ADVERTISEMENT

നടൻ മധുവിനെ സന്ദർശിച്ച ശേഷം സംവിധായകൻ സത്യൻ അന്തിക്കാട് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. പ്രായത്തിന് പിടികൊടുക്കാതെ ഉന്മേഷവാനായാണ് അദ്ദേഹം ഇരിക്കുന്നതെന്നും ജീവിതത്തിന് സ്വന്തമായൊരു ചിട്ട കൽപിക്കുകയും കൃത്യമായി അതു പാലിക്കുകയും ചെയ്യുന്നതു കൊണ്ടാകാം ആ മനസ്സിനും ശരീരത്തിനും വാർദ്ധക്യം ബാധിക്കാത്തതെന്നും സത്യൻ അന്തിക്കാട് പറയുന്നു.

 

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ:

 

ഈയിടെ തിരുവനന്തപുരത്ത് പോയപ്പോൾ മധുസാറിനെ കണ്ടു. കണ്ണമ്മൂലയിലെ പഴയ വീട്ടിൽ പ്രായത്തിന് പിടികൊടുക്കാതെ ഉന്മേഷവാനായി മധുസാർ ഇരിക്കുന്നു. ഉമാ സ്റ്റുഡിയോയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച കാലവും പഴയ സിനിമാവിശേഷങ്ങളുമൊക്കെ പറഞ്ഞ് കുറേ നേരം അവിടെയിരുന്നു. എല്ലാ ദിവസവും മധു സർ സിനിമകൾ കാണും, പുസ്തകങ്ങൾ വായിക്കും. രാത്രി രണ്ടു മണിയായിട്ടേ ഉറങ്ങു. പിറ്റേന്ന് ഉണരുന്നത് ഉച്ചയോടടുത്ത് പതിനൊന്നു മണിക്കാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങുകയോ മീറ്റിങുകളിൽ പങ്കെടുത്ത്  പ്രസംഗിക്കുകയോ ചെയ്യില്ല. ജീവിതത്തിന് സ്വന്തമായൊരു ചിട്ട കൽപിക്കുകയും കൃത്യമായി അതു പാലിക്കുകയും ചെയ്യുന്നതു കൊണ്ടാകാം ആ മനസ്സിനും ശരീരത്തിനും വാർദ്ധക്യം ബാധിക്കാത്തത്.

 

ഈ കുറിപ്പെഴുതാനുള്ള കാരണം ഇതൊന്നുമല്ല. മനോരമയുടെ 'ഞായറാഴ്ച' പേജിൽ മധുസാർ സ്വന്തം ജീവിതകഥ എഴുതുന്നുണ്ട്. കഴിഞ്ഞൊരു അദ്ധ്യായത്തിൽ പണ്ട് ഡൽഹിയിലെ സ്‌കൂൾ ഓഫ് ഡ്രാമയിൽ അഭിനയം പഠിച്ചിരുന്ന കാലത്തെ ഒരു ഓർമ അദ്ദേഹം പങ്കുവച്ചിരുന്നു. അത് വായിച്ചിട്ടില്ലാത്തവർക്ക് വേണ്ടി മധു സാറിന്റെ വാക്കുകളിൽ തന്നെ താഴെ കൊടുക്കുകയാണ്.

 

‘‘ഐഫക്സ് ഹാൾ ഡൽഹിയിലെ പ്രശസ്തമായ തിയറ്ററാണ്. മിക്കവാറും മികച്ച നാടകങ്ങളൊക്കെ ഇവിടെയായിരുന്നു അവതരിപ്പിച്ചിരുന്നത്. അവിടെ ഒരു പുതിയ നാടകം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വരുന്ന വിവരം ഞങ്ങൾക്ക് ലഭിച്ചു. അന്ന് ഞങ്ങൾ നേരത്തെ തന്നെ ഹാളിലെത്തി. നെഹ്‌റുവിനെ വളരെ അടുത്ത് കാണാൻ കിട്ടുന്ന അവസരമല്ലേ. പറഞ്ഞ സമയത്തു തന്നെ പ്രധാനമന്ത്രി വേദിയിലെത്തി. ഔപചാരികമായ ഉദ്ഘാടനവും തുടർന്നുള്ള പ്രസംഗവും കഴിഞ്ഞു. നാടകം ആരംഭിക്കാറായി. പ്രധാനമന്ത്രിക്ക് മറ്റൊരിടത്ത് അത്യാവശ്യമായി എത്തേണ്ടതുണ്ട്. എങ്കിലും സംഘാടകരുടെ സ്‌നേഹപൂർണ്ണമായ നിർബന്ധത്തിന് വഴങ്ങി കുറച്ചു നേരം അദ്ദേഹം നാടകം കാണാമെന്നേറ്റു. അത്യാവശ്യം മുന്നിലായിത്തന്നെ ഞാനും സീറ്റ് പിടിച്ചു. ഏതാണ്ട് മദ്ധ്യഭാഗത്തായി മുൻപിലാണ് പ്രധാനമന്ത്രി നെഹ്‌റു ഇരുന്നത്. 

 

ഹാളിലെ ലൈറ്റ് ഓഫായി. നാടകം ആരംഭിച്ചു. വികാരഭരിതമായ രംഗങ്ങൾ അരങ്ങിൽ ആവിഷ്കരിക്കപ്പെടുകയാണ്. പെട്ടന്ന് ഞാൻ നോക്കുമ്പോൾ ആ ഇരുട്ടത്ത് എന്റെ മുന്നിലൂടെ ഒരാൾ നാലുകാലിൽ ഇഴഞ്ഞു നീങ്ങും പോലെ പുറത്തേക്ക് പോകുന്നു. കാണികൾക്കും സ്റ്റേജിനുമിടയിൽ താൻ എഴുന്നേറ്റു നിന്നാൽ അത് കാണികളിൽ വലിയൊരു ഭാഗത്തിന്റെ ശ്രദ്ധ തിരിക്കും എന്നറിയാവുന്ന പ്രധാനമന്ത്രി ആരോടും പറയാതെ അരങ്ങിനു മുന്നിലൂടെ ഇഴഞ്ഞിഴഞ്ഞ് എന്ന മട്ടിൽ പുറത്തേക്കു പോകുകയായിരുന്നു. ശരിക്കും ആ ഉന്നതനായ മനുഷ്യന്റെ, കലാബോധമുള്ള ആ പ്രിയ നേതാവിന്റെ ഹൃദയശുദ്ധിയും കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ ആദരവും വ്യക്തമാക്കുന്നതായിരുന്നു ആ പോക്ക്. മനസ്സ് കൊണ്ട് ഞാൻ ആ മനുഷ്യന്റെ എളിമക്കു മുന്നിൽ കൈ കൂപ്പി.’’ എന്നു പറഞ്ഞു കൊണ്ടാണ് മധു സർ ആ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇതൊരു സന്ദേശമാണ്. പലർക്കും. ഈ അനുഭവം ഓർത്തെടുത്ത് തന്നതിന് മധുസാറിന് മുന്നിൽ ഞാനും കൈ കൂപ്പുന്നു.

 

English Summary: Sathyan Anthikad about actor Madhu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com