ADVERTISEMENT

മലയാള സിനിമ ചരിത്രത്തിൽ ഇതുവരെ മറ്റാർക്കും കൈവരിക്കാൻ സാധിക്കാത്ത ഒരു അപൂർവ നേട്ടത്തിനുടമയായിരിക്കുകയാണ് ‘2018’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. തന്റെ നൂറാം ചിത്രമായ ‘2018’ നൂറു കോടി ക്ലബ്ബിൽ ഇടം നേടിയതോടെയാണ് മറ്റാർക്കും ലഭിക്കാത്ത ഈ അപൂർവ നേട്ടം കുഞ്ചാക്കോ ബോബന് സ്വന്തമാകുന്നത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണ് ‘2018’. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച ഷാജി എന്ന കഥാപാത്രം ഏറെ പ്രേക്ഷകനിരൂപക പ്രശംസകളും കയ്യടികളും നേടി മുന്നേറുകയാണ്. ഉള്ളിലെ ഞെട്ടലും അമർഷവും ദേഷ്യവും ഉൾക്കൊണ്ട് നിസ്സഹായാവസ്ഥയിൽ നിൽക്കുന്ന ഷാജി മലയാളികളുടെ മനസ്സിൽ നിന്നും മായാനിടയില്ലാത്ത ചാക്കോച്ചൻ കഥാപാത്രമാണെന്നതും നിസ്സംശയം പറയാം. 

 

ഇക്കഴിഞ്ഞ മാർച്ച് 26നാണ് ‘അനിയത്തിപ്രാവ്’ എന്ന കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രം 25 വർഷം പൂർത്തിയാക്കിയത്. 1981-ൽ അച്ഛൻ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കുഞ്ചാക്കോ ബോബൻ അഭിനയരംഗത്തെത്തുന്നത്. പഠനകാലത്തിന് ശേഷം ഫാസിൽ തന്നെ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബൻ നായകനിരയിലേക്ക് എത്തുന്നത്. താരമൂല്യം കൊണ്ട് ഒട്ടേറെ ചിത്രങ്ങൾ ആ സമയത്ത് ചെയ്ത നടൻ പിന്നീട് സിനിമ രംഗത്തുനിന്നും ഒരല്പം മാറി നിന്നിരുന്നു. 

 

നോട്ടത്തിലും ഭാവത്തിലും രൂപത്തിലും ചോക്ലേറ്റ് പയ്യൻ എന്ന ഇമേജിൽ നിന്നും മാറ്റം വരുത്തിക്കൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്റെ തിരിച്ചുവരവ്. പിന്നീടങ്ങോട്ട് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മേക്കോവറുകൾ പരീക്ഷിക്കാനും അദ്ദേഹം ശ്രമിച്ചു. അഭിനയത്തിന് ഒരിടവേളയെടുത്ത നടന്റെ തിരിച്ചുവരവിലെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലെ വൈവിധ്യവും ശ്രദ്ധേയമാണ്. അതിന് ഉത്തമ ഉദാഹരണങ്ങളാണ് 'ട്രാഫിക്കി'ലെ നിർണായക കഥാപാത്രമായ ഡോ.ഏബലും ‘വേട്ട’യിലെ മെൽവിൻ ഫിലിപ്പും. 

2011നു ശേഷം കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് ഭാഗ്യനാളുകളായിരുന്നു. 

 

ട്രാഫിക്ക്, സീനിയേര്‍സ്, മല്ലു സിങ്, റോമന്‍സ്, ഓര്‍ഡിനറി പോലുളള സിനിമകളും താരത്തിന്റെ തിരിച്ചുവരവില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് പറയാം. 2020 ൽ പുറത്തിറങ്ങിയ അഞ്ചാം പാതിര എന്ന ത്രില്ലറാണ് അൻപത് കോടി ക്ലബ്ബിൽ കയറുന്ന കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രം. തനിക്ക് കിട്ടുന്ന കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിൽ അവതരിപ്പിക്കാൻ ഏതറ്റം വരെയും സഞ്ചരിക്കാനും നടൻ തയാറാണ് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു 'ന്നാ താൻ കേസുകൊട്' എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ കൊഴുമ്മൽ രാജീവൻ. നായക പ്രതി നായക വേഷങ്ങളിൽ തിളങ്ങുമ്പോൾ അഭിനയ രംഗത്ത് തന്റേതായ ഇടമുറപ്പിക്കാനും കുഞ്ചാക്കോ ബോബന് കഴിഞ്ഞിട്ടുണ്ട്.

 

255 ദിവസങ്ങളിലേറെ തിയറ്ററുകളിൽ ഓടിയ അനിയത്തിപ്രാവും റിലീസ് ചെയ്ത ദിവസങ്ങൾക്കകം 100 കോടി ക്ലബ്ബിൽ കയറിയ 2018നും മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ രണ്ടു കുഞ്ചാക്കോ ബോബൻ ചിത്രങ്ങളും മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഹിറ്റായത്. അതായത് വലിയ പരസ്യങ്ങളുടെ അകമ്പടികൾ ഇല്ലാത്ത തന്നെ പ്രേക്ഷകർ ഹിറ്റാക്കിയ ചിത്രങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com