്മായിയമ്മ കഥാപാത്രങ്ങൾ അവർക്ക് കിട്ടാൻ കാരണം. പങ്കജവല്ലിക്കു ശേഷം വന്നവരാണ് അടൂർ ഭവാനി, ടി.ആർ.ഓമന, സുകുമാരി, അടൂർ പങ്കജം, കവിയൂർ പൊന്നമ്മ തുടങ്ങിയവർ. നാടകത്തിൽ നിന്നാണ് കവിയൂർ പൊന്നമ്മച്ചേച്ചിയുടെ സിനിമാ പ്രവേശനം.

ആറന്മുള പൊന്നമ്മയെക്കാൾ നല്ല അമ്മ വേഷങ്ങൾ ചെയ്ത് സവിശേഷമായ ഒരു അഭിനയശേഷി കൈമുതലായി ഉള്ളതുകൊണ്ടാകാം അമ്മക്കഥാപാത്രങ്ങൾക്ക് ഏറ്റവും അനുയോജ്യയായ നടിയെന്ന പേര് പൊന്നമ്മ ചേച്ചിക്ക് ലഭിച്ചത. അന്നത്തെ സൂപ്പർഹിറ്റ് സംവിധായകനായ ശശികുമാർ സംവിധാനം ചെയ്ത ‘കുടുംബിനി’ യിൽ ഷീലയുടെ അമ്മയായിട്ടഭിനയിച്ചു കൊണ്ടാണ് ഷീലയെക്കാൾ പ്രായം കുറവുള്ള പൊന്നമ്മച്ചേച്ചിയുടെ കടന്നു വരവ്. കുടുംബിനിയിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോൾ പിന്നെ നിർമാതാക്കൾക്കും സംവിധായകർക്കുമെല്ലാം പൊന്നമ്മച്ചേച്ചിയുടെ അമ്മവേഷത്തിനോടായി കൂടുതൽ താൽപര്യം.

സത്യനും മധുവും നായകന്മാരായി അഭിനയിച്ച ‘തൊമ്മന്റെ മക്കളിൽ’ അവരുടെ രണ്ടു പേരുടെയും അമ്മയായി പൊന്നമ്മച്ചേച്ചി കളം നിറഞ്ഞാടിയെന്ന് കേട്ടപ്പോൾ അന്നു ഞാൻ ശരിക്കും അദ്ഭുതപ്പെട്ടുപോയിരുന്നു. 1971 ൽ പുറത്തിറങ്ങിയ 'നദി' എന്ന ചിത്രത്തിൽ തിക്കുറിശ്ശിയുടെ ഭാര്യയായും ‘പെരിയാറി’ൽ തിലകന്റെ അമ്മയായുമൊക്കെ അഭിനയിച്ച പൊന്നമ്മ ചേച്ചി പിന്നീട് തിലകന്റെ ഭാര്യയായും ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിൽ സത്യന്റെ നായികയായുമൊക്കെ വന്ന് പ്രേക്ഷക മനസ്സുകളിൽ വിസ്മയം ജനിപ്പിച്ചു. സ്ത്രീ കഥാപാത്രങ്ങളിൽ ഇത്രയും വ്യത്യസ്തമായ വേഷപ്പകർച്ച നടത്തിയിട്ടുള്ള മറ്റൊരു അഭിനേത്രി മലയാളത്തിൽ വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ഈ അമ്മവേഷങ്ങളിൽ അഭിനയിക്കുന്ന സമയത്തു തന്നെയാണ് ‘റോസി’യിൽ നായികയായി വരുന്നതും. പിന്നീടു നായികയുടെ ചേച്ചിയും ചേട്ടത്തിയും അമ്മായിയുമൊക്കെയായി വന്നതിനു ശേഷമാണ് മലയാള സിനിമയിലെ സ്ഥിരം അമ്മത്താരമായി പൊന്നമ്മ ചേച്ചി മാറുന്നത്. സഹപ്രവർത്തകരുമായി വളരെ ഹൃദ്യമായ സൗഹൃദബന്ധം പുലർത്തിയിരുന്ന പൊന്നമ്മച്ചേച്ചിയെ കൂടുതൽ അടുപ്പമുള്ളവർ പൊന്നു എന്നാണു വിളിച്ചിരുന്നത്. ആ പൊന്നുവിനെ പി.എം. മേനോൻ സംവിധാനം ചെയ്ത ‘റോസി’ എന്ന ചിത്രത്തിന്റെ നിർമാതാവായ മണിസ്വാമി തന്റെ ജീവിതത്തിലെ പൊന്നായി കൂടെ കൂട്ടുകയായിരുന്നു.

ആദ്യകാലം മുതലുള്ള എല്ലാ നായകന്മാരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായിട്ടാണ് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുള്ളത് ഇപ്പോൾ പൊന്നമ്മച്ചേച്ചിയുടെ സിനിമാ സപര്യയ്ക്ക് നീണ്ട അറുപതാണ്ടിന്റെ കാലപ്പഴക്കം ഉണ്ടെങ്കിലും മലയാള സിനിമയിൽ എല്ലാം തികഞ്ഞ മുഖപ്രസാദമുള്ള ഐശ്വര്യവതിയായ ഒരമ്മയെത്തേടുമ്പോൾ സംവിധായകനും നിർമാതാക്കളുമൊക്കെ ആദ്യം പോകുന്നത് കവിയൂർ പൊന്നമ്മ ചേച്ചിയുടെ സാന്നിധ്യം തേടിയാണ്. ചെറിയ ശാരീരികാസ്വാസ്ഥ്യങ്ങളൊക്കെ ഉള്ളതുകൊണ്ട് ഇപ്പോൾ അഭിനയത്തോട് അൽപം അകലം പാലിച്ചു നിൽക്കുകയാണവർ. താൻ ഇതുവരെ െചയ്യാത്ത വ്യത്യസ്തമായ ഒരു വേഷവുമായി ആരെങ്കിലും വന്നാൽ ഇനിയും ഒരു കൈ നോക്കാനും പൊന്നമ്മച്ചേച്ചി തയാറാണ്.

kaviyoor-ponnamma

ഞാൻ തിരക്കഥ എഴുതിയ ഒത്തിരി സിനിമകളിൽ പൊന്നമ്മച്ചേച്ചി അഭിനയിച്ചിട്ടുണ്ടെങ്കിലും ജയരാജ് സംവിധാനം ചെയ്ത കുടുംബസമേതത്തിലെ അമ്മ വേഷമാണ് എനിക്ക് ഏറ്റവും ഇഷ്ടം. ആദ്യകാലത്ത് പൊന്നമ്മച്ചേച്ചിയുടെ സിനിമകളൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഞാൻ അവരെ നേരിൽ കാണുന്നത് 1974 ൽ ആണെന്നാണ് ഓർമ. ഞാനന്ന് ചിത്രപൗർണമി സിനിമാ വാരിക നടത്തുന്ന സമയമാണ്. എന്നും വൈകുന്നേരങ്ങളിൽ ഒത്തുചേരുന്ന ഞങ്ങളുടെ ചിത്രപൗർണമി കൂട്ടായ്മയിൽ ഒരു ദിവസം പെട്ടെന്നായിരുന്നു പുതിയ ഒരു ആശയം രൂപംകൊണ്ടത്– മലയാള സിനിമയുടെ അന്നേവരെയുള്ള ചരിത്രമടങ്ങിയ ഒരു വലിയ ഗ്രന്ഥം പുറത്തിറക്കുക.

ജോൺപോളിന്റേതായിരുന്നു ഈ ആശയം. ഞാനും ജോണും സിനിമ എന്ന മായിക ലോകത്തില്‍ എത്തിപ്പെടുമെന്ന് വെറും പാഴ്ക്കിനാവിൽ പോലും കാണാത്തതുകൊണ്ടാണ് ഇങ്ങനെയൊരു സിനിമാ ചരിത്രം പുറത്തിറക്കണമെന്നുള്ള ആഗ്രഹം ഞങ്ങളുടെ മനസ്സിൽ കടന്നുകൂടിയത്. അതിനുവേണ്ടി ജോൺ പോളും ഞാനും കൂടി ആദ്യം പോയി കണ്ടത് കവിയൂർ പൊന്നമ്മച്ചേച്ചിയുടെ ഭർത്താവും സിനിമ പണ്ഡിതനും തിരക്കഥാകാരനും സംവിധായകനും നിർമാതാവുമൊക്കെയായിരുന്ന മണിസ്വാമിയെ ആയിരുന്നു.

mohanlal-kaviyoor-ponnamma

അന്ന് മണിസ്വാമിയും പൊന്നമ്മച്ചേച്ചിയും താമസിച്ചിരുന്നത് മദ്രാസിലെ ഒരു രണ്ടു നില വീടിന്റെ മുകള്‍ നിലയിലായിരുന്നു. ഞങ്ങൾ മണിസ്വാമിയെ ചെന്നു കണ്ട് ഞങ്ങളുടെ ആശയം അദ്ദേഹത്തിന്റെ മുൻപിൽ മലർക്കെ തുറന്നിട്ടു. അദ്ദേഹം അൽപനേരമിരുന്ന് ആലോചിച്ചിട്ട് പറഞ്ഞു.

‘‘ആശയം നല്ലത്. ഇത് പ്രാവർത്തികമാക്കാൻ വലിയ ബുദ്ധിമുട്ടാകും’’.

പിന്നെ അതിന്റെ വരുംവരായ്കകളെക്കുറിച്ചൊക്കെ മണി സ്വാമി ഞങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോൾ മലയാള സിനിമാ ചരിത്രവുമായി മുന്നോട്ടു പോയാൽ തന്റെ കാനറാ ബാങ്കിലെ ഉദ്യോഗത്തിന് സുല്ലിടേണ്ടി വരുമെന്ന് ജോണിന് തോന്നി. ഒത്തിരി ആളുകളെ പോയി കണ്ട് മാസങ്ങളോളം അതിന്റെ കൂടെ നടന്ന് അന്നം മുടങ്ങുന്ന അവസ്ഥയുണ്ടായാൽ....? അങ്ങനെയാണ് ഞങ്ങൾ സിനിമാ ചരിത്രത്തിന്റെ പണിപ്പുരയിൽനിന്നു പിന്മാറുന്നത്. മണി സ്വാമിയോട് ഒരു തീരുമാനവും പറയാതെ ഞങ്ങള്‍ മൗനം പൂണ്ടിരിക്കുന്നതു കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘നിരാശയൊന്നും വേണ്ട, നമുക്ക് പിന്നീടു നോക്കാം.’’

അന്നത്തെ സംസാരത്തിന്റെ ബ്രേക്ക് ടൈമിലാണ് ഞാൻ കവിയൂർ പൊന്നമ്മച്ചേച്ചിയെ ആദ്യമായി നേരിൽ കാണുന്നത്. ചായയും ബേക്കറി പലഹാരങ്ങളുമായി ഒരു കുടുംബിനിയുടെ വേഷപ്പകർച്ചയോടെ ആദ്യമായി വന്നുനിന്നു ആ കാഴ്ച ഇന്നും എന്റെ മനസ്സിൽ നിറം മങ്ങാതെ നിൽപുണ്ട്. അന്ന് അവിടെ വച്ച് മറ്റൊരു അനുഭവം കൂടി ഉണ്ടായി. പിൽക്കാലത്ത് പ്രശസ്ത നടിയായി മാറിയ ശ്രീദേവിയും കുടുംബവും അന്ന് താമസിച്ചിരുന്നത് പൊന്നമ്മച്ചേച്ചിയുടെ വീടിന്റെ താഴത്തെ നിലയിലായിരുന്നു. ഞങ്ങൾ മണിസാറിനെയും കണ്ട് പുറത്തേക്കിറങ്ങിയപ്പോഴാണ് പന്ത്രണ്ടു പതിമൂന്നു വയസ്സുള്ള ഒരു പെൺകുട്ടി സ്കൂളില്‍ പോയിട്ടു വൈകുന്നേരം സൈക്കളും ചവിട്ടി വീട്ടിലേക്ക് വരുന്നത് കണ്ടത്.

സുന്ദരിയായ ആ കൊച്ചു മിടുക്കിയെ ഞാൻ ശ്രദ്ധിച്ചെങ്കിലും ആരാണ് ഈ കുട്ടിയെന്ന് അറിയില്ലായിരുന്നു. ജോൺ പറഞ്ഞാണ് ഞാനറിയുന്നത്.
‘‘എടാ ഈ കുട്ടി ഏതാണെന്നറിയില്ലേ? നീലായുടെ കുമാരസംഭവത്തിൽ മുരുകനായിട്ടഭിനയിച്ചത് ഈ കുട്ടിയാണ്.’’ അന്ന് സിനിമയിൽ കൊച്ചു പെൺകുട്ടികളെ ആൺകുട്ടികളുടെ വേഷത്തിൽ അഭിനയിപ്പിക്കുക സർവസാധാരണമായിരുന്നു. വേറെയും ചില തമിഴ് ചിത്രങ്ങളിലും ഈ കുട്ടി ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

‘കുമാരസംഭവം’ ഞാൻ കണ്ടതാണെങ്കിലും ആ കുട്ടി തന്നെയാണ് ഈ പെൺകുട്ടിയെന്ന് എനിക്കു വിശ്വസിക്കാനായില്ല. ജോൺ പോൾ പറഞ്ഞത് ശരിയായിരിക്കാം. പണ്ടു മുതലേ നല്ല ഒാർമ ശക്തിയുള്ള ആളാണ് ജോൺ. ജോൺ മരിക്കുന്നതിന് ആറു മാസം മുൻപ് ഞങ്ങൾ തമ്മിൽ എന്തോ കാര്യം ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ശ്രീദേവി വിഷയമായി വന്നു. അന്നും ജോൺ പോൾ എന്നോട് പറഞ്ഞു.


‘‘എടാ, നിനക്ക് ഓർമയുണ്ടോ? പണ്ട് നമ്മൾ മണി സ്വാമിയെ കാണാൻ പോയപ്പോൾ കൗമാരക്കാരിയായ ശ്രീദേവിയെ കണ്ടത്? പാവം ആ കുട്ടിയും പോയി. ’’

പിന്നീട് ശ്രീദേവി സിനിമാ നടിയായി ഐ.വി. ശശിയുടെ ‘ആലിംഗന’ത്തിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ ഹൈദരാബാദിൽ വച്ച് ഞാൻ അവരെ കാണുകയുണ്ടായി. അവരോട് ഇക്കാര്യം ചോദിക്കണമെന്ന് ഞാൻ കരുതിയതാണ്. പക്ഷേ അന്ന് ചോദിക്കാൻ എനിക്ക് സമയം കിട്ടിയില്ല.

kaviyoor-ponnamma-2

വീണ്ടും പൊന്നമ്മച്ചേച്ചിയിലേക്ക് വരാം. നീണ്ട അറുപതാണ്ടു കൊണ്ട് എഴുനൂറിൽപരം സിനിമകളിലാണ് പൊന്നമ്മ ചേച്ചി അഭിനയിട്ടുള്ളത്. നാലു തവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ആലുവാപ്പുഴയുടെ തീരത്ത് പൊന്നമ്മ ചേച്ചിയെപ്പോലെ തന്നെ കുലീനത്വമുള്ള, മനോഹരമായ, ശ്രീപദം എന്നു പേരുള്ള വീട്ടിൽ ഭർത്താവിനെക്കുറിച്ചുള്ള ദുഃഖസ്മരണകളുമായി ജീവിക്കുകയാണ് അവർ.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com