ADVERTISEMENT

സംവിധായകൻ നജീം കോയയുടെ ഹോട്ടൽ മുറിയിൽ ഉന്നത എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ഗൂഢാലോചനയുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ഉത്തരവാദിത്തമുള്ള അന്വേഷണ ഏജൻസിയെ ആരോ വഴിതെറ്റിച്ചു. നജീം കോയയെ കുടുക്കാൻ ശ്രമിച്ചവരെ വെളിച്ചത്തുകൊണ്ടുവരും വരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ വിഷയം എക്സൈസ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയെന്നും മുഖ്യമന്ത്രിക്കു പരാതി നൽകിയെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

‘‘നജീം ഇപ്പോൾ ഒരു വെബ് സീരീസ് സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ടു ദിവസം മുൻപ് ജോലി കഴിഞ്ഞു ഹോട്ടലിലേക്കു മടങ്ങുമ്പോൾ നജിം തന്റെ സ്പോട്ട് എഡിറ്ററെ വിളിപ്പിച്ചിരുന്നു. ഹോട്ടലിൽ എത്തുമ്പോൾ അവിടെ ചിലർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആ ഹോട്ടലിൽത്തന്നെ ജോഷി സര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രവർ‌ത്തകരും താമസിക്കുന്നുണ്ടായിരുന്നു. പക്ഷേ ഇവർ വന്ന് നജിം കോയയുടെ റൂമിലേക്കു മാത്രം കയറി.

നജീമിന് ഒപ്പമുണ്ടായിരുന്ന അസോഷ്യേറ്റ് സുനിലിനെയും എഴുത്തുകാരനെയും മുറിയിൽനിന്ന് ഇറക്കിവിട്ടു. ശേഷം ഒരു വലിയ സംഘം മുറിയുടെ അകത്തു കയറി ലോക്ക് ചെയ്തു. ഇരുപതു പേരുണ്ടായിരുന്നു. അവർ അദ്ദേഹത്തെ അറിയിച്ചത് എക്‌സൈസിന്റെ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് എന്നാണ്. കയറിയ പാടെ ഇദ്ദേഹത്തോടു പറഞ്ഞത് ‘സാധനം എടുക്കടാ’ എന്നാണ്. രണ്ടു മണിക്കൂറോളം റെയ്ഡ് നടന്നു. ആ മുറിയിലെ കർട്ടനും തലയിണയും വരെ പരിശോധിച്ചു. പ്രൊഡക്‌ഷന് നൽകിയ കാർ മുഴുവനും പരിശോധിച്ചു. എന്നിട്ടും അവർ ഉദ്ദേശിച്ച ഒന്നും ലഭിച്ചില്ല. ഇവർ ആരെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു, ‘കിട്ടിയിട്ടില്ല’ എന്ന്.

തന്നെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കാം എന്ന് പറയാൻ പോലും നജീം തയാറായി. ലഹരി ഉപയോഗിക്കാത്ത ഒരാളെ മാത്രം എന്തുകൊണ്ട് പരിശോധന നടത്തി? ഏതോ പരാതിയുടെ പേരിലാണ് റെയ്ഡ് നടന്നത്. മാനസികമായി തകർന്ന നജിം പിറ്റേദിവസം എന്നെ വിളിച്ചു സംസാരിക്കുകയായിരുന്നു. ഒരു ഇൻഫർമേഷന്റെ പേരിലാണ് തങ്ങൾ വന്നത് എന്നു മാത്രമായിരുന്നു അവർ നൽകിയ വിശദീകരണം. റെയ്ഡിനു വന്നത് ഇതിലെ ടോപ്പ് ആളുകളാണ്. ടിപ്പ് എവിടെനിന്നു കിട്ടി എന്നതു പറയണ്ട. പക്ഷേ ഇതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്.” ഉണ്ണികൃഷ്ണൻ പറഞ്ഞു.

സിനിമാ മേഖലയില്‍ വന്‍ തോതില്‍ ലഹരി ഉപയോഗമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്ന കൊച്ചി പൊലീസ് കമ്മിഷണറുടെ പ്രസ്‍താവനയിലും ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. ‘‘ഷാഡോ പൊലീസിനെ വച്ചാൽ ക്രൂവിന് തിരിച്ചറിയാൻ സാധിക്കും. സിനിമാ മേഖലയെ മുഴുവൻ സമയ നിരീക്ഷണത്തില്‍ നിർത്തുന്നത് എതിർക്കും. ഷാഡോ പൊലീസ് സിനിമാ സെറ്റിൽ വേണ്ട. ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് ഉള്ളവർ അതു പുറത്തു വിടണം’’ – ബി ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ നജീം കോയയും പങ്കെടുത്തു.

നജീം കോയ താമസിച്ചിരുന്ന ഈരാറ്റുപേട്ടയിലെ ഹോട്ടൽ മുറിയിൽ ആണ് എക്സൈസ് സംഘം റെയ്ഡ് നടത്തിയത്. നജീമിന്റെ പക്കൽ ലഹരിമരുന്നുണ്ടെന്നു രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണു പരിശോധന നടത്തിയതെന്നാണ് എക്സൈസ് ഇന്റലിജൻസിന്റെ വിശദീകരണം.

എന്നാൽ, മദ്യപിക്കുകയോ പുകവലിക്കുകയോ പോലും ചെയ്യാത്ത തന്നെ മനഃപൂർവം കുടുക്കാൻ നടത്തിയ ശ്രമമാണ് ഇതെന്നാണു നജീം പറയുന്നത്. തിങ്കളാഴ്ച രാത്രി രണ്ടു മണിക്കൂറോളമാണ് എക്സൈസ് സംഘം നജീമിന്റെ മുറിയിൽ പരിശോധന നടത്തിയത്. ഒന്നും കണ്ടെത്താൻ കഴിയാതെ ക്ഷമാപണവും നടത്തിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. തുടർന്നാണു നജീം മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയത്. ചലച്ചിത്രരംഗത്തും വെബ്സീരീസ് രംഗത്തും തന്റെ ഭാവിയും അവസരങ്ങളും നശിപ്പിക്കാൻ ശ്രമിച്ചവരെ കണ്ടെത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഇദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com