ADVERTISEMENT

വിജയ്‌യുടെ ബിഗ് ബജറ്റ് ചിത്രമായ ‘ലിയോ’യ്ക്കു ശേഷം മറ്റൊരു ബ്രഹ്മാണ്ഡ തമിഴ് ചിത്രത്തിന്റെയും കേരള വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലന്‍. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന ‘ജയിലര്‍’ സിനിമയുടെ കേരളത്തിലെ വിതരണാവകാശമാണ് ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കിയത്. ശങ്കർ ചിത്രം ‘2.0’യ്ക്കു ശേഷം ഒരു രജനി ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഗോകുലം ‘ജയിലറി’നുവേണ്ടി മുടക്കിയതെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 10നാണ് ജയിലർ റിലീസിനെത്തുന്നത്.

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്‌ഷന്‍ കോമഡി എന്റർടെയ്നറാണ്. രജനിയുടെ കരിയറിലെ 169-ാം ചിത്രം വലിയ മുതൽമുടക്കിലാണ് ഒരുക്കിയിരിക്കുന്നത്.

മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. തമന്നയാണ് നായിക. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മോഹന്‍ലാല്‍ അതിഥിവേഷത്തിലാണ് എത്തുക.

അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്‌ഷൻ കൊറിയോഗ്രാഫര്‍. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ജയിലര്‍ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സന്‍റേതാണ്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

ആദ്യ ചിത്രമായ കോലമാവ് കോകിലയിലൂടെ തമിഴകത്ത് ശ്രദ്ധനേടിയ സംവിധായകനാണ് നെല്‍സണ്‍. കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ 'ഡോക്ടര്‍' ആയിരുന്നു. ഏറ്റവും ഒടുവില്‍ നെല്‍സന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത് വിജയ് ചിത്രമായ 'ബീസ്റ്റ്' ആയിരുന്നു. 'ബീസ്റ്റ്' പരാജയമായിരുന്നു. 'ജയിലറി'ലൂടെ വൻ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍.

മറ്റു ഭാഷകളിലെ വമ്പൻ ചിത്രങ്ങൾ കേരളത്തിൽ എത്തിക്കുന്ന പ്രധാന വിതരണക്കാരാണ് ശ്രീ ഗോകുലം മൂവീസ്. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ, വിക്രം നായകനായ കോബ്ര എന്നീ സിനിമകളും ഗോകുലമായിരുന്നു കേരളത്തിൽ വിതരണം ചെയ്തത്. ലൈക പ്രൊഡക്‌ഷൻസിന്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം മൂവീസ് ആണ്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com