ADVERTISEMENT

നടി അഞ്ജന ജയപ്രകാശിന്റെ ജന്മദിനത്തിൽ ‘പാച്ചു’വിലേക്കുള്ള ഓഡിഷൻ വിഡിയോ പങ്കുവച്ച് സംവിധായകൻ അഖിൽ സത്യൻ. അഖിൽ സംവിധാനം ചെയ്ത ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലെ ഹംസധ്വനി എന്ന നായികാ കഥാപാത്രമായി എത്തിയ നടിയാണ് അഞ്ജന ജയപ്രകാശ്. അറിയാതെ അയച്ച ഒരു ഇ മെയിലിൽനിന്നുമാണ് അഖിലിന് ‘ഹംസധ്വനി’യെ കിട്ടുന്നത്. ആ കഥയും വിഡിയോയ്ക്കൊപ്പം അഖിൽ പങ്കുവയ്ക്കുന്നുണ്ട്.

 

സിനിമയിലേക്കു നായികയായി 20 പേരെയാണു കാസ്റ്റിങ് ഡയറക്ടർ പരിഗണിച്ചത്. ഇവരിലാരും കഥാപാത്രത്തിന് ഇണങ്ങുന്നവരായിരുന്നില്ല. അടുത്ത ദിവസം കൂടുതൽ പേരെ കണ്ടെത്താൻ തീരുമാനിച്ചിരുന്നു. ഇതേ സിനിമയിലെ ചെറിയൊരു വേഷത്തിനായി കാസ്റ്റിങ് ഡയറക്ടർ അയച്ച ഇ മെയിലിനൊപ്പം നായികയായി പരിഗണിക്കേണ്ടവര്‍ക്കുള്ള മെയിലും അറിയാതെ അയച്ചിരുന്നു. അഭിനയിച്ചു കാണിക്കേണ്ട ഭാഗത്തിന്റെ വിവരണവും ഡയലോഗുമായിരുന്നു മെയിലിലുണ്ടായിരുന്നത്. രാത്രി കാസ്റ്റിങ് ഡയറക്ടർക്കു തിരിച്ചു വന്ന ഒരു മെയിലിൽ ഈ രണ്ടു വേഷവും അഭിനയിച്ചു കാണിക്കുന്ന ഒരു പെൺകുട്ടിയുടെ വിഡിയോയും ഉണ്ടായിരുന്നു.

 

അഭിനയം കണ്ട കാസ്റ്റിങ് ഡയറക്ടർ അർധരാത്രി തന്നെ മെയിൽ സിനിമയുടെ ടീമിന് അയച്ചു. അപ്രതീക്ഷിതമായി കിട്ടിയ ഈ മെയിലിൽനിന്നാണു തൊട്ടടുത്ത ദിവസം രാവിലെ അഞ്ജന ജയപ്രകാശ് നായികയാകുന്നത്. 2019 ജൂലൈയിലെ ഒരു അർധരാത്രിയിൽ അഞ്ജനയുടെ ഓഡിഷൻ വിഡിയോ കണ്ട താൻ ഹംസധ്വനി എന്ന കഥാപാത്രത്തിന് വേണ്ടി അതുവരെ ഷോർട്ട് ലിസ്റ്റ് ചെയ്ത എല്ലാവരെയും തള്ളിക്കളയുകയായിരുന്നുവെന്ന് അഖിൽ സത്യൻ പറയുന്നു. തനിക്ക് സിനിമയ്ക്ക് വേണ്ടി എഴുതിയതിൽ ഏറ്റവും ഇഷ്ടമുള്ള ഭാഗം ഹംസധ്വനിയുടേതാണെന്നും ഹംസ കാരണം, വളരെ നാളായി ഗിറ്റാർ വായിക്കാതിരുന്ന ജസ്റ്റിൻ പ്രഭാകരൻ പോലും ഗിറ്റാർ വായിച്ചുപോയി എന്നും അഖിൽ സത്യൻ പറയുന്നു. 

 

അഖിൽ സത്യന്റെ കുറിപ്പിന്റെ പൂർണരൂപം:

anjana-jayaprakash-3

 

anjana-jayaprakash-4

‘‘2019 അവസാനത്തിന്റെ ഒരു അർധരാത്രിയിൽ എന്റെ കാസ്റ്റിങ് ഡയറക്ടർ ഗായത്രി സ്മിത എനിക്കയച്ച ഒരു ഇമെയിൽ ഞാൻ അതുവരെ കണ്ടുവച്ച എല്ലാ ‘ഹംസധ്വനി’ ഓപ്ഷനുകളും മാറ്റിമറിക്കുകയായിരുന്നു. അന്ന് ഞങ്ങൾ പാച്ചുവിന് അനുയോജ്യയായ ഹംസത്തിനെ കണ്ടെത്തി. അഞ്ജന ജയപ്രകാശിന്റെ ഈ സെൽഫ് ഓഡിഷൻ ക്ലിപ്പ് ആയിരുന്നു അന്ന് ഞങ്ങൾക്ക് കിട്ടിയത്. അടുത്ത ദിവസം തന്നെ അവൾ ഞങ്ങളുടെ ‘ഹംസ’യായി മാറി.

anjana-jayaprakash-34

 

ഒരു മഹാമാരി ഉൾപ്പെടെ മൂന്ന് വർഷവും ആറ് ഷെഡ്യൂളുകളും നിരവധി തടസ്സങ്ങളും അതിജീവിക്കേണ്ടി വന്നതിനാൽ 2022 അവസാനത്തോടെ മാത്രമാണ് അഞ്ജന ഷൂട്ടിൽ ജോയിൻ ചെയ്തത്. ഈ അനിശ്ചിതത്വത്തിലായ വർഷങ്ങളിലെല്ലാം ഈ ഓഡിഷൻ ക്ലിപ്പ് ഹംസധ്വനിയുടെയും അവളുടെ ആഴമേറിയ വികാരങ്ങളുടെയും ലോകത്തേക്ക് കടക്കാൻ എന്നെ സഹായിച്ചു. അതെ, സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്ത് അവളെക്കുറിച്ചുള്ളതാണ്.

 

ഇപ്പോൾ 2023 ജൂൺ വരെ എന്റെ ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ഹംസധ്വനിയുടെ പോസ്റ്റുകളും ലേഖനങ്ങളും ആരാധകർ നിർമിച്ച റീലുകളും നിറഞ്ഞിരിക്കുന്നു. ഒരു വലിയ 'ഹംസ' ആരാധകവൃന്ദത്തെ ഞാൻ കാണുന്നുണ്ട് അഞ്ജന അത് അർഹിക്കുകയും ചെയ്യുന്നു.

 

ഹംസധ്വനിയെക്കുറിച്ചും അഞ്ജനയെക്കുറിച്ചും ഓർക്കുമ്പോൾ എനിക്ക് സന്തോഷമുണ്ട്, അതുപോലെ തന്നെ 2019 ജൂലൈയ്ക്ക് ശേഷമുള്ള എന്നെക്കുറിച്ചോർക്കുപോഴും എനിക്ക് സന്തോഷമുണ്ട്. കാരണം അന്നാണ് ഈ സീൻ എഴുതിയതിന് തൊട്ടുപിന്നാലെ ഒരു രാത്രി റണ്ണിങ് ഷൂസ് ധരിച്ച് പുറത്തിറങ്ങി ഞാൻ ഓടിയത്. ഹംസധ്വനിയുടെ ജീവിതത്തിലെ നഷ്ടം എനിക്ക് വല്ലാത്ത ഭാരമായി തോന്നി, അവൾ അത് പാച്ചുവുമായുള്ള കണ്ടുമുട്ടലിന്റെ രണ്ടാം ദിവസം തന്നെ അവനോടു പങ്കുവച്ചതിൽ എനിക്ക് കുറച്ച് ആശ്വാസവും തോന്നി.

 

PS : ഈ ക്ലിപ്പിൽ ഞാൻ ഉപയോഗിച്ച ട്രാക്ക് സുദീപ് പാലനാടിന്റെ 'ബാലെ' എന്ന ഗാനത്തിന്റെ സോൾഫുൾ ഇൻസ്ട്രുമെന്റൽ പതിപ്പാണ്.  ഈ സീനിന്റെ യഥാർഥ സ്കോർ എന്റെ സ്വന്തം ജസ്റ്റിൻ പ്രഭാകരൻ പെട്ടെന്ന് വായിച്ച ഒരു ഗിറ്റാർ നോട്ടാണ്. ഈ രംഗം കണ്ടയുടനെ എന്റെ കൺമുന്നിൽ വച്ചാണ് അദ്ദേഹം സ്കോർ വായിച്ചത്. ജസ്റ്റിൻ വളരെ നാളുകൾക്ക് ശേഷം ഗിറ്റാർ വായിച്ചു, അതിന് കാരണം ഹംസധ്വനി ആയിരുന്നു....അതെ, അഞ്ജന ജയപ്രകാശിന് ജന്മദിനാശംസകൾ.’’

 

ഗൗതം മേനോന്റെ ജയലളിത എന്ന വെബ് സീരീസിലെ നായികയായ അഞ്ജന, ധ്രുവങ്ങൾ 16 എന്ന സിനിമയിലേയും നായികയായിരുന്നു. പിന്നീടു ഷോർട്ട് ഫിലിമുകളിൽ ശ്രദ്ധേയായ അഞ്ജന ഏറെ നാടക കളരികളുമായും അടുത്തു പ്രവർത്തിച്ചു. ആലപ്പുഴക്കാരിയായ അഞ്ജന വളർന്നതു ഷാർജയിലാണ്. 

 

English Summary: Akhil Sathyan share audition video of actress Anjana Jayaprakash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com