ഒടുവിൽ അവരും പറഞ്ഞു, ‘മുരുകൻ തീർന്നു’; സകല റെക്കോർഡുകളും തകർത്ത് ‘2018’
Mail This Article
‘2018’ നൂറുകോടി ക്ലബ്ബിലെത്തിയപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞൊരു ഡയലോഗ് ആണ് ‘മുരുകൻ തീരുമോ?’. കോടി ക്ലബ്ബുകളുടെ കിലുക്കങ്ങളിൽ സൂപ്പർതാരങ്ങളുടെ ആരാധകർ തമ്മിൽ വലിയരീതിയിലുള്ള വാഗ്വാദങ്ങൾ പൊട്ടിപ്പുറപ്പെടാറുണ്ട്. എന്നാൽ ‘2018’നു മുന്നിൽ ആ വഴക്കും ബഹളവുമൊന്നും ഉണ്ടായില്ല. ഇപ്പോഴിതാ മോഹൻലാൽ ഫാൻസിന്റെ ഔദ്യോഗിക ഗ്രൂപ്പും ട്വിറ്ററിലൂടെ പറഞ്ഞു. ‘മുരുകൻ തീർന്നു’.
‘റെക്കോർഡുകൾ തകർപ്പെടാനുള്ളതാണ്. 2018 സിനിമയുടെ ടീമിന് അഭിനന്ദനങ്ങൾ. ഏഴ് വർഷങ്ങളുടെ കാലയളവുള്ള ‘മുരുകാ നീ തീർന്നടാ’ എന്നതിന് അവസാനം. ഇനി കിരീടം തിരിച്ചപിടിക്കാനുള്ള സമയം.’’– മോഹൻലാൽ ഫാൻസിന്റെ ട്വിറ്റർ പേജിൽ കുറിച്ചു.
മലയാള സിനിമയുടെ പാൻ ഇന്ത്യൻ സാധ്യകളിലും കോടി കിലുക്കങ്ങളിലും ദിശാസൂചകമായിട്ടുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. 50, 100 കോടി ക്ലബ്ബുകളിലേക്ക് മലയാളം ആദ്യം പ്രവേശിച്ചതും മോഹന്‍ലാല്‍ ചിത്രങ്ങളാണ്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റെന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍റെ റെക്കോര്‍ഡ് ഏഴ് വര്‍ഷത്തോളം തകര്‍ക്കപ്പെടാതെ കിടന്നു. എന്നാല്‍ വലിയ പ്രി റിലീസ് പബ്ലിസിറ്റിയൊന്നുമില്ലാതെ തിയറ്ററുകളിലെത്തിയ ഒരു ചിത്രം കലക്‌ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുവെന്ന് മാത്രമല്ല, പുതിയൊരു ചരിത്രം കൂടി കുറിച്ചിരിക്കുകയാണ്. മലയാള സിനിമയില്‍ നിന്ന് ആദ്യമായി 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്ന ചിത്രമായിരിക്കുകയാണ് 2018. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കലക്‌ഷൻ നേടിയ മലയാള ചിത്രം എന്ന റെക്കോർഡും '2018' നേടി.
കേരളത്തിൽ നിന്നു മാത്രം 78 കോടി, റെസ്റ്റ് ഓഫ് ഇന്ത്യ 11 കോടി, ഓവർസീസ് 65 കോടി. വെറും 22 ദിവസം കൊണ്ടാണ് ചിത്രം 150 കോടി കടന്നത്. ‘‘150 കോടിക്കൊപ്പം നിൽക്കുമ്പോഴും, ഞാൻ തലകുനിച്ചു കൈകൂപ്പി നിങ്ങളെ നിങ്ങളെ വന്ദിക്കുന്നു. നിങ്ങൾ ,ജനങ്ങൾ ഈ സിനിമയോട് കാണിച്ച സ്നേഹവും, ഇഷ്ടവുമാണ് ഈ സിനിമയെ ഇത്രയേറെ ഉയരങ്ങളിലെത്തിച്ചത്. അതിരുകടന്ന ആഹ്ലാദമോ ഒരു തരി പോലും അഹങ്കാരമോ ഇല്ല. എല്ലാം ദൈവ നിശ്ചയം,’’–നിർമാതാവ് വേണു കുന്നപ്പിള്ളി കുറിച്ചു.
സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള അഭൂതപൂര്‍വമായ പ്രതികരണമാണ് ആദ്യ ദിനം മുതല്‍ 2018 നേടിയത്. കേരളത്തിന് പുറത്ത് യുഎഇയിലും ജിസിസിയിലുമാണ് മലയാള ചിത്രങ്ങള്‍ സാധാരണ മികച്ച പ്രതികരണം നേടാറെങ്കില്‍ 2018 യുഎസിലും യൂറോപ്പിലുമൊക്കെ അത്തരത്തിലുള്ള പ്രതികരണം നേടി. പ്രദര്‍ശനത്തിന്‍റെ മൂന്നാം വാരത്തിലും പല വിദേശ മാര്‍ക്കറ്റുകളിലും മികച്ച സ്ക്രീന്‍ കൗണ്ട് നിലനിര്‍ത്താനായി എന്നത് മലയാള സിനിമയ്ക്ക് വലിയ അഭിമാനവും പ്രതീക്ഷയും പകരുന്ന ഒന്നാണ്.
അതേസമയം ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ ഇന്നലെയാണ് പ്രദര്‍ശനം ആരംഭിച്ചത്. ഇവിടങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ഇതര സംസ്ഥാനങ്ങളില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടിരിക്കുന്നതും. ലൈഫ് ടൈം ഗ്രോസ് എന്ന അവസാന സംഖ്യയിലേക്ക് ചിത്രത്തിന് ഇനിയുമേറെ സഞ്ചരിക്കാനുണ്ട് എന്നതാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
ലൂസിഫർ, പുലിമുരുകന്‍, ഭീഷ്മ പർവം, കുറുപ്പ്, മധുര രാജ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, കുറുപ്പ് എന്നീ സിനിമകളാണ് 100 കോടി ക്ലബ്ബിൽ ഇടംനേടിയ മലയാള സിനിമകൾ. ‘മാളികപ്പുറവും’ 100 കോടി നേടിയെന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്. അഖിൽ പി. ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജാണ്. ചമൻ ചാക്കോ ചിത്രസംയോജനം. നോബിൻ പോളിന്റേതാണ് സംഗീതം. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈൻ. ക്യാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് നിർമാണം.
കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത '2018' എന്ന വർഷവും ആ വർഷത്തിൽ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകർക്ക് മുന്നിൽ ഒരു നേർക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്.