രാമ–രാവണ യുദ്ധം പശ്ചാത്തലമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്ന വ്യത്യസ്തമായ നടപടിയാണ് ചർച്ചയാകുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് തീരുമാനം. ഹനുമാന്‍ ചിത്രം കാണാന്‍ വരും എന്ന വിശ്വാസത്തിലാണ് ഇത്. വിശ്വാസ പ്രകാരം, രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ചിരഞ്ജീവിയായ ഹനുമാന്റെ സാന്നിധ്യമുണ്ടാകും. അതിനാല്‍ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലും ഹനുമാന്‍ എത്തുമെന്ന് അണിയറക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. അതിന്‍റെ 85 ശതമാനത്തോളം, റിലീസിനു മുന്‍പു തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ബോളിവുഡ് ഹംഗാമയുടെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റുകൾ എന്നിവയുടെ വില്‍പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. തെന്നിന്ത്യയില്‍നിന്ന് തിയറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും പറയുന്നു. ജൂണ്‍ 16 നാണ് ചിത്രത്തിന്‍റെ റിലീസ്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തും.
‘താനാജി’ക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.
English Summary: Adipurush team to dedicate 1 seat in every theatre to Lord Hanuman