ADVERTISEMENT

മീരാ ജാസ്മിനെയും തന്നെയും അപകീർത്തിപ്പെടുത്താനാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന ശ്രമിക്കുന്നതെന്ന് നടിയുടെ സഹോദരിയും കെയർ ആൻഡ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന വാട്സാപ്പ് ഗ്രൂപ്പ് അ‍ഡ്മിനുമായ സാറ റോബിൻ. അരിക്കൊമ്പന്‍റെ പേര് പറഞ്ഞ് ഒരു രൂപപോലും പിരിച്ചിട്ടില്ലെന്നും വിവാദങ്ങളിലേക്ക് തന്റെ സഹോദരിയുടെ പേര് ശ്രീജിത്ത് മനഃപൂർവം വലിച്ചിഴയ്ക്കുകയാണെന്നും  സാറാ റോബിൻ മാധ്യമങ്ങളോട് പറഞ്ഞു.‘‘ഈ വക്കീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് എന്റെയും മീരാ ജാസ്മിന്റെയും പേര് പറഞ്ഞിട്ടുള്ളത്. എന്തുകൊണ്ട് എന്റെ സഹോദരി മീരയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കുന്നു എന്ന് പറയണം. പണം പിരിച്ചതിന്റെ പേരിൽ കേരളത്തിലെ ഒരു സ്റ്റേഷനിലും എനിക്കെതിരെ പരാതി വന്നിട്ടില്ല.’’–സാറ പറഞ്ഞു. കെയർ ആൻഡ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന സൊസൈറ്റി രൂപീകരിക്കാനുള്ള തയാറെടുപ്പിലാണ് തങ്ങൾ. എന്നാൽ അതിന്റെ പേരിൽ ഇതുവരെ പണപ്പിരിവൊന്നും നടത്തിയിട്ടില്ല. സഹോദരിയെയും തന്നെയും പേര് പറഞ്ഞ് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് അഡ്വ. ശ്രീജിത്ത് പെരുമനക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് സാറാ റോബിൻ പറഞ്ഞു.

 

‘‘അരിക്കൊമ്പന്റെ പേരിൽ ഞങ്ങൾ ധനസമാഹരണം നടത്തി എന്നത് പൂർണമായും തെറ്റായിട്ടുള്ള വാർത്തയാണ്.  കെയർ ആൻഡ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന സംഘടന റജിസ്റ്റർ ചെയ്യാനുള്ള തയാറെടുപ്പിലാണ് ഞങ്ങൾ.  മൃഗ സ്നേഹികളെല്ലാം ഒത്തുചേർന്ന് മൃഗങ്ങൾക്ക് വേണ്ടി ഒരു സംഘടന ഉണ്ടാക്കുകയാണ് ലക്‌ഷ്യം.  കേരള സംസ്ഥാനത്തുടനീളം ഉള്ള ആയിരത്തോളം ആളുകൾ ഇപ്പോൾ ആ ഗ്രൂപ്പിൽ അംഗങ്ങളാണ്.  ഇങ്ങനെ ഒരു വലിയ സംഘടന വരുന്നതറിഞ്ഞിട്ട് അതിനെ തകർക്കാൻ ആരോ ശ്രമിക്കുന്നു എന്നാണ് തോന്നുന്നത്. 

 

ഞങ്ങൾ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ ആര് പണം തന്നു അവർക്കു പരാതി ഉണ്ടോ, ഏത് അക്കൗണ്ടിലേക്ക് പണം വന്നു ഇതെല്ലം അന്വേഷിക്കണം. ഞങ്ങൾ ഈ സൊസൈറ്റിയുടെ പേരിൽ ഇതുവരെ അക്കൗണ്ട് പോലും തുടങ്ങിയിട്ടില്ല. സൊസൈറ്റി റജിസ്ട്രേഷൻ അടുത്ത ആഴ്ച നടക്കാനിരിക്കുകയാണ്. ഈ ഗ്രൂപ്പ് തുടങ്ങിയ ആദ്യ ദിവസം മുതൽ ഞാൻ ഇതിൽ ഉണ്ട്. ഞാൻ ഇതിൽ ഉള്ളതുകൊണ്ട് ഈ വക്കീൽ എന്ന് പറയുന്ന ആള്‍ എന്റെ പേര് ഉപയോഗിച്ച് എന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്.   

 

ഈ വക്കീലിന്റെ ഫെയ്സ്ബുക് പോസ്റ്റിലാണ് എന്റെയും മീരാ ജാസ്മിന്റെയും പേര് പറഞ്ഞിട്ടുള്ളത്. എന്തുകൊണ്ട് എന്റെ സഹോദരി മീരയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കുന്നു എന്ന് പറയണം. പണം പിരിച്ചതിന്റെ പേരിൽ കേരളത്തിലെ ഒരു സ്റ്റേഷനിലും എനിക്കെതിരെ പരാതി വന്നിട്ടില്ല. ഞാൻ വിവരാവകാശ നിയമം അനുസരിച്ച് കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. രണ്ടാഴ്ച മുൻപ് ഞങ്ങളുടെ ഗ്രൂപ്പിലുള്ള ഒരു സ്ത്രീ ശ്രീജിത്ത് പെരുമനയെ നമ്മുടെ ഗ്രൂപ്പിലേക്ക് ക്ഷണിച്ചിട്ട് ഒരു പ്രഭാഷണം നടത്തിക്കണം എന്നുപറഞ്ഞു. ഞാൻ പറഞ്ഞു എനിക്ക് ആരോടും വ്യക്തിപരമായി സംസാരിക്കാൻ താല്പര്യമില്ലെന്ന്്. അതിന്റെ വൈരാഗ്യം കാരണമായിരിക്കും  ശ്രീജിത് പെരുമന ഇങ്ങനെ ചെയ്തത്.  ഞങ്ങളെ അപകീർത്തി പെടുത്തിയതിനെതിരെ ഞാൻ പരാതി കൊടുത്തിട്ടുണ്ട്. ഈ സംരംഭത്തെ നശിപ്പിക്കാൻ ആരാണ് ശ്രമിക്കുന്നത് എന്ന് ഞങ്ങൾക്ക് അറിയണം.’’– സാറ റോബിൻ പറയുന്നു.

 

അതേസമയം അരിക്കൊമ്പന്റെ പേരിൽ വാട്സാപ് കൂട്ടായ്മ രൂപീകരിച്ച് പണം പിരിച്ചെന്ന ശ്രീജിത്ത് പെരുമനയുടെ പരാതിയിൽ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. അരിക്കൊമ്പനെ ചിന്നക്കനാലിലേക്കു തിരികെയെത്തിക്കാനുള്ള നിയമനടപടികൾക്കും അരി വാങ്ങി നൽകാനെന്നും പറഞ്ഞാണ് പണപ്പിരിവ് നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. ഒരു സിനിമാതാരത്തിന്റെ സഹോദരി ആണെന്നു പരിചയപ്പെടുത്തിയ പെൺകുട്ടി തന്റെ ഭർത്താവ് എൻആർഐ ആണെന്നും അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചാൽ അന്വേഷണം ഉണ്ടാവില്ലെന്നും ഗ്രൂപ്പുകളിൽ അറിയിച്ചതായും  പ്രവാസികളിൽ നിന്നടക്കം 8 ലക്ഷത്തോളം രൂപ ഇതിനോടകം പിരിച്ചുവെന്നും പരാതിയിൽ പറയുന്നു. സമൂഹമാധ്യമങ്ങളിലും വാട്സാപ്പിലുമായി നൂറിലധികം പേജുകളും ഗ്രൂപ്പുകളുമാണ് അരിക്കൊമ്പന്റെ പേരിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com