ADVERTISEMENT

കൊല്ലം സുധിയെ അവസാനമായി കണ്ട് സഹപ്രവർത്തകർ. നടൻ സുരേഷ് ഗോപി, ഹരിശ്രീ അശോകൻ, സുരാജ് വെഞ്ഞാറമ്മൂട്, ഹൈബി ഈഡൻ തുടങ്ങി സിനിമാ–സാംസ്കാരിക മേഖലയിലെ നിരവധി ആളുകളാണ് പ്രിയ കലാകാരനെ ഒരുനോക്കു കാണാനായി എത്തിയത്. കാക്കനാട് ആണ് മൃതദേഹം പൊതുദർശനത്തിനു വച്ചത്. ലക്ഷ്മിപ്രിയ, ശ്രീവിദ്യ മുല്ലച്ചേരി എന്നിവർ സങ്കടം സഹിക്കവയ്യാതെ വിങ്ങിപ്പൊട്ടി.

 

സുധിയുടെ സഹപ്രവർത്തകരും പ്രേക്ഷകരും ഉൾപ്പടെ നിരവധിപ്പേരാണ് ആദരാഞ്ജലികൾ അർപ്പിക്കാനെത്തുന്നത്. പൊതുദർശനത്തിനുശേഷം നാളെ കോട്ടയത്തുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും.

 

ഇന്നു പുലർച്ചെ 4.30നാണ് നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി (39), ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർ സഞ്ചരിച്ച കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റവരെയും കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 

പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ബിനു അടിമാലിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം. ഓടിക്കൂടിയ നാട്ടുകാരും ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്‌വൈഎസ്, സാന്ത്വനം, ആക്ട്സ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. വടകരയിൽ ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു സുധിയും സംഘവും.

 

കൊല്ലം സ്വദേശിയാണെങ്കിലും കോട്ടയം വാകത്താനം പൊങ്ങന്താനത്താണ് സുധി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. സുധിയുടെ ഭാര്യയുടെ സ്വദേശമാണ് കോട്ടയം. പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് കേരളത്തിലെ അറിയപ്പെടുന്ന ഹാസ്യ കലാകാരനായി മാറിയ സുധിയുടെ ജീവിതം ഏറെ ദുരിതപൂർണമായിരുന്നു.

 

കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളിൽ സുധി എത്തിയിട്ടുണ്ട്.

 

English Summary: Celebrities pay tribute to Kollam Sudhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com