പന്ത്രണ്ട് മണിക്ക് മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

mohanlal-mammootty
SHARE

നടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി. മെയ് 21നാണ് മോഹൻലാൽ ജന്മദിനം ആഘോഷിക്കുന്നത്. അർധരാത്രിയിൽ തന്നെയാണ് മമ്മൂട്ടി ജന്മദിനാശംസകൾ നേർന്നത്. ഇരുവരും ഒരുമിച്ച് കൈകോർത്ത് നിൽക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു മമ്മൂട്ടിയുടെ ആശംസ. 

നരേന്ദ്രനിൽ തുടങ്ങി കാളിദാസ് വരെ നിൽക്കുന്ന ആ നടന ഇതിഹാസം മലയാളികൾക്ക് സ്വന്തം കുടുംബാംഗമാണ്.  മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻവേഷത്തിൽ സിനിമാജീവിതം തുടങ്ങിയ മോഹൻലാൽ  ഇപ്പോൾ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കികൂടി അണിയുകയാണ്. പിറന്നാൾ ദിനത്തിൽ ലൂസിഫർ രണ്ടാംഭാഗമായ എംപുരാന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

1980ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലനായിട്ടാണ് എത്തിയതെങ്കിലും പിന്നീട് ലാലിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.  ഒരല്പം ചരിഞ്ഞ നടത്തവുമായി വന്ന നരേന്ദ്രൻ എന്ന ആ വില്ലൻ ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും മലയാള സിനിമയുടെ ജാതകം തന്നെ ആ ചെറുപ്പക്കാരൻ തിരുത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല.  രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ സൂപ്പർ താരപദവിയിലേക്കുയർന്ന മോഹൻലാൽ ഹാസ്യവും ആക്‌ഷനും ക്യാരക്ടർ റോളുകളും നൃത്തവും എല്ലാം വഴങ്ങുന്ന സകലകലാ വല്ലഭനായി മാറുകയായിരുന്നു.  ഹിറ്റുകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചുകൊണ്ട് മോഹൻലാൽ മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും ഏട്ടനുമായി മാറി.  

പലപ്പോഴും പല സിനിമകളും പരാജയപ്പെട്ട് തിരിച്ചടികൾ നേരിട്ടിട്ടുണ്ടെങ്കിലും പുലി പതുങ്ങുന്നത് കുതിക്കാനാണ് എന്ന പുലിമുരുകനിലെ ഡയലോഗ് പോലെയായിരുന്നു അദ്ദേഹത്തിന്റെ 40 വർഷം നീണ്ട സിനിമാ ജീവിതവും.  ബിഗ് ബോസ് റിയാലിറ്റി ഷോയിലെ അവതാരകന്റെ വേഷത്തിലൂടെ മിനി സ്‌ക്രീനിലും സജീവമാണ് അദ്ദേഹം. ഇന്നിപ്പോൾ അറുപത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് ആരാധകരുടെ വകയായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.  ബറോസ്, എംപുരാൻ, റാം, മലൈക്കോട്ടൈ വാലിബൻ, ഓളവും തീരവും, ജയിലർ തുടങ്ങി നിരവധി വലിയ സിനിമകളാണ് മോഹൻലാലിന്റേതായി പുറത്തിറങ്ങാൻ തയാറെടുക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS