ADVERTISEMENT

നടൻ ജോയ് മാത്യുവിനും സഹതാരങ്ങൾക്കുമെതിരെ ഗുരുതര ആരോപണവുമായി ‘ബൈനറി’ സിനിമയടെ അണിയറക്കാർ. ചിത്രത്തില്‍ അഭിനയിച്ച താരങ്ങളില്‍ ഭൂരിഭാഗവും പ്രമോഷണല്‍ പരിപാടികളില്‍ സഹകരിക്കുന്നില്ലെന്ന് ഇവർ പറയുന്നു. ജോയ് മാത്യു, കൈലാഷ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇതില്‍പെടുമെന്നും ചിത്രീകരണത്തിനിടയിലും ജോയ് മാത്യുവിൽ നിന്നും നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതായും ചിത്രത്തിന്‍റെ സംവിധായകന്‍ ജാസിക് അലി, സഹനിർമാതാവും സംഗീത സംവിധായകനുമായ രാജേഷ് ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

 

‘‘അഭിനയിച്ച താരങ്ങള്‍ പ്രമോഷനുവേണ്ടി സഹകരിച്ചിട്ടില്ല. സിനിമയില്‍ അഭിനയിച്ച ജോയ് മാത്യു പ്രമോഷനില്‍ സഹകരിക്കാത്തതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന, ജോയ് മാത്യു എന്‍റെ വാക്കുകള്‍ക്ക് ഒരു പ്രതികരണവും നല്‍കിയിട്ടില്ല. സിജോയ് വര്‍ഗീസ്, കൈലാഷ് അടക്കമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ട്. അവരും പ്രമോഷനില്‍ സഹകരിച്ചില്ല. മുഴുവന്‍ പ്രതിഫലവും വാങ്ങിയിട്ടാണ് അവര്‍ അഭിനയിക്കാന്‍ വരുന്നത്. ഒരു രൂപ കുറഞ്ഞാല്‍ വരില്ല. സിനിമയ്ക്കു വേണ്ടി എന്തുവേണമെങ്കിലും ചെയ്യാന്‍ തയാറാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഫലം പറയുന്നത്. അത് അക്കൗണ്ടില്‍ വന്നതിന് ശേഷമാണ് അവര്‍ ഷൂട്ടിങിനു വരുന്നത്. ഇനിയെങ്കിലും ഇതൊക്കെ കൃത്യമായി പറഞ്ഞ് കരാർ ഒപ്പിട്ട് ഇവരോടൊക്കെ മേടിക്കണം എന്നേ ഇതിൽ പുതിയതായി ഇറങ്ങാനിരിക്കുന്ന ആളുകളോട് പറയുവാനുള്ളത്.’’–സംവിധായകന്‍ ജാസിക് അലി പറയുന്നു.

 

‘‘രണ്ടാം ഷെഡ്യൂളില്‍ സിനിമ മുടങ്ങുന്ന ഒരു അവസ്ഥ വന്നു. ആദ്യത്തെ നിർമാതാവ് ജോയ് മാത്യുവിനെയാണ് ആദ്യം ചെന്ന് കണ്ടത്. തിരക്കഥ കൊടുത്തപ്പോള്‍ കൊള്ളാം, നന്നായിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ലൊക്കേഷനില്‍ വന്നിട്ട് സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞു. ‘‘എനിക്ക് ചെയ്യാന്‍ പറ്റില്ല, ഈ ഡയലോഗ് എനിക്ക് പറയാന്‍ പറ്റില്ല, മാറ്റിയെഴുതണം’’ എന്ന് പറഞ്ഞു. എട്ടൊന്‍പത് മാസം ഇരുന്ന് കഷ്ടപ്പെട്ട് എഴുതിയ സ്ക്രിപ്റ്റ് മാറ്റുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. 

 

അനീഷ് രവിയും കൈലാഷും ചേര്‍ന്നാണ് തിരക്കഥ തിരുത്തി എഴുതിയത്. മൂന്ന് ദിവസം വരാമെന്ന് പറഞ്ഞ ജോയ് മാത്യു വന്നത് അര ദിവസമാണ്. സാമ്പാറിന്‍റെ അംശം ഉണ്ടെന്ന് പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനര്‍ ആയ പെണ്‍കുട്ടിയുടെ മുഖത്തേക്ക് കോസ്റ്റ്യൂം വലിച്ചെറിഞ്ഞു. ഈ ക്യാമറയില്‍ സിനിമയെടുക്കാന്‍ പറ്റില്ല എന്നും പറഞ്ഞു. ഒരു അഭിനേതാവിന് ഇത് പറയേണ്ട ആവശ്യമുണ്ടോ, എനിക്കറിയില്ല. ഈ സിനിമയില്‍ അഭിനയിച്ചവരൊന്നും ബാങ്കബിള്‍ ആര്‍ട്ടിസ്റ്റുകളല്ല. അവരെവച്ച് സാറ്റലൈറ്റ്, ഒടിടി ബിസിനസ് ഒന്നും നടക്കില്ല. അവരുടെ ഉത്തരവാദിത്തമാണ് സിനിമ പ്രമോട്ട് ചെയ്യുക എന്നത്. അത് ഉണ്ടായില്ല.’’– രാജേഷ് ബാബു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com