ADVERTISEMENT

പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ അവസാന ട്രെയിലര്‍ എത്തി. രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്. ബോളിവുഡ് ചിത്രം താനാജി ഒരുക്കിയ ഓം റൗട്ടാണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ. ടി സീരിസാണ് ചിത്രത്തിന്‍റെ നിർമാണം. നേരത്തെ റിലീസ് ചെയ്ത ടീസറിനെതിരെ ഉയർന്ന വൻ വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയെന്നോണം മികവോടെയാണ് ട്രെയിലർ അണിയിച്ചൊരുക്കിയിരിക്കുന്നത്.

 

ഫാന്റസി സിനിമയായെത്തുന്ന ആദിപുരുഷിന്റെ വിഎഫ്എക്സ് ആണ് ടീസറിൽ ആരാധകരെ നിരാശപ്പെടുത്തിയത്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. കുട്ടികൾക്കു വേണ്ടിയുള്ള കാർട്ടൂണുകൾക്കും ഗെയിമുകൾക്കും പോലും ഇതിലും നിലവാരമുണ്ടെന്നാണ് വിമർശകരുടെ പ്രതികരണങ്ങള്‍. ട്രെയിലർ വിമർശകരെ പൂർണമായും തൃപ്തിപ്പെടുത്തും വിധമാണ് ഒരുക്കിയിരിരിക്കുന്നത്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തും. 

 

താനാജിക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നു.

 

ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്. ചിത്രം ജൂൺ 16ന് തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com