ADVERTISEMENT

"ഞങ്ങളെ എല്ലാവരെയും കൂടി കൂട്ടിച്ചേർക്കണമെന്നൊരു ആഗ്രഹം ജൂഡിന് തോന്നിയല്ലോ,"–നൂറു കോടി ക്ലബിൽ ഇടം നേടി പ്രദർശനം തുടരുന്ന 2018ന്റെ വിജയത്തിന്റെ സ്നേഹമധുരം പങ്കുവയ്ക്കാൻ സിനിമയിലെ അമ്മത്താരങ്ങൾ കൊച്ചിയിൽ ഒത്തുചേർന്നപ്പോൾ പൗളി വൽസൻ പറഞ്ഞ വാക്കുകളാണിത്. 2018 ൽ വിവിധ അമ്മ വേഷങ്ങൾ ചെയ്ത പൗളി വൽസൻ, ശ്രീജ രവി, ഓമന ഔസേപ്പ്, ശോഭ മോഹൻ, ശാന്തകുമാരി, രാജലക്ഷ്മി എന്നിവരാണ് ആ ചിത്രത്തിലെ മുഴുവൻ അമ്മമാരെയും പ്രതിനിധീകരിച്ച് കൊച്ചിയിൽ മനോരമ ഓ‌‌‌ൺലൈൻ ഒരുക്കിയ സ്നേഹസംഗമത്തിൽ എത്തിച്ചേർന്നത്. 2018 എന്ന സിനിമ നൽകിയ അനുഭവങ്ങളും ചിത്രത്തിന്റെ അതിഗംഭീര വിജയത്തിന്റെ സന്തോഷവും അമ്മമാർ പങ്കുവച്ചു. 

 

'ജൂ‍ഡ് ഞങ്ങളെ ഓർത്തല്ലോ'

 

ഞങ്ങൾ ഒറ്റപ്പെട്ട് അവിടെയവിടെ കിടക്കുന്നവരല്ലേ! ഞങ്ങളുടെ ഒരു കൂട്ടായ്മ കാണിക്കണം എന്ന് ജൂഡിന് തോന്നിയല്ലോ. അവനൊരു കൊച്ചു പയ്യനാണ്. ഞങ്ങളെ ഓർത്തല്ലോ! അതു തന്നെ വലിയ സന്തോഷം. ആ നല്ല മനസ്സിനു മുമ്പിൽ കുമ്പിടുകയാണ്, പൗളി വൽസൻ പറഞ്ഞു തുടങ്ങി. എനിക്ക് ഷൂട്ടിങ് സമയത്ത് നല്ല പനി ആയിരുന്നു. മഴ കൊണ്ടിട്ടുള്ള പനിയൊന്നും അല്ലായിരുന്നു. അതുകൊണ്ടായിരിക്കും എനിക്ക് വെള്ളത്തിൽ ചാടുന്ന സീനൊന്നും ജൂഡ് തന്നില്ല. വെള്ളത്തിലുള്ള സീൻ ഞാൻ പ്രതീക്ഷിച്ചിരുന്നു. അതു ചെയ്യാൻ ഇഷ്ടവും ആയിരുന്നു. സിനിമ തുടങ്ങുന്നതു തന്നെ എന്റെ ഒരു കാഴ്ചപ്പാടിലാണ്. അതു കണ്ടിട്ട്, നാട്ടുകാർ പറഞ്ഞു, "2018ഉം പൗളി ചേച്ചി ആണല്ലോ തുടങ്ങിയത്. ഭീഷ്മ പർവവും ചേച്ചിയായിരുന്നല്ലോ തുടങ്ങിയത്" എന്ന്. അങ്ങനെയൊരു ക്രെഡിറ്റ് കൂടി എനിക്ക് കിട്ടി, പൗളി വൽസന്റെ വാക്കുകളിൽ സന്തോഷം. 

 

ഒരു ഡയലോഗ് പോലുമില്ലാത്തതിൽ തോന്നിയ സങ്കടം, സിനിമയുടെ വൻ വിജയത്തിൽ അലിഞ്ഞു പോയ അനുഭവമാണ് ഓമന ഔസേപ്പ് പങ്കുവച്ചത്. "എന്നെ പ്രൊഡക്‌ഷൻ കൺട്രോളർ ശ്രീകുമാറാണ് ഈ സിനിമയിലേക്ക് വിളിച്ചത്. ചെന്നപ്പോൾ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഒരു ഡയലോഗ് പോലുമില്ല. സങ്കടം തോന്നി. അപ്പോൾ ഞാൻ‌ ശ്രീകുമാറിനോടു ചോദിച്ചു, എന്തിനാ ശ്രീകുമാറെ ഒരു ഡയലോഗ് പോലുമില്ലാത്ത സീനിലേക്ക് എന്നെ വിളിച്ചത്. ഒറ്റ സീനിലേ ഉള്ളൂവെങ്കിലും ഡയലോഗ് ഉണ്ടെങ്കിൽ അതൊരു ആശ്വാസമാണ്. പൈസ മാത്രമല്ലല്ലോ. ചെയ്യുന്ന വർക്കിന് ഒരു തൃപ്തി കൂടി ഉണ്ടല്ലോ! ഞാൻ അങ്ങനെ ചോദിച്ചപ്പോൾ ശ്രീകുമാർ പറഞ്ഞു, "ചേച്ചി, ജൂഡ് പറഞ്ഞിട്ടാണ് വിളിച്ചത്" എന്ന്. പക്ഷേ, സിനിമ ഇറങ്ങിയപ്പോൾ അതൊരു വൻ വിജയമായി," ഓമന പറഞ്ഞു.

santhakumari

 

ജൂഡ് വിളിച്ചതുകൊണ്ടു മാത്രമാണ് ഈ സിനിമയിലെത്തിയതെന്ന് രാജലക്ഷ്മി. "ഞാൻ ദൂരേയ്ക്കൊന്നും അഭിനയിക്കാൻ പോകാറില്ല. കാരണം, വീട്ടിൽ മകൾ മാത്രമാണുള്ളത്. ജൂഡിന്റെ സിനിമയിലേക്ക് വിളിച്ചപ്പോൾ ചെറിയൊരു പാസിങ് ഷോട്ട് ആണെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. അപ്പോൾ മകൾ പറഞ്ഞു, 'അമ്മ ധൈര്യമായിട്ട് പോയി വരൂ. ഞാൻ‌ അപ്പുറത്തെ വീട്ടിലെ ചേച്ചിയെ വിളിച്ചു കിടത്തിക്കോളാം,' എന്ന്! ഈ അവസരം കളയരുത് എന്ന മകളുടെ കൂടി ആഗ്രഹത്തിന്റെ പുറത്താണ് ഞാൻ ഇതിൽ അഭിനയിക്കുന്നത്. ചെറിയ വേഷമാണെങ്കിലും സിനിമ റിലീസ് ആയപ്പോൾ കാനഡയിൽ നിന്നു പോലും ആളുകൾ വിളിച്ചു. അതൊക്കെ കേൾക്കുമ്പോൾ വലിയ സന്തോഷം.  

 

'ടൊവിനോയുടെ ആ വാക്കുകൾ മറക്കില്ല'

 

2018ൽ ശരിക്കും മഴയത്തും വെള്ളത്തിലും ഷൂട്ട് ചെയ്യേണ്ടി വന്നത് ശാന്തകുമാരിക്കാണ്. ഷൂട്ടിങ് സമയത്ത് ശാന്തകുമാരി നേരിട്ട ആ വെല്ലുവിളികളെക്കുറിച്ച് ടൊവീനോ പല അഭിമുഖങ്ങളിലും പ്രത്യേകം പരാമർശിച്ചിരുന്നു. ആ ദിവസങ്ങളെക്കുറിച്ച് ആവേശത്തോടെയാണ് ശാന്തകുമാരി സംസാരിച്ചത്. "മുഖത്തേക്ക് വലിയ തുള്ളികളായാണ് വെള്ളം വീഴുന്നത്. അതിനിടയിൽ കുട കൊണ്ടു വന്നു തന്നിരുന്നു. പക്ഷേ, കുട എങ്ങനെ നിൽക്കാൻ? കാറ്റും ഇടിവെട്ടും എല്ലാം ആകുമ്പോൾ കുട പറന്നു പോകും. വെള്ളം മുഴുവൻ എന്റെ മുഖത്തേക്കു തന്നെ വീഴും. വെള്ളം വന്നു നിറഞ്ഞു പോകുവല്ലേ. ഇരിക്കാനുള്ള സ്ഥലവുമില്ല. ആകെ നനഞ്ഞു കുളിച്ചാണ് അഭിനയിച്ചത്. ആകെ വല്ലാത്തൊരു അവസ്ഥ ആയിരുന്നു. മുകളിലേക്കു നോക്കാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും അഭിനയിച്ചു വിജയിപ്പിക്കണം എന്നു മാത്രമായിരുന്നു ആ സമയത്ത് മനസിൽ! ടൊവിനോ അടുത്തുണ്ടായിരുന്നല്ലോ. ചേച്ചിക്ക് കസേര കൊടുക്ക് എന്നൊക്കെ ടൊവിനോ വിളിച്ചു പറയുന്നതു കേൾക്കാം. അങ്ങനെ ഇടയ്ക്ക് കസേരയൊക്കെ കിട്ടും. പനി പിടിച്ചു കിടപ്പിലാകുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു. രാവിലെ വണ്ടി വരുമ്പോൾ എണീക്കാൻ പറ്റുമോ എന്നൊക്കെയുള്ള സംശയങ്ങൾ. പക്ഷേ, അങ്ങനെയൊന്നും ഉണ്ടായില്ല," ശാന്തകുമാരി പറഞ്ഞു.

  

"ടൊവിനോ എന്നെപ്പറ്റി കുറെ നല്ല കാര്യങ്ങൾ പറഞ്ഞു. ഇത്ര വർഷങ്ങളായി ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഒരാൾ പോലും ശാന്ത കുമാരിയുടെ കൂടെ അഭിനയിച്ചു എന്നു പറഞ്ഞിട്ടില്ല. അവരൊക്കെ വലിയ ഉയരത്തിലുള്ള ആളുകളെ കുറിച്ചാണ് പറയാറുള്ളത്. ടൊവിനോ എന്നെക്കുറിച്ചു പറഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് സന്തോഷമാണോ സങ്കടമാണോ എന്ന് എനിക്ക് അറിയില്ല. ആ കുട്ടിക്ക് നല്ലതു വരട്ടെ. ആയുസ്സും ആരോഗ്യവും നല്ല സിനിമകളും ഉണ്ടാകട്ടെ. വേറൊന്നും കൊടുക്കാൻ എന്റെ കയ്യിലില്ല. നല്ലതു മാത്രം പ്രാർത്ഥിക്കുന്നു," ശാന്തകുമാരി വികാരഭരിതയായി. 

 

മഴയത്ത് ഇറങ്ങേണ്ടി വന്നില്ല

 

ഡബ്ബിങ് ആർടിസ്റ്റും അഭിനേത്രിയുമായ ശ്രീജ രവി ചിത്രത്തിന്റെ തമിഴ് ഡബ്ബിങ് പൂർത്തിയാക്കിയിട്ടാണ് കൊച്ചിയിൽ എത്തിയത്. തമിഴ്നാട്ടിലും നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് ശ്രീജ രവി പറഞ്ഞു. "ചെന്നൈയിലും നല്ല പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. പിവിആറിലാണ് ഞാൻ സിനിമ കണ്ടത്. ഹൗസ്ഫുൾ ആയിരുന്നു. സിനിമ കഴിഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്നു കയ്യടിച്ചു. എനിക്ക് വല്ലാത്തൊരു ഫീൽ ആയിരുന്നു. രോമാഞ്ചം വന്നു! ഒരു മലയാള പടത്തിന് തമിഴ്നാട്ടിൽ ഇങ്ങനെ പ്രതികരണം ലഭിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്."

 

ടൊവിനോയുടെ അമ്മവേഷത്തിലാണ് ശ്രീജ രവി 2018ൽ എത്തിയത്. "എനിക്ക് മഴയത്ത് ഇറങ്ങേണ്ടി വന്നില്ല. അതിനു പകരം എന്റെ മകനാണ് (ടൊവിനോയുടെ കഥാപാത്രം) മുഴുവൻ മഴയും കൊണ്ടത്. കുറച്ച് സ്ക്രീൻ സ്പേസ് മാത്രമേ ഉണ്ടായിരുന്നൂവെങ്കിലും ടൊവിനോയുടെ അമ്മയുടെ കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം. എനിക്ക് ഇഷ്ടമുള്ള ആർടിസ്റ്റാണ് ടൊവിനോ. മുമ്പൊരിക്കൽ ഞങ്ങൾ ഒരുമിച്ച് ഒരു ഫോട്ടോ എടുത്തിട്ടുണ്ട്. അതു ഞാൻ ജൂഡിന് അയച്ചു കൊടുത്തു. ഞ​ാൻ ശരിയാകുമോ എന്നു ചോദിച്ചു. 'കറക്ടാണ് ചേച്ചി. ഓകെയാണ്', എന്നു ജൂഡ് പറഞ്ഞു. ആ ധൈര്യത്തിലാണ് അഭിനയിച്ചത്. വലിയ ഭാഗ്യമാണ് ഈ സിനിമയിലെ വേഷം," ശ്രീജ രവി പറഞ്ഞു. 

 

വെള്ളപ്പൊക്കത്തെ കുറിച്ചുള്ള സിനിമയിൽ അഭിനയിക്കാൻ ചെന്നിട്ട് വെള്ളപ്പൊക്കമൊന്നും കാണാതെ വന്ന അനുഭവമാണ് ശോഭ മോഹൻ പങ്കുവച്ചത്. "വെള്ളപ്പൊക്കത്തെ കുറിച്ചുള്ള സിനിമ ആണെന്നു പറഞ്ഞപ്പോൾ ഞാനോർത്തു വെള്ളത്തിൽ ഇറങ്ങേണ്ടി വരുമെന്ന്. പക്ഷേ, ലൊക്കേഷനിൽ ചെന്നപ്പോൾ അവിടെ വെള്ളപ്പൊക്കമൊന്നും ഇല്ല. വിനീതിന്റെ അമ്മയുടെ വേഷമാണ് ചെയ്തത്. മഴയുണ്ടെങ്കിലും എനിക്ക് മഴയിലേക്ക് ഇറങ്ങേണ്ട സീൻ ഉണ്ടായിരുന്നില്ല. ആകെ രണ്ടു ദിവസമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. അതും വീടിനകത്തായിരുന്നു ഷൂട്ട്. സത്യത്തിൽ സിനിമ കണ്ടപ്പോഴാണ് അതിന്റെ തീവ്രത എനിക്ക് മനസിലായത്. ഞാൻ അത്രയും പ്രതീക്ഷിച്ചില്ല," ശോഭ പറഞ്ഞു.  

 

അമ്മമാർക്ക് എന്റെ സല്യൂട്ട്

 

സിനിമയിൽ വീണ്ടും കാണണമെന്ന് ആഗ്രഹിക്കുന്ന മുഖങ്ങളാണ് ഈ അമ്മമാരുടേതെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. 2018ലേക്ക് ഇത്രയധികം അമ്മ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയതിനു പിന്നിലെ കാരണം വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം. ഈ ആർടിസ്റ്റുകളൊക്കെ എവിടെയാണെന്ന് ഞാനും ആലോചിച്ചിട്ടുണ്ട്. ഒാം ശാന്തി ഓശാനയിൽ നസ്രിയയുടെ അമ്മയായി മഞ്ജു സതീഷിനെ ആലോചിച്ചപ്പോൾ അവർ ഗർഭിണിയാണെന്നായിരുന്നു ആദ്യം കേട്ടത്. അങ്ങനെ അവരെ വേണ്ടെന്നു വച്ചു. വീണ്ടും ആ കഥാപാത്രത്തിനായി അന്വേഷണം തുടരുന്നതിന് ഇടയിലാണ് മറ്റൊരു പ്രൊഡക്‌ഷൻ കൺട്രോളർ മഞ്ജുവിന്റെ പേര് വീണ്ടും നിർദേശിച്ചത്. അദ്ദേഹം ഉടനെ മഞ്ജുവിനെ വിളിച്ചു. ഗർഭിണിയാണെന്ന് പ്രചരിച്ചതൊക്കെ നുണയായിരുന്നു. ഇങ്ങനെ ഒരു അനുഭവം ഉള്ളതുകൊണ്ട്, 'അമ്മ'യുടെ ഡയറി നോക്കി ഞാൻ തന്നെ അമ്മമാരുടെ കോൺടാക്ട് എടുത്തു വിളിക്കുകയായിരുന്നു, ജൂഡ് വെളിപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com