ഹരീഷ് പേങ്ങന് ജന്മനാടിന്റെ അന്ത്യാഞ്ജലി; വിട നൽകി കുടുംബാംഗങ്ങൾ; വിഡിയോ

hareesh-pengan-video
SHARE

അന്തരിച്ച നടൻ ഹരീഷ് പേങ്ങന്റെ അന്ത്യയാത്രയുടെ നിമിഷങ്ങളും പ്രേക്ഷകരിൽ നോവുപടർത്തുന്നു. ഹരീഷിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പൊട്ടിക്കരയുന്ന വിഡിയോയാണ് പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നത്. വയറുവേദനയായി ആശുപത്രിയിൽ ചികിത്സക്കെത്തിയ നടൻ ഹരീഷ് പേങ്ങന് കരൾ രോഗം സ്ഥിരീകരിക്കുകയും അപ്രതീക്ഷിതമായി അന്ത്യം സംഭവിക്കുകയായിരുന്നു. ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ കരൾ പകുത്തു നൽകാൻ തയാറായെങ്കിലും അത് സ്വീകരിക്കാൻ നിൽക്കാതെ ഹരീഷ് വിടപറയുകയായിരുന്നു.

ഹരീഷ് പേങ്ങന്റെ മൃതദേഹം മെയ് 31ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടി ജന്മനാടായ തുരുത്തിശ്ശേരിയിലെ വീട്ടിൽ സംസ്കരിച്ചു. നാട്ടുകാരും കലാ സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകരും അടക്കം നൂറുകണക്കിന് ആളുകൾ താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. താര സംഘടനയായ ‘അമ്മ’യുടെ പ്രതിനിധികളായി നടൻ സിദ്ദീഖ്, ബാബുരാജ് എന്നിവർ റീത്ത് സമർപ്പിച്ചു. നടന്മാരായ ജോജു ജോർജ്, സിജു വിൽസൺ, ബിജുക്കുട്ടൻ, സിനോജ് അങ്കമാലി തുടങ്ങിയവർ ഹരീഷിന് ആദരാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു.

ആലുവ എംഎൽഎ അൻവർ സാദത്ത്, മുൻ മന്ത്രി എസ്. ശർമ, ബെന്നി ബഹനാൻ എംപി., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ എന്നിവരും വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ഹരീഷിന്റെ അന്ത്യകർമ്മത്തിനിടയിൽ അദ്ദേഹത്തിന്റെ ഭാര്യയും വൃദ്ധയായ മാതാവും രണ്ടു സഹോദരിമാരും വിങ്ങിപ്പൊട്ടുന്ന ദൃശ്യങ്ങൾ കണ്ടുനിന്നവരിൽ നോവ് പടർത്തി.

മഹേഷിന്റെ പ്രതികാരം, ഹണീ ബി 2.5, ജാനേ മൻ, വെള്ളരിപ്പട്ടണം, ഷഫീക്കിന്റെ സന്തോഷം, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ ആൻഡ് ജോ, മിന്നൽ മുരളി തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച താരമാണ് ഹരീഷ് പേങ്ങൻ. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ പേങ്ങൻ എന്ന കഥാപാത്രം ചെയ്തതിനു ശേഷമാണ് ഹരീഷ് നായർ എം.കെ ഹരീഷ് പേങ്ങൻ എന്ന് അറിയപ്പെടാൻ തുടങ്ങിയത്. സിനിമയിൽ നിന്ന് അധികമൊന്നും സമ്പാദിക്കാൻ കഴിയാത്ത ഹരീഷിന് താരസംഘടനയായ അമ്മയുടെ അംഗത്വ ഫീസ് അടക്കാൻ കഴിഞ്ഞിരുന്നില്ല അതിനാൽ അംഗവുമായിരുന്നില്ല.

നിസ്സാരമായ വയറുവേദനയെന്നു കരുതി ചികിൽസിക്കാനെത്തിയപ്പോഴാണ് ഹരീഷിന് കരൾ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. മദ്യപാനിയല്ലാത്ത ഹരീഷ് പേങ്ങന് കരൾരോഗം വന്നതോടെ അദ്ദേഹത്തെ പലരും മദ്യപാനിയായ ചിത്രീകരിച്ചു എന്ന് അടുത്ത സുഹൃത്ത് മനോജ് വർഗീസ് പറഞ്ഞിരുന്നു. ഹരീഷിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കൾ സാമൂഹ്യമാധ്യമങ്ങൾ വഴി സഹായം അഭ്യർഥിച്ചിരുന്നു. നടൻ ടൊവിനോ തോമസ് ഒരു വലിയ തുക സഹായമായി നൽകിയിരുന്നുവെന്ന് മനോജ് വർഗീസ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയരുന്നു. കരൾ മാറ്റിവയ്ക്കൽ ചികിത്സയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഹരീഷിന്റെ അപ്രതീക്ഷിത വിയോഗം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS