മലയാളം ഉൾപ്പെടെ ഇരുനൂറിലേറെ തെന്നിന്ത്യൻ ഭാഷാചിത്രങ്ങളിൽ പ്രധാന വേഷത്തിൽ അഭിനയിച്ച നടൻ ശരത് ബാബുവിന് ആദരാഞ്ജലികളർപ്പിച്ച് തെന്നിന്ത്യൻ സിനിമാ ലോകം. 71 വയസ്സായിരുന്നു. ആന്തരാവയവങ്ങളിൽ അണുബാധയെത്തുടർന്ന് ഒരു മാസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു. രജനികാന്ത്, സൂര്യ, കാർത്തി, ശരത് കുമാർ തുടങ്ങിയവർ ചെന്നൈയിലെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ചെന്നൈയിൽ വച്ച് നടക്കും.
ആന്ധ്രയിലെ അമദലവലസ സ്വദേശിയായ സത്യം ബാബു ദീക്ഷിതലു 1973 ൽ ‘രാമരാജ്യം’ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് തിരശ്ശീലയിലെത്തിയത്. 1977 ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത ‘പട്ടിന പ്രവേശം’ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലെ തുടക്കം. ബാലചന്ദറിന്റെ തന്നെ ‘നിഴൽകൾ നിജമാകിറത്’ (1978) എന്ന ചിത്രത്തിലൂടെ ജനമനസ്സിൽ ഇടംനേടി. 1984 ൽ പുറത്തിറങ്ങിയ ‘തുളസീദള’യാണ് ആദ്യ കന്നഡ ചിത്രം. ‘ശരപഞ്ജര’മാണ് മലയാളത്തിലെ ആദ്യ ചിത്രം
ശിവാജി ഗണേശൻ, കമൽഹാസൻ, രജനീകാന്ത്, എൻ.ടി.രാമറാവു, ചിരഞ്ജീവി, നന്ദമൂരി ബാലകൃഷ്ണ, നാഗാർജുന തുടങ്ങിയവരോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ചലച്ചിത്രങ്ങളിൽ നായകതുല്യ വേഷങ്ങളിൽ തിളങ്ങിയ അദ്ദേഹം 220 ൽ ഏറെ ചിത്രങ്ങളിൽ അഭിനയിച്ചു. മികച്ച നടനുള്ള ആന്ധ്ര സർക്കാരിന്റെ നന്ദി അവാർഡ് 3 തവണയും സഹനടനുള്ള പുരസ്കാരം 9 തവണയും സ്വന്തമാക്കി.
മുള്ളും മലരും, വേലൈക്കാരൻ, അണ്ണാമലൈ, മുത്തു (രജനികാന്തിനോടൊപ്പം), സാഗരസംഗമം (കമൽഹാസനൊപ്പം), ക്രിമിനൽ (നാഗാർജുനയോടൊപ്പം) തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടി. മലയാളത്തിൽ ധന്യ, ഡെയ്സി, ശബരിമലയിൽ തങ്ക സൂര്യോദയം, കന്യാകുമാരിയിൽ ഒരു കവിത, പൂനിലാമഴ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. തമിഴിൽ ഈ വർഷമിറങ്ങിയ ‘വസന്തമുല്ലൈ’ ആണ് ഒടുവിൽ അഭിനയിച്ച ചിത്രം.
ആദ്യഭാര്യ തെലുങ്ക് നടി രാമ പ്രഭയുയുള്ള ബന്ധം 1988 ൽ പിരിഞ്ഞു. 1990 ൽ നടൻ എം.എൻ.നമ്പ്യാരുടെ മകൾ സ്നേഹലതയെ വിവാഹം കഴിച്ചെങ്കിലും 2011 ൽ വേർപിരിഞ്ഞു. ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി, മുൻ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു തുടങ്ങിയവർ അനുശോചിച്ചു.