അമ്മയെ കാണാനും സംസാരിക്കാനും കൊതിയാകുന്നു: വേദന നിറഞ്ഞ കുറിപ്പുമായി പവിത്ര ലക്ഷ്മി

pavithra-lakshmi-mother
SHARE

അമ്മയെക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി നടി പവിത്ര ലക്ഷ്മി. അർബുദ ബാധിതയായ പവിത്ര ലക്ഷ്മിയുടെ അമ്മ അടുത്തിടെ മരണപ്പെട്ടിരുന്നു. അമ്മയുടെ വേർപാടിന്റെ ദുഃഖത്തിൽ നിന്ന് ഇനിയും പുറത്തുകടക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പവിത്ര ലക്ഷ്മി പറയുന്നു. ഒറ്റയ്‌ക്കൊരു പെൺകുട്ടിയെ വളർത്തിയെടുത്ത സൂപ്പർ വുമൻ ആണ് തന്റെ അമ്മ. അമ്മയെ ഒരിക്കൽക്കൂടി കാണാനും അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാനും കൊതിയാകുന്നെന്നും പവിത്ര ലക്ഷ്മി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.  

‘‘അമ്മ എന്നെ വിട്ടുപോയിട്ട്  7 ദിവസമായി.  ഞാൻ ഇപ്പോഴും ഈ വേദനയിൽ നിന്ന് പുറത്തുകടന്നിട്ടില്ല. എന്തുകൊണ്ടാണ് അമ്മ എന്നെ ഇത്ര പെട്ടെന്ന് ഉപേക്ഷിച്ചു പോയതെന്ന് മനസ്സിലാകുന്നില്ല.  പക്ഷേ കഴിഞ്ഞ അഞ്ചു വർഷമായി അമ്മ അനുഭവിക്കുന്ന വേദനയും പോരാട്ടവും ഇല്ലാത്ത ഒരിടത്തേക്കാണല്ലോ യാത്ര പോയതെന്ന സമാധാനമുണ്ട്. അമ്മ എന്നും ഒരു സൂപ്പർ വുമനും സൂപ്പർ അമ്മയുമായിരുന്നു. തനിയെ ഒരു കുഞ്ഞിനെ വളർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, പക്ഷേ അമ്മ അത് വളരെ ഭംഗിയായി നിറവേറ്റി.  

ഒരിക്കൽ കൂടി അമ്മയെ കാണാനും അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാനും അമ്മയോട് സംസാരിക്കാനും കൊതിയാകുന്നു. പക്ഷേ ഇനിയൊരവസരം കൂടി അവശേഷിപ്പിക്കാതെ അമ്മ പോയില്ലേ. അദൃശ്യമായാണെങ്കിലും അമ്മ ഇനിയെപ്പോഴും എന്റെയൊപ്പം ഉണ്ടാകണം എന്നുമാത്രമേ എനിക്ക് അപേക്ഷിക്കാനുള്ളൂ. എന്റെ ദുഃഖത്തിൽ പങ്കുചേർന്ന് എനിക്ക് തുണയായി നിന്ന എന്റെ പ്രിയപ്പെട്ടവർക്ക് നന്ദി, നിങ്ങൾ ഇല്ലായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്നെനിക്കറിയില്ല.  അമ്മയുടെ അവസാന നാളുകളിൽ അമ്മയെ ചിരിപ്പിച്ചും സാന്ത്വനിപ്പിച്ചും അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മക്കളായി കൂടെ നിന്ന ആദിക്കും വിഘ്‌നേഷിനും നന്ദി. എന്നെക്കാൾ അമ്മയ്ക്ക് പ്രിയം നിങ്ങളെയായിരുന്നു. അമ്മയുടെ അനുഗ്രഹം നിങ്ങൾക്ക് എന്നുമുണ്ടാകും.

പ്രിയപ്പെട്ടവരുടെ ഫോൺ വിളികൾക്കും സന്ദേശങ്ങൾക്കും മറുപടി അയക്കാത്തതിൽ ദുഃഖമുണ്ട്. ഞാനിപ്പോഴും ഈ ദുഃഖത്തിൽ നിന്ന് പുറത്തുകടന്നിട്ടില്ല. പൂർവാധികം ശക്തിയോടെ ഞാൻ നിങ്ങളുടെ അടുത്തേക്ക് മടങ്ങിവരും ഉറപ്പ്.’’–പവിത്ര ലക്ഷ്മി പറയുന്നു.

കൊയമ്പത്തൂർ സ്വദേശിയായ പവിത്ര ലക്ഷ്മി മണിരത്നം ചിത്രം ‘ഓക്കെ കൺമണി’യിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ‘ഉല്ലാസം’ എന്ന ഷെയ്ൻ നിഗം ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. അദൃശ്യം, യുഗി എന്നിവയാണ് നടിയുടെ മറ്റ് പ്രധാന സിനിമകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS