ADVERTISEMENT

 

സിനിമയ്ക്കു മോശം റിവ്യൂ നല്‍കിയതിന്റെ പേരിൽ ആളുകൾ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സന്തോഷ് വർക്കി. സിനിമ കണ്ടത് 35 മിനിറ്റാണെന്നും ഇഷ്ടപ്പെടാത്തതുകൊണ്ടാണ് തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോയതെന്നും സന്തോഷ് വർക്കി പറയുന്നു. അബൂബക്കർ എന്നൊരു യൂട്യൂബർ തന്നെ നിർബന്ധിച്ച് സിനിമയുടെ റിവ്യൂ പറയിപ്പിക്കുകയായിരുന്നുവെന്നും ഇനി ജീവിതത്തിൽ ഒരു സിനിമയുടെയും റിവ്യൂ പറയില്ലെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.

 

‘‘തിയറ്ററിൽ നിന്നിറങ്ങി ഞാൻ നടന്നുപോകുകയായിരുന്നു. എന്നെ അങ്ങോട്ടു വിളിച്ചുവരുത്തി ചെയ്യിപ്പിച്ചതാണ്. ഇതിനു മുമ്പും എന്റെ പല വിഡിയോയും ചെയ്ത് കാശാക്കിയിട്ടുള്ള ആളാണ് അബൂബക്കർ. പടം ഞാൻ അരമണിക്കൂർ കണ്ടു. ഇഷ്ടപ്പെട്ടില്ലാത്തതുകൊണ്ട് ഇറങ്ങിപ്പോയി. പക്ഷേ എന്നെ വിളിച്ചിവരുത്തി നെഗറ്റിവ് റിവ്യൂ പറയിപ്പിച്ചതാണ്. അയാളോട് നോ പറയാൻ പറ്റിയില്ല. ഇതു കൊടുത്താൽ ശരിയാകില്ല, പ്രശ്നമാകും എന്നു പറഞ്ഞതാണ്. ഇത് ഫുൾ റിവ്യൂ, അല്ല വെറും മുപ്പത് മിനിറ്റിന്റെ റിവ്യൂ ആണെന്ന് പറഞ്ഞുതമാണ്. 

 

അതുവരെ കണ്ടതിൽവച്ച് പടം മോശമാണെന്നു ഞാൻ പറഞ്ഞു. അഞ്ചാറ് പേർ എന്നെ തല്ലാൻ വന്നു. ഫാൻസിന്റെ ആളുകളും ടൂൾസ് വച്ച് തല്ലാൻ വന്നു. പരാതി കൊടുക്കുന്നില്ല. എന്നെ തല്ലാൻ വന്ന സമയത്തുപോലും യൂട്യൂബേഴ്സ് വിഡിയോ എടുത്തുകൊണ്ട് നിൽക്കുകയായിരുന്നു. ശരിക്കും എന്നെ തല്ലി. മതിയായി ജീവിതം.

 

സിനിമ മോശം തന്നെയായിരുന്നു. 35 മിനിറ്റ് വളരെ മോശമായിരുന്നു. സിനിമ നന്നാക്കാനുള്ള ബാധ്യത അവർക്കുണ്ട്. കഷ്ടപ്പെട്ടുതന്നെയാണ് എല്ലാവരും സിനിമ ഉണ്ടാക്കുന്നത്. ജീവിതത്തിൽ നോ പറയാത്തതുകൊണ്ട് കുറേ അനുഭവിച്ചു. അങ്ങനെ നോ പറയാത്തതുകൊണ്ടാണ് ആറാട്ടണ്ണൻ എന്ന പേരു വന്നത്. ഇന്ന് അടികൊണ്ടത് ഞാൻ. ആ വിഡിയോ എടുത്ത ആൾക്ക് ഒരു കുഴപ്പവുമില്ല. ഇനിയും സിനിമ കാണും, പക്ഷേ റിവ്യൂ കൊടുക്കില്ല. എന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു. ഇനി എന്നെ ട്രോളാൻ ഞാൻ ആരുടെ മുന്നിലും നിന്നു കൊടുക്കില്ല. ഞാൻ വൈറലായപ്പോൾ പലർക്കും അസൂയ ഉണ്ടായിരുന്നു. ഇനി ആറാട്ടണ്ണനില്ല. എന്റെ യൂട്യൂബ് ചാനലും വിൽക്കാൻ പോകുകയാണ്.

 

ഇവരെല്ലാം എന്നെ വച്ച് ലക്ഷക്കണക്കിന് പൈസ ഉണ്ടാക്കി. ഇതെന്റെ അവസാന റിവ്യൂ ആണ്. ഇനി റിവ്യൂ പറയില്ല. ഇതിനു മുമ്പും പോസിറ്റിവും നെഗറ്റിവും റിവ്യു പറഞ്ഞിട്ടുണ്ട്. എല്ലാവരുടെയും മുന്നിൽ ഞാൻ മോശക്കാരനായി. മരിച്ചു പോയ എന്റെ അച്ഛനു മുന്നിൽ പരിഹാസ കഥാപാത്രമായി. യൂട്യൂബേഴ്സ് ആണ് എന്നെ ആറാട്ടണ്ണനാക്കിയത്. ഇവർക്ക് എന്ത് എത്തിക്സ് ഉണ്ട്. എത്രമാത്രം തെറി കേട്ടു. എനിക്കെന്ത് ഗുണം കിട്ടി. ഒരുപൈസ പോലും ആരുടെയും കയ്യിൽ നിന്നും മേടിച്ചിട്ടില്ല. പല പെൺകുട്ടികളും എന്നെ നോക്കി കളിയാക്കുകയാണ്. ഞാനൊരു കോമാളിയായി. ’’–സന്തോഷ് വർക്കി പറഞ്ഞു.

 

കൊച്ചി വനിത–വിനീത തിയറ്ററിലാണ് ഒരുകൂട്ടം ആളുകൾ സന്തോഷിനെ മർദിക്കാൻ ശ്രമിച്ചത്. ജൂൺ രണ്ടിനു റിലീസ് ചെയ്ത ‘വിത്തിൻ സെക്കൻഡ്സ്’ എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നായിരുന്നു സംഘർഷം. സിനിമ മുഴുവൻ കാണാതെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ചായിരുന്നു തർക്കം. 

English Summary: Santhosh Varkey's response on negative review comment

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com