ADVERTISEMENT

ഹിറ്റ് സിനിമകളുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചതോടെ തിയറ്ററുകൾ‌ വീണ്ടും കാലിയാകുന്നുവെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ. പ്രേക്ഷക ശ്രദ്ധ നേടിയ പാച്ചുവും അത്ഭുത വിളക്കും, ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ ‘2018’ എന്നീ സിനിമകളാണ് ഒടിടി സ്ട്രീമിങ് തുടങ്ങിയത്. തിയറ്റർ റിലീസ് കഴിഞ്ഞ് 42 ദിവസത്തിനു ശേഷം മാത്രമേ സിനിമകൾ ഒടിടിയിൽ പ്രദർശിപ്പിക്കാൻ പാടുള്ളൂ എന്ന് ഫിലിം ചേംബറുമായി കരാർ നിലനിൽക്കെയാണ് നാലാം വാരം സിനിമകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്തത്. നിര്‍മാതാക്കളുടെ ഈ നീക്കം തിയറ്ററുകളോടു ചെയ്യുന്ന ചതിയാണെന്ന് വിജയകുമാർ പറയുന്നു.

 

‘2018’ എന്ന സിനിമ തിയറ്ററുകളിലേക്ക് ആളുകളെ തിരിച്ചുകൊണ്ടുവന്നതോടെ കലക്‌ഷൻ കിട്ടി കടങ്ങൾ വീട്ടാം എന്ന പ്രതീക്ഷയാണ് ഒടിടി റിലീസോടെ തകർന്നതെന്ന് ഏറ്റുമാനൂർ യുജിഎം സിനിമാസ് സഹ ഉടമ സംഗീത് പറയുന്നു. ‘2018’ ഏഴു ദിവസം മുൻപ് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചപ്പോൾ തിയറ്ററിൽ വന്നു കാണാനിരുന്ന പ്രേക്ഷകർ കൂടി അത് കാൻസൽ ചെയ്തുവെന്നും അത് കലക്‌ഷനെ മോശമായി ബാധിച്ചെന്നും സംഗീത് പറഞ്ഞു.

 

പാച്ചുവും അത്ഭുത വിളക്കും, 2018 എന്നീ ചിത്രങ്ങൾ കോവിഡ് കാലത്തു ചിത്രീകരണം തുടങ്ങിയതാണ് അതുകൊണ്ടു തന്നെ സിനിമയുടെ ഒടിടി അവകാശം നേരത്തെ തന്നെ വിറ്റുപോയതാണ് എന്നാണു നിർമാതാക്കൾ പറയുന്നത്. അതുകൊണ്ട് ഇത്തവണ ഇളവ് നൽകുകയാണ്. രണ്ടു സിനിമകളുടെയും നിർമാതാക്കൾക്കും സംവിധായകർക്കും പ്രധാന താരങ്ങൾക്കും വിവരം ധരിപ്പിച്ച് കത്തുകൾ അയയ്ക്കുമെന്നും 42 ദിവസത്തിനു മുൻപ് സിനിമകൾ ഒടിടി റിലീസ് ചെയ്യുന്ന നിർമാതാക്കളുടെ സിനിമകൾ ഇനി തിയറ്ററിൽ റിലീസ് ചെയ്യാൻ സമ്മതിക്കില്ലെന്നും വിജയകുമാർ മനോരമ ഓൺലൈനിനോട് പറഞ്ഞു.

 

‘‘2018 എന്ന സിനിമ കൂടി ഒടിടിയിൽ പോയപ്പോൾ തിയറ്ററുകൾ വീണ്ടും കാലിയാവുകയാണ്. സിനിമയുടെ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിന്റെ അന്നു മുതൽ തിയറ്ററിൽനിന്ന് ആളുകൾ ഒഴിഞ്ഞു തുടങ്ങി. ഇനിയിപ്പോൾ ഒടിടിയിൽ കാണാമല്ലോ എന്നാണ് ആളുകൾ കരുതുന്നത്. 42 ദിവസത്തിന് മുൻപ് ഈ പടം ഒടിടിയിൽ ഓടിക്കില്ലെന്ന് നിർമാതാക്കൾ ഫിലിം ചേംബറിൽ കരാർ ഒപ്പിട്ടു കൊടുത്തിട്ടുള്ളതാണ്. എന്നിട്ടാണ് ഇത്തരം പരിപാടി. ഇവർ സിനിമയുടെ ഒടിടി റിലീസ് നേരത്തേ ധാരണയാക്കും. നിർമാതാവും സംവിധായകനും നടന്മാരും തിയറ്ററുകളോട് ഈ കൊടുംചതി ചെയ്യാൻ പാടില്ല. 

 

സ്വന്തം ചിത്രം തിയറ്ററിൽ ഹൗസ്ഫുൾ പ്രദർശനം നടക്കുന്നതല്ലേ ഏതൊരു സിനിമാക്കാരന്റെയും സന്തോഷം. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രവും കരാർ ലംഘിച്ചാണ് ഒടിടിയിൽ പോയത്. ഇവർ എല്ലാവരും പറയുന്ന ന്യായീകരണം സിനിമ കോവിഡിനു മുൻപു ചിത്രീകരണം തുടങ്ങിയതാണ് എന്നാണ്. ഓരോ ന്യായീകരണം കണ്ടെത്തുകയാണ്. സത്യൻ അന്തിക്കാടിനെപ്പോലെ ഒരു കുടുംബ സംവിധായകന്റെ മകന്റെ ആദ്യത്തെ പടം അറുപത് ദിവസമെങ്കിലും തിയറ്ററിൽ ഓടുക എന്നത് ആ പുതുമുഖ സംവിധായകനു കിട്ടുന്ന അംഗീകാരമായി കാണണ്ടേ. സത്യൻ അന്തിക്കാട് ഈ തീരുമാനം എങ്ങനെ അംഗീകരിച്ചു എന്നതാണ് എനിക്ക് മനസ്സിലാകാത്തത്. കാരണം അതിന്റ നിർമാതാക്കൾ സത്യൻ അന്തിക്കാടിന്റെ പടങ്ങൾ സ്ഥിരമായി ചെയ്യുന്നവരാണ്. ഈ പടത്തിലും അദ്ദേഹത്തിന്റെ അഭിപ്രായം അവർ സ്വീകരിച്ചിട്ടുണ്ടാകാം. ഈ രണ്ടു ചിത്രങ്ങളും കോവിഡ് കാലത്ത് ചിത്രീകരണം തുടങ്ങിയതുകൊണ്ട് അവർക്ക് ഇളവ് നൽകുകയാണ്. എന്നാലും ഈ സിനിമകളുടെ പ്രധാന താരങ്ങൾക്കും സംവിധായകർക്കും നിർമാതാക്കൾക്കും ഞങ്ങളുടെ പ്രതിഷേധം കത്തായി അയയ്ക്കാൻ തീരുമാനിച്ചു. ഇനി മേലിൽ ഏതെങ്കിലും സിനിമ റിലീസ് ചെയ്തു 42 ദിവസം തികയും മുൻപ് ഒടിടി പ്ലാറ്റ്ഫോമിൽ പോയാൽ, ആ നിർമ്മാതാവിന്റെ അടുത്ത ചിത്രം തിയറ്ററിലേക്ക് വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹം ഒടിടിയിൽ കൊടുത്ത് വിജയിപ്പിച്ചോട്ടെ. 

 

നിലവാരമില്ലാത്ത ചിത്രങ്ങൾ തിയറ്ററിൽ പ്രദർശിപ്പിക്കില്ല എന്നു പറഞ്ഞതിന് കാരണമുണ്ട്. അത്തരം സിനിമകൾ തിയറ്ററിനു വേണ്ടിയല്ല അവർ എടുത്തിരിക്കുന്നത്. അത് ഒടിടിക്കു വേണ്ടി ചെയ്യുന്നതാണ്. മലയാളത്തിൽ മാർക്കറ്റ് വളരെ കുറവാണ്. ഒരു വർഷം 300-350 സിനിമകളുടെ ആവശ്യമൊന്നും ഇവിടെ ഇല്ല. ഈ വർഷം ഇതുവരെ പത്തിരുനൂറ്റമ്പതു സിനിമ ഇറങ്ങിക്കഴിഞ്ഞു. ഇതിൽ ഏതൊക്കെ വിജയിച്ചിട്ടുണ്ട്? തിയറ്ററിലേക്ക് ഒരു വർഷം നൂറോ നൂറ്റമ്പതോ സിനിമകൾ മതി. ചിലത് വിജയിക്കും ചിലത് പരാജയപ്പെടും. അതൊക്കെക്കൊണ്ട് ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തു പോകും. ഒടിടിയെ ലക്ഷ്യമാക്കി എടുക്കുന്ന നിലവാരം കുറഞ്ഞ സിനിമകൾ ഇനി പ്രദർശിപ്പിക്കണ്ട എന്നാണ് തീരുമാനം. 

 

നല്ല നിർമാതാക്കളോ വിതരണക്കാരോ സംവിധായകരോ ഒന്നും അല്ല ഇതൊക്കെ എടുക്കുന്നത്. ഓരോ ജില്ലയിലും പത്തു തിയറ്ററിന്റെ ഡേറ്റ് എടുത്ത് റിലീസ് ചെയ്യുകയാണ്, അങ്ങനെ ഉള്ള പ്രവണത ഞങ്ങൾ പ്രോത്സാഹിപ്പിക്കില്ല. ഡേറ്റ് വേണമെന്നുണ്ടെങ്കിൽ തിയറ്റർ വാടക കൊടുത്ത് എടുത്തു കാണിക്കട്ടെ. സിനിമകൾ ഇപ്പോൾ തിയറ്ററിൽ പ്രദർശിപ്പിച്ചിട്ട് മാത്രമേ ഒടിടി എടുക്കൂ എന്നാണ് അവർ പറയുന്നത്. അതിനു വേണ്ടിയാണ് ത‌ിയറ്ററിൽ റിലീസ് ചെയ്യാൻ വരുന്നത്. ഇനി മുതൽ തിയറ്റർ ഉടമകൾക്ക് ഒരു നിശ്ചിത തുക തന്നു വാടകയ്ക്ക് എടുത്തിട്ട് അത്തരം സിനിമകൾ കളിക്കട്ടെ. സെൻട്രൽ പിക്ചേഴ്സ്, സെഞ്ചുറി തുടങ്ങിയ വിതരണക്കാർ വന്നാൽ ഞങ്ങൾക്കൊരു പരാതിയും ഇല്ല. കാരണം അവർ മനഃപൂർവം ഒടിടിയിലേക്ക് പ്ലാൻ ചെയ്തെടുത്ത ചിത്രം തിയറ്ററിൽ കാണിച്ച് കബളിപ്പിക്കാൻ ശ്രമിക്കില്ല. അനുഭവം ഉളളതുകൊണ്ട് ഏതൊക്കെ സിനിമയായിരിക്കും നല്ലതെന്നു ഞങ്ങൾക്ക് മനസ്സിലാകും. അത്തരം സിനിമകളെ ഞങ്ങൾ നിരുത്സാഹപ്പെടുത്തും. ഇത്തരം സിനിമകൾ ഓടിക്കുന്നതുകൊണ്ട് തിയറ്ററിന് ഒരു ഗുണവും ഉണ്ടാകുന്നില്ല. 

തിയറ്റർ അടച്ചിട്ടാൽ ഒരു സ്ക്രീനിനു രണ്ടു ലക്ഷം രൂപ നഷ്ടം വരും. പക്ഷേ ഇത്തരം സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ സ്ക്രീനിനു നാലു ലക്ഷം രൂപയാണ് നഷ്ടം വരുന്നത്. തിയറ്റർ പ്രവർത്തിപ്പിക്കാതിരിക്കുന്നതിന്റെ ഇരട്ടി നഷ്ടമാണ് അങ്ങനെ ഉണ്ടാകുന്നത്. അതുകൊണ്ടുകൂടിയാണ് അങ്ങനെ ഒരു തീരുമാനം എടുക്കുന്നത്.’’– വിജയകുമാർ പറയുന്നു.

 

ഏറ്റുമാനൂർ യുജിഎം സിനിമാസ് സഹ ഉടമ സംഗീത് പറയുന്നു:

 

‘‘പാച്ചുവും അത്ഭുത വിളക്കും, 2018 എന്നിവ കോവിഡ് കാലത്ത് ചിത്രീകരണം തുടങ്ങിയ സിനിമകളാണ്. അന്ന് ഒടിടി മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് അവർ ഒടിടിയുമായി ധാരണയിൽ എത്തിയിട്ടുണ്ടാകും. ഈ രണ്ടു സിനിമകളുടെയും നിർമാതാക്കളെ എനിക്ക് നേരിട്ടറിയാം. സേതു മണ്ണാർക്കാടും ആന്റോ ചേട്ടനും നമ്മുടെ സുഹൃത്തുക്കളാണ്. ഒടിടി ഭീമന്മാരുടെ മുന്നിൽ ഇവർക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. ആന്റോ ചേട്ടൻ പരമാവധി ചർച്ചകൾ ചെയ്ത് ഒരു ആഴ്ച കൂടി നീട്ടിക്കിട്ടാൻ ശ്രമിച്ചപ്പോൾ അതിനു വേണ്ടി അവർ ചോദിച്ച തുക വളരെ വലുതാണ്. അതൊരു പ്രൊഡ്യൂസറിനു താങ്ങാൻ കഴിയുന്നതിനു അപ്പുറമാണ്. എന്നിട്ടും അദ്ദേഹം അഞ്ചു ദിവസം കൂടി നീട്ടിയെഎടുത്തു തന്നു. 

 

സേതുവേട്ടനോടും ആന്റോ ചേട്ടനോടും സ്നേഹം മാത്രമേ ഉള്ളൂ. ഞങ്ങളുടെ തിയറ്ററുകളിൽ സിനിമ മാത്രമേ ഓടിക്കാൻ പറ്റൂ. വേറൊരു ബിസിനസും ചെയ്യാൻ പറ്റില്ല. കാരണം അത് തിയറ്റർ ആയിട്ടാണ് പണിതു വച്ചിരിക്കുന്നത്. അതുപോലെ കോടിക്കണക്കിനു മുതൽ മുടക്കിയ നിർമാതാവിനെ സംബന്ധിച്ച് എങ്ങനെയെങ്കിലും പണം തിരിച്ചു പിടിച്ചേ മതിയാകൂ. 2018 വലിയ ഹിറ്റ് ആയിരുന്നു. ഒടിടി തീയതി പ്രഖ്യാപിക്കുന്നതുവരെ ഞങ്ങളുടെ തിയറ്ററിൽ ഹൗസ്ഫുൾ ആയിരുന്നു. പാച്ചുവും അത്ഭുതവിളക്കും ആറാം തീയതി ഒടിടി റിലീസ് ആയപ്പോൾ അഞ്ചാം തീയതിയാണ് പരസ്യം കൊടുത്തത്, അതുകൊണ്ട് നല്ല കലക്‌ഷൻ കിട്ടി. പക്ഷേ ‘2018’ ഏഴു ദിവസം മുൻപ് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചപ്പോൾ തിയറ്ററിൽ വന്നു കാണാനിരുന്ന പ്രേക്ഷകർ കൂടി അത് കാൻസൽ ചെയ്തു. അപ്പോൾ ഇത്രയും ദിവസത്തെ കലക്‌ഷൻ നമുക്ക് നഷ്ടപ്പെട്ടു. 

 

എനിക്ക് ബാങ്കിൽ മൂന്നു മാസത്തെ ഇഎംഐ കുടിശിക ഉണ്ട്. ഏറ്റുമാനൂരെ മൾട്ടിപ്ലെക്സ് ഏകദേശം പതിനൊന്നു കോടിരൂപ മുടക്കി പണിതു വച്ചിരിക്കുന്നതാണ്. കടുവയ്ക്ക് ഇര കിട്ടുന്നതുപോലെ വല്ലപ്പോഴുമാണ് ഒരു സിനിമ ഹിറ്റ് ആകുന്നത്. കഴിഞ്ഞ വർഷം ഒരു ഹിറ്റ് ആണ് കിട്ടിയത്. സെൻട്രൽ പിക്‌ചേഴ്‌സ് പരമാവധി സഹകരിച്ച് 55 ദിവസം എന്റെ തിയറ്ററിൽ രോമാഞ്ചം കളിച്ചു. അതുപോലെ ‘2018’ ഹിറ്റ് ആയപ്പോൾ കടം എല്ലാം വീട്ടാൻ പറ്റുമല്ലോ എന്ന് കരുതിയതാണ്. സ്റ്റാഫിന്റെ ശമ്പളം, കറന്റ് ചാർജ്, പിന്നെ പ്രോജക്റ്ററിന്റെ ലാംപ്– ഈ ലാംപിന്റെ കാര്യം ഒന്നും ആർക്കും അറിയില്ല– ഇതൊക്കെ നല്ല ചെലവുള്ള സംഗതികളാണ്. 

 

ഒടിടിക്ക് വേണ്ടി എടുക്കുന്ന സിനിമ തിയറ്ററിൽ ഓടിയിട്ട് ഞങ്ങൾക്ക് ഒരു കാര്യവും ഇല്ല. ഒൻപതു പടങ്ങളാണ് കഴിഞ്ഞ ആഴ്ച റിലീസ് ആയത്. ഈ പടങ്ങൾ ഒന്നും ഓടിച്ചിട്ട് ഒരു കാര്യവും ഇല്ല, നന്നായി ഓടിക്കൊണ്ടിരിക്കുന്ന സിനിമകൾ മാറ്റിയിട്ട് ഈ പടങ്ങൾ ഓടിക്കാൻ പറ്റില്ല. ഒരു തിയറ്ററിൽ മുപ്പത് സ്റ്റാഫ് ഉണ്ടെങ്കിൽ മുപ്പത് കുടുംബങ്ങൾ ആണ് ജീവിക്കുന്നത്. രണ്ടു ദിവസം അടച്ചിട്ടപ്പോൾ പോലും അവർക്ക് പരിഭ്രാന്തി ആയി. അവരുടെ സങ്കടം കാണാൻ ഞങ്ങൾക്കു കഴിയില്ല. ഒരു തിയറ്റർ ഉടമയെ സംബന്ധിച്ച് ഈ ബിസിനസ് നിർത്തിയാൽ കാര്യം കഴിഞ്ഞു. പക്ഷേ അവിടെയുള്ള ജോലിക്കാർ എന്തു ചെയ്യും. ആരോടും ഞങ്ങൾക്ക് വ്യക്തിപരമായി ഒരു വൈരാഗ്യവും ഇല്ല. ഒടിടി ഭീമന്മാരുടെ കഴുകൻ കൈകളിൽ ഇവർ പോയി വീഴുകയാണ്. ചില നിർമാതാക്കളെ കഥ പറഞ്ഞു പറ്റിച്ചാണ് ചിലർ സിനിമകൾ എടുക്കുന്നത്. അവരും ശ്രദ്ധിച്ച് മുന്നോട്ട് പോകണം. ഒരു പടവും ഇപ്പോൾ നാലാം വാരം ഓടുന്നില്ല. പത്തിൽ താഴെ ആളുകളെ തിയറ്ററിൽ ഇരുത്തി ഷോ നടത്തിയിട്ട് എന്ത് കിട്ടാനാണ്. അതുകൊണ്ട് നിലവാരമില്ലാത്ത പടങ്ങൾ തിയറ്ററിൽ ഓടിക്കാൻ കഴിയില്ല എന്ന് തീരുമാനം എടുക്കേണ്ട അവസ്ഥയിലാണ് ഞങ്ങൾ. സംഘടന ഇത്തരം തീരുമാനങ്ങളുമായി മുന്നോട്ട് പോകാൻ ആണ് തീരുമാനം.’’ സംഗീത് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com