‘ഇനി ആര് നിങ്ങളെ വിശ്വസിക്കും’; കജോളിന്റെ ‘പ്രതിസന്ധി’ വെബ് സീരിസ് പ്രമോഷൻ; വിമർശനം
Mail This Article
ജീവിതം വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുവെന്ന് വെളിപ്പെടുത്തിയ നടി കജോളിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ് വെബ് സീരിസ് പ്രമോഷനുവേണ്ടി. വെറുമൊരു സിനിമാ പ്രമോഷനു വേണ്ടി ആരാധകരുടെ വികാരത്തെ ഉപയോഗിച്ച നടിക്കെതിരെ കടുത്ത പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് താൻ സോഷ്യൽ മീഡിയ വിടുന്നതായി ദുരൂഹത നിറഞ്ഞ ഒരു പോസ്റ്റിലൂടെ കാജോൾ അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന താരം ഇപ്പോൾ എല്ലാ പോസ്റ്റുകളും നീക്കം ചെയ്തതിനുശേഷമാണ് സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. ‘‘ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിടുന്നു. ഒരിടവേള അനിവാര്യമാണ്.’’–ഇതായിരുന്നു കജോൾ അവസാനമായി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
ആരാധകരടക്കം നിരവധിപ്പേരാണ് ഇതിന്റെ കാരണം തിരക്കി കമന്റുകളുമായി എത്തിയത്. എന്തു തന്നെ ആയാലും എല്ലാം ശരിയാകുമെന്നും സമയമെടുത്ത് കാര്യങ്ങൾ തീരുമാനിക്കൂ എന്നും ആരാധകർ അഭിപ്രായപ്പെട്ടു.
പിന്നീട് മണിക്കൂറുകൾക്കു ശേഷം നടി നിശബ്ദയായി സമൂഹമാധ്യമങ്ങളിൽ തിരിച്ചെത്തി. നടി നായികയായെത്തുന്ന പുതിയ സീരിസ് ആയ ഗുഡ് വൈഫിന്റെ ടീസർ പങ്കുവച്ചതോടെയാണ് ഇതൊരു പ്രമോഷനൽ തന്ത്രമായിരുന്നുവെന്ന് ആരാധകരും തിരിച്ചറിയുന്നത്. സീരിസിൽ അഭിഭാഷകയുടെ വേഷത്തിലാണ് കജോൾ എത്തുന്നത്. ജീവിതത്തിൽ അപ്രതീക്ഷിതമായ പ്രതിസന്ധിയിൽ വക്കീൽ കുപ്പായം വീണ്ടും അണിയാൻ നിർബന്ധിതയാകുന്ന വീട്ടമ്മയുടെ കഥയാണ് ഈ സീരിസ് പറയുന്നത്.
ഇനി ആര് നിങ്ങളെ വിശ്വസിക്കും, പ്രമോഷന് വേണ്ടി ഇത്രയും തരംതാണല്ലോ എന്നെല്ലാം വിമർശിച്ച് അവരുടെ ആരാധകർ തന്നെ രംഗത്തെത്തി. കജോളിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വലിയ വിമർശനമാണ് ഇത് സംബന്ധിച്ച് ഉയരുന്നത്.