ADVERTISEMENT

രണ്ടാം ലോകമഹായുദ്ധത്തിന്റെ മധ്യകാലം.ആയുധകച്ചവടത്തിലൂടെ അമേരിക്ക ഖജനാവ് നിറയ്ക്കുകയാണ്. നൂതനമായ ആയുധശേഷി കൈവരിക്കുന്നതിന് പ്രതിഭാശാലികളായ നിരവധി ശാസ്ത്രജ്ഞന്മാരെ അമേരിക്ക അക്കാലത്ത് പരീക്ഷണശാലകളിലിറക്കി. പലതരം ആയുധങ്ങൾ അവിടെ പിറവിയെടുത്തെങ്കിലും അവയുടെയൊന്നും പ്രഹരശേഷി അമേരിക്കയിൽ സംതൃപ്തിയുണ്ടാക്കിയില്ല. അവശേഷിപ്പുകൾ പോലുമില്ലാതെ സർവ്വതും ചാമ്പാലാക്കാൻ ശേഷിയുള്ള ഒരായുധത്തിന് വേണ്ടിയായിരുന്നു അവരുടെ അന്വേഷണം. ആ ആയുധത്തിന്റെ അതിമാരക സംഹാരശേഷിയിലൂടെ ലോകമഹായുദ്ധത്തിന് അന്ത്യം കുറിക്കാനും ലോകത്തെ ഏറ്റവും ശക്തർ തങ്ങളെന്ന് തെളിയിക്കാനും അമേരിക്ക ആർത്തിയോടെ അന്വേഷണം തുടർന്നു... ഒടുവിൽ അതിനായി അവർ ഒരു പേരിൽ ചെന്നെത്തി - ജെ. റോബർട്ട് ഓപ്പൺഹൈമർ. പ്രശസ്തനായ അമേരിക്കൻ സൈദ്ധാന്തികഭൗതികശാസ്ത്രജ്ഞൻ, ന്യൂവിലെ സമ്പന ജൂതകുടുംബാ​ഗം. 

 

oppenheimer-trailer

രാഷ്ട്ര സേവനം എന്ന നിലയിൽ ഓപ്പൺഹൈമർ ആ ദൗത്യത്തിന്റെ ഭാ​ഗമാകാൻ നിർബന്ധിതനായി. മൻഹാറ്റൻ പദ്ധതിയുടെ ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റു. അങ്ങനെ ആ സാധാരണ മനുഷ്യനിലെ അസാധാരണമായ തലച്ചോറിലൂടെ  പിറവിയെടുത്തത് ലോകത്തെ ഇന്നും ഭയപ്പെടുത്തുന്ന വിനാശകാരിയായ ഒരായുധമാണ് - ആറ്റംബോംബ്. 

 CREDIT: Universal
CREDIT: Universal

 

Oppenheimer-nolan

റോബർട്ട് ഓപ്പൺഹൈമറുടെ ബുദ്ധി അമേരിക്കയുടെ യുദ്ധതാൽപര്യത്തിനായി ഹൈജാക്ക് ചെയ്യപ്പെടുകയായിരുന്നു. പക്ഷെ ഒടുവിൽ അതിന്റെ  പരിണിതഫലം അദ്ദേഹത്തെ ഞെട്ടിച്ചു. ആറ്റം ബോംബിന്റെ പിറവിക്ക് വഴിതെളിച്ച ക്രൂര പദ്ധതിയുടെ ഭാ​ഗമായത് ഓപ്പൺഹൈമറുടെ ഉറക്കം കെടുത്തി.ലോകത്തെ പ്ര​ഗത്ഭാരായ ശാസ്ത്രജ്ഞന്മാരുടെ ലെജൻഡ്ബുക്കിൽ അദ്ദേഹത്തിന് ഇടം നൽകിയത് ആറ്റംബോംബിന്റെ പിതാവ് എന്ന പേരിലാണെങ്കിലും മരണം വരെ ആ കണ്ടുപിടുത്തം അദ്ദേഹത്തെ വേട്ടയാടി. ആറ്റംബോംബിന്റെ നിർമ്മാണത്തെത്തുടർന്ന് പശ്ചാത്താപം തോന്നിയ ഓപ്പൺഹൈമർ പിൻകാലത്തുടനീളം ആണവായുധ നിയന്ത്രണത്തിനായി വാദിച്ചു.  ഇടതുപക്ഷ ‌ആഭിമുഖ്യം  പുലർത്തിയ ഓപ്പൺഹൈമർ പിന്നീട് അധികാരികളുടെ ശത്രുവായി മാറി. കയറിയ പടവുകളിൽ നിന്നെല്ലാം അദ്ദേഹം  പടുകുഴിയിലേക്ക് പതിച്ചു. 

 

ജെ.റോബർട്ട് ഓപ്പൺഹൈമർ എന്ന പേര് വീണ്ടും വാർത്തകളിലിൽ നിറയുകയാണ്. വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിക്കുന്ന സാക്ഷാൽ ക്രിസ്റ്റഫർ നോളനിലൂടെ. 2005-ലെ പുലിറ്റ്‌സർ സമ്മാനത്തിന് അർഹമായ ‘അമേരിക്കൻ പ്രൊമിത്യൂസ്: ദി ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ. റോബർട്ട് ഓപ്പൺഹൈമർ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് നോളൻ ഓപ്പൺഹൈമർ എന്ന ചിത്രമൊരുക്കുന്നത്. കിലിയൻ മർഫിയാണ് ചിത്രത്തിൽ ജെ.റോബർട്ട് ഒാപ്പൺഹൈമറായെത്തുന്നത്. എമിലി ബ്ലണ്ട്, റോബർട്ട് ഡൗണി ജൂനിയർ, മാറ്റ് ഡാമൺ, ഫ്ലോറൻസ് പഗ്, റാമി മാലെക്ക് തുടങ്ങിയവരും ചിത്രത്തിലുണ്ട്. 1945ൽ ഓപ്പൺഹൈമറിന്റെ നേതൃത്വത്തിൽ നടന്ന ട്രിനിറ്റി ടെസ്റ്റ് എന്ന മെക്സിക്കോയിലെ ആദ്യ നൂക്ലിയർ സ്ഫോടന പരീക്ഷണം നോളൻ തന്റെ സിനിമയ്ക്കു വേണ്ടി റി ക്രിയേറ്റ് ചെയ്തു എന്ന വാർത്ത വന്നപ്പോൾ അധികമാരും ഞെട്ടിയില്ല. 

 

കാരണം നോളനിൽ നിന്ന് ഇതല്ല ഇതിനപ്പുറവും സംഭവിക്കുമെന്ന് ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകർക്ക് നന്നായി അറിയാം.  ടെനറ്റ് എന്ന സിനിമയിൽ ബോയിങ് 747 വിമാനം ഒരു രംഗത്തിനായി പൂർണമായും തകർത്തുകളഞ്ഞയാളാണ് നോളൻ. വിഎഫ്എക്സിന്റെ ഉപയോഗം പരമാവധി കുറച്ച് ആക്‌ഷൻ രംഗങ്ങൾ യാഥാർഥ്യത്തോടെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശമാണ് ഇത്തരം സാഹസങ്ങൾക്ക് പിന്നിൽ. ഐമാക്സ് ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. നോളന്റെ പ്രിയ ഛായാഗ്രാഹകനായ ഹൊയ്തി വാൻ ഹൊയ്ടെമയാണ് ഓപ്പൺഹൈമറിന്റെ ക്യാമറ. വേദനിപ്പിക്കുന്ന അതിലേറെ ഭയപ്പെടുത്തുന്ന ആ ചരിത്രം നോളനിലൂടെ എങ്ങനെ വെള്ളിത്തിരയിലെത്തുമെന്ന കാത്തിരിപ്പിലാണ് ലോകമാകെയുള്ള സിനിമാ പ്രേക്ഷകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com