ആ അവതാരക തന്നെ എന്റെ ശരീരത്തെ പരിഹസിക്കുകയാണ്: ഹണി റോസ് പറയുന്നു

honey-rose
SHARE

സമൂഹമാധ്യമങ്ങളിലൂടെ മാത്രമല്ല ടെലിവിഷൻ ചാനലുകളിലൂടെയും ബോഡി ഷെയ്മിങിന് ഇരയാകുന്നുണ്ടെന്ന് തുറന്നു പറഞ്ഞ് ഹണി റോസ്. സ്ത്രീകൾ തന്റെ ശരീരത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുമ്പോഴാണ് ഏറ്റവുമധികം സങ്കടം തോന്നുന്നതെന്നും ഹണി മനോരമ ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തിൽ പറയുകയുണ്ടായി. അടുത്തിടെ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം.

‘‘ഉദ്ഘാടനം സംബന്ധിച്ച ട്രോളുകളെല്ലാം ഒരു പരിധി വരെ ഞാൻ ആസ്വദിച്ചിട്ടുണ്ട്. പക്ഷേ ആ പരിധി വിടുമ്പോൾ എല്ലാം ബാധിച്ചു തുടങ്ങും. അതിഭീകരമായ വിധത്തിൽ ഞാൻ ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ട്. ഒരാളുടെ ശരീരത്തെക്കുറിച്ചു കളിയാക്കുക എന്നത് കേൾക്കാൻ അത്ര സുഖമുള്ള കാര്യമല്ല. തുടക്കത്തിലൊക്കെ ഞാൻ വിചാരിച്ചിട്ടുണ്ട് എന്തുകൊണ്ടായിരിക്കും ഇങ്ങനെ പറയുന്നത് എന്ന്. കുറച്ചു കഴിഞ്ഞപ്പോൾ അതിനു ചെവി കൊടുക്കാതെയായി. ഞാൻ മാത്രമല്ല. വീട്ടുകാരും. 

പക്ഷേ എനിക്കിപ്പോഴും സങ്കടം തോന്നുന്നത് സ്ത്രീകൾ എന്റെ ശരീരത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുമ്പോഴാണ്. ഞാൻ മാത്രമല്ല ഇത് അഭിമുഖീകരിക്കുന്നത്. ഈയിടെ ഒരു ചാനൽ പ്രോഗ്രാമിൽ അതിഥിയായി വന്ന നടനോട് അവതാരകയായ പെൺകുട്ടി ചോദിക്കുന്നു: ‘ഹണി റോസ് മുൻപിൽകൂടി പോയാൽ എന്തു തോന്നും?’ ഇതു ചോദിച്ച് ആ കുട്ടി തന്നെ പൊട്ടിച്ചിരിക്കുകയാണ്. ‘എന്ത് തോന്നാൻ? ഒന്നും തോന്നില്ലല്ലോ’ എന്നു പറഞ്ഞ് ആ നടൻ അത് മാന്യമായി കൈകാര്യം ചെയ്തു. 

പക്ഷേ ഈ കുട്ടി ചോദ്യം ചോദിച്ച് ആസ്വദിച്ചു ചിരിക്കുകയാണ്. അതെനിക്കു ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കി. എന്തോ ഒരു കുഴപ്പമുണ്ട് എന്ന് അവർ തന്നെ സ്ഥാപിച്ചു വയ്ക്കുകയാണ്. ഇനി ഇവർ എന്നെ അഭിമുഖത്തിനായി വിളിച്ചാൽ ആദ്യം ചോദിക്കുന്ന ചോദ്യം ‘ബോഡി ഷെയ്മിങ് കേൾക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാകാറുണ്ടോ, വിഷമം ഉണ്ടാകാറുണ്ടോ?’ എന്നായിരിക്കും. മറ്റൊരു ചാനലിൽ ഇതുപോലെ പ്രശസ്തനായ ഒരു കൊമേഡിയൻ പറയുന്നു. ‘ഇതില്ലെങ്കിലും എനിക്ക് ഉദ്ഘാടനം ചെയ്യാൻ പറ്റും’ എന്ന്. ഇത്രയും മോശം അവസ്ഥയാണ്. അതിനു ചാനലുകൾ അംഗീകാരം കൊടുക്കുന്നു എന്നത് അതിലും പരിതാപകരമാണ്. ഒരു സ്ത്രീശരീരത്തെപ്പറ്റിയാണ് ഇങ്ങനെ കോമഡി പറയുന്നത്. ഇപ്പോൾ ഞാനതൊക്കെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണു പതിവ്.’’–ഹണി റോസ് പറഞ്ഞു.

ഇവിടെ വരെ എത്തിയത് സ്വന്തം കാലിൽ: ഇല്ലാക്കഥകൾ പ്രചരിപ്പിക്കരുത്: ഹണി റോസ് അഭിമുഖം

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘റാണി’യാണ് ഹണി റോസിന്റെ പുതിയ സിനിമ. ഉർവശി, ഭാവന, ഇന്ദ്രൻസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. പുതുമുഖം നിയതി കാദമ്പി എന്ന പുതുമുഖയാണ് നായിക.

മനോരമ ആഴ്ച പതിപ്പിലെ ഹണി റോസിന്റെ അഭിമുഖം പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS