ADVERTISEMENT

ലക്ഷദ്വീപിനെ പശ്ചാത്തലമാക്കി ചിത്രീകരണം പൂർത്തിയാക്കിയ ‘ഫ്‌ളഷ്’ എന്ന സിനിമയുടെ റിലീസിന് നിർമാതാവ് തടസ്സം നിൽക്കുന്നതായി യുവസംവിധായിക ഐഷ സുൽത്താന. നിർമാതാവിന്റെ ഭർത്താവിന്റെ ചില രാഷ്ട്രീയ താൽപര്യങ്ങളാണ് റിലീസ്‌ തടയാൻ കാരണമെന്നും ഐഷ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തെക്കുറിച്ച്‌ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുള്ള സിനിമ റിയൽ സ്‌റ്റോറിയെന്നു പറഞ്ഞ്‌ പ്രചരിപ്പിക്കുന്നവരാണ്‌, ലക്ഷദ്വീപിന്റെ റിയൽ സ്‌റ്റോറി പ്രദർശനത്തെ തടയുന്നത്‌. ഒരു മാസത്തിനുള്ളിൽ സിനിമ റിലീസ് ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ യുട്യൂബ്, ഫെയ്‌സ്ബുക് എന്നിവയിലൂടെ സിനിമയോ സിനിമയുടെ പ്രസക്തഭാഗങ്ങളോ റിലീസ് ചെയ്യുമെന്നും ഐഷ വ്യക്തമാക്കി.  

 

‘‘സിനിമയോടും കലയോടുമുള്ള അനീതിയാണിത്. എന്റെ നാടിനുവേണ്ടിയുള്ള കാര്യങ്ങളാണ് സിനിമയിലൂടെ തുറന്നുകാണിക്കുന്നത്. അതിനാണ് തടയിട്ടിരിക്കുന്നത്. റിലീസിനു വേണ്ടി ഞാൻ ആളുകളെ റെഡിയാക്കി കൊടുക്കുമ്പോഴും ഇവർ അതിൽ താൽപര്യം കാണിക്കുന്നില്ല. അപ്പോഴാണ് ഇതിൽ അജൻഡ ഉണ്ടെന്ന കാര്യം അറിയുന്നത്. പലപ്പോഴും റിലീസിന്റെ കാര്യത്തിൽ ഇവര്‍ ഒഴിഞ്ഞുമാറി. 

 

ഒരു വർഷമായി നിർമാതാക്കളുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അവസാനമായി ബന്ധപ്പെട്ടപ്പോൾ പറഞ്ഞത്, ‘നീ കേന്ദ്രസർക്കാരിനെതിരെ സംസാരിച്ചിരിക്കുകയാണ്’ എന്നാണ്. അതുകഴിഞ്ഞാണ് ഫെയ്സ്ബുക്കിൽ ഞാൻ കുറിപ്പ് എഴുതുന്നത്. കേന്ദ്രസർക്കാരിന് എതിരായ സിനിമയെന്നു പറഞ്ഞാണ്‌ നിർമാതാവ്‌ ഒടിടിയിൽപ്പോലും റിലീസ് ചെയ്യാൻ അനുവദിക്കാത്തത്‌. സിനിമയ്‌ക്ക്‌ ഒന്നരവർഷം മുമ്പ്‌ സെൻസർ സർട്ടിഫിക്കറ്റ്‌ കിട്ടിയതാണ്‌. ലക്ഷദ്വീപിൽനിന്ന്‌ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സയ്‌ക്കു കേരളത്തിലേക്കു വിമാനത്തിൽ എത്തിക്കാനുള്ള ബുദ്ധിമുട്ടുകൾ സിനിമയിൽ പറയുന്നുണ്ട്‌. ഇത് യഥാർഥ സംഭവമല്ലെന്നാണ് നിർമാതാവ് പറയുന്നത്‌.

 

ഇതൊരു കൊമേഴ്സ്യൽ സിനിമയല്ല, ആർട് ഇടകലർത്തിയാണ് ചിത്രം ചെയ്തിരിക്കുന്നത്. എന്റെ സ്ക്രിപ്റ്റ് പോലും വളച്ചൊടിച്ചു. എഡിറ്റിങ് പോലും അവർക്ക് ഇഷ്ടമുള്ളതുപോലെ മാറ്റിമറിച്ചു. എന്നിട്ടും റിലീസ് ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് എന്റെ സങ്കടം. ഈ സിനിമ ആളുകള്‍ കാണണം. ഇതിനെക്കുറിച്ച് സംസാരിക്കണം. അത്രയധികം പ്രശ്നം നാട്ടിലുണ്ടായതുകൊണ്ടാണ് ഞാൻ ഈ സിനിമയുമായി വന്നത്. എന്തുവന്നാലും അവിടെ ഇവാക്വേഷൻ ആണ്. ഇത്തരം കാര്യങ്ങളാണ് സിനിമയിൽ പറഞ്ഞത്. ലക്ഷദ്വീപിൽ നീ പറഞ്ഞതുപോലെ പ്രശ്നങ്ങളില്ലെന്നാണ് ഇവർ പറയുന്നത്. ഞങ്ങള്‍ക്കുവേണ്ടത് നല്ല ഡോക്ടർമാരും ആശുപത്രിയുമാണ്. 

 

ഈ മാസം കൂടി നോക്കും. ഇനി അവർ റിലീസ് പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞാൽ യൂട്യൂബിലൂടെയോ ഫെയ്സ്ബുക്കിലൂടെയോ റിലീസ് ചെയ്യും. എനിക്ക് ആവശ്യമുള്ള മൂന്ന് സീൻ ചിത്രത്തിലുണ്ട്. അത് റിലീസ് ചെയ്യും. ചിത്രം പെട്ടിയിൽ വയ്ക്കാനാണെങ്കിൽ ഇത്ര കഷ്ടപ്പെട്ട് സിനിമ ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ?

 

ഷൂട്ടിനിടയിൽ അവിടെ ഭക്ഷണം കിട്ടാതെ പട്ടിണി വരെ ഇരുന്നിട്ടുണ്ട്. എങ്ങനെയെങ്കിലും പടം നിർത്തിപ്പോകാൻ അവർ ചെയ്തതാണ്. അഞ്ചു ദിവസം കൊണ്ട്‌ ഷൂട്ടിങ്‌ തീർക്കണമെന്ന്‌ നിർമാതാവിന്റെ ഭർത്താവ്‌ ആവശ്യപ്പെട്ടു. ലൊക്കേഷനിൽനിന്ന്‌ പല ഉപകരണങ്ങളും കാണാതായി. അഡ്‌മിനിസ്‌ട്രേഷനെ സ്വാധീനിച്ച്‌ 144 പ്രഖ്യാപിച്ച്‌ തടസ്സം സൃഷ്‌ടിച്ചു. ഷൂട്ടിങ്‌ കഴിഞ്ഞ്‌ കൊച്ചിയിൽ തിരിച്ചെത്തിയപ്പോഴാണ്‌ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ.പട്ടേൽ ദ്വീപ്‌ ജനതയെ ദുരിതത്തിലാക്കിയ പരിഷ്‌കാരങ്ങൾ നടത്തിയതും അതിനെതിരെ താൻ പ്രതികരിച്ചതും. തുടർന്ന്‌ രാജ്യദ്രോഹ കേസിൽവരെ പെടുത്തി. അതിന്റെ തുടർച്ചയായാണ്‌ ഇപ്പോൾ സിനിമയ്‌ക്കെതിരായ നീക്കം.

 

ഞാൻ മൂന്ന് മാസമായി ലക്ഷ​ദ്വീപിലായിരുന്നു. തിരിച്ചുവന്നതേയുള്ളു. റിലീസിന്റെ കാര്യങ്ങൾ എന്തായെന്നു ചോദിക്കാനാണ് ഞാൻ തിരിച്ചുവന്നത്. ഞാൻ ലക്ഷദ്വീപിൽ പോയാൽ എന്തൊക്ക നടക്കുമെന്ന് അവർക്ക് അറിയാം. അതുകൊണ്ട് ഞങ്ങളെ തിരിച്ചുകൊണ്ടുവരാനും പണി തരാനും അവർ പരമാവധി ശ്രമിക്കുകയാണ്. പടം പെട്ടിയിൽ കിടക്കുകയാണ്, ‘നീ കുറച്ച് കൂടി അടങ്ങിയൊതുങ്ങി നടക്ക് ഐഷാ’ എന്നു സൂചിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഒന്നര വർഷമായി ഞാൻ പ്രതികരിക്കാതിരിക്കുകയായിരുന്നു.’’ – ഐഷ സുൽത്താന പറഞ്ഞു.

 

ഫ്ളഷ് എന്ന ചിത്രം റിലീസ് ചെയ്യാൻ സാധിക്കാത്തതിനു പിന്നിൽ നിർമാതാവാണെന്ന് ഐഷ നേരത്തെയും ആരോപിച്ചിരുന്നു. കേന്ദ്ര സർക്കാരിന് എതിരെ സംസാരിച്ച സിനിമ താനൊരിക്കലും റിലീസ് ചെയ്യില്ലെന്ന് നിർമാതാവ് തന്റെ മുഖത്തുനോക്കി പറഞ്ഞെന്നായിരുന്നു ഐഷയുടെ ആരോപണം.

 

 

 

Enlgish Summary: Aisha Sulthana claimed that the producer betrayed the film, which courageously addressed Lakshadweep issues, for personal political gain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com