ADVERTISEMENT

വീക്‌ലി ടാസ്കിൽ സ്വന്തം പ്രണയകഥ പറഞ്ഞ് വിവാദത്തിലായ അനിയൻ മിഥുനെ ചോദ്യം ചെയ്ത് ബിഗ് ബോസ്. സ്വന്തം ജീവിത ഗ്രാഫ് വരയ്ക്കുന്ന ടാസ്കിലാണ് ഇന്ത്യന്‍ സൈന്യത്തിലെ പാരാ കമാന്‍ഡോ വിഭാഗത്തിലെ ഒരു വനിതാ ഓഫിസറുമായുള്ള തന്‍റെ പ്രണയത്തെക്കുറിച്ച് അനിയൻ മിഥുൻ എന്ന മത്സരാർഥി വാചാലനായത്. സംഭവം വിവാദമായതോടെ മിഥുന്റെ കരിയർ സംബന്ധിച്ചും പരാതി ഉയർന്നിരുന്നു. വുഷു എന്ന കായികവിനോദത്തിൽ താൻ ലോക ചാംപ്യനാണ് എന്നാണ് ബിഗ് ബോസിൽ എത്തിയപ്പോൾ മിഥുൻ പറഞ്ഞിരുന്നത്. ഇതോടെയാണ് വിഷയത്തില്‍ കൂടുതൽ വിശദീകരണം തേടാൻ ബിഗ് ബോസ് മിഥുനെ ബന്ധപ്പെട്ടത്. മിഥുൻ പറഞ്ഞ കാര്യങ്ങള്‍ പുറത്ത് വലിയ വിവാദങ്ങള്‍ക്കു വഴിവച്ചെന്നും ഇതിന്റെ സത്യാവസ്ഥ മിഥുന്‍ തുറന്നു പറയണമെന്നും കൺഫഷൻ റൂമിൽ വിളിപ്പിച്ച് ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു.

 

ബിഗ് ബോസ് ഷോയിൽ മത്സരാര്‍ഥിയായി തിരഞ്ഞെടുത്തത് താങ്കളുടെ വ്യക്തിത്വവും ആകാര ഭംഗിയും സ്വഭാവ സവിശേഷതയുമെല്ലാം അടിസ്ഥാനമാക്കിയാണെന്നും എന്നാല്‍ താങ്ങള്‍ പറഞ്ഞ പ്രണയകഥയെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ വലിയ വിവാദമായിരിക്കുകയാണെന്നും ബിഗ് ബോസ് മിഥുനെ അറിയിച്ചു. അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിശദീകരണം ചോദിക്കുന്നതെന്നും ബിഗ് ബോസ് വ്യക്തമാക്കി.

വുഷു എന്ന കായിക വിനോദം നിങ്ങള്‍ എപ്പോള്‍ മുതലാണ് ആരംഭിച്ചത് എന്നതായിരുന്നു ബിഗ്‌ബോസ് ചോദിച്ച ആദ്യത്തെ ചോദ്യം. ഏകദേശം സ്കൂള്‍ കാലം മുതൽ തന്നെ അത് ആരംഭിച്ചിരുന്നുവെന്നും കരാട്ടെയില്‍ നിന്നാണ് താന്‍ തുടങ്ങുന്നത്. അതിന് ശേഷം ബോക്സിങ്, കിക്ക് ബോക്സിങ് തുടങ്ങിയവയിൽ പരിശീലനം നേടിയിട്ട് വുഷുവിലേക്ക് മാറുകയായിരുന്നു എന്നുമാണ് മിഥുൻ ഉത്തരം നൽകിയത്. 

 

ഏതെല്ലാം ക്ലബ്ബുകളിലാണ് വുഷുവുമായി ബന്ധപ്പെട്ട് നിങ്ങള്‍ അംഗത്വം നേടിയിട്ടുള്ളത് എന്ന ചോദ്യത്തിന് മിഥുൻ നൽകിയ ഉത്തരം താന്‍ കേരളത്തില്‍ നിന്നാണ് തുടങ്ങിയിട്ടുള്ളത് എന്നാണ്. ‘‘ജമ്മു കശ്മീരിലെ ക്ലബ്ബുകളിലാണ് ഞാന്‍ കൂടുതല്‍ കളിച്ചിട്ടുള്ളത്. പ്രഫഷനല്‍ വുഷുവിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്, അമച്വറില്‍ അല്ല. പ്രഫഷനല്‍ വുഷുവുമായി ബന്ധപ്പെട്ടുള്ള ഒരുവിധം എല്ലാ ക്ലബ്ബുകളിലും ഞാന്‍ അംഗം തന്നെയാണ്. വുഷു സാന്‍ഡയിലാണ് എനിക്ക് കൂടുതലും അംഗത്വം. വുഷു തവലു, സാന്‍ഡ എന്നിങ്ങനെയാണ് വേര്‍തിരിവുകള്‍. അതില്‍ സാന്‍ഡയിലാണ് ഞാന്‍ കളിച്ചുകൊണ്ടിരിക്കുന്നത്.’’–മിഥുൻ പറഞ്ഞു.

 

കേരള വുഷു അസോസിയേഷന്‍, ഇന്ത്യന്‍ വുഷു അസോസിയേഷന്‍ ഇവരുടെയെല്ലാം അനുമതിയോട് കൂടിയാണോ നിങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് എന്ന് ചോദിച്ചപ്പോൾ ഇവരുടെ അനുമതിയോടെയും പങ്കെടുത്തിട്ടുണ്ട്, അല്ലാതെ പ്രഫഷനല്‍ വുഷു അസോസിയേഷനിലും പങ്കെടുത്തിട്ടുണ്ട് എന്നായിരുന്നു മറുപടി.

 

ജമ്മുവിലെ ക്ലബ്ബ് ഏതാണ് എന്ന് ചോദിച്ചപ്പോൾ ജമ്മുവിലെ ജീവല്‍ എന്ന സ്ഥലത്തെ വലിയൊരു ക്യാംപ് ആണ്. ഇന്ത്യന്‍ പ്ലെയേഴ്സും എല്ലാവരും ഉള്ളത് അവിടെയാണ്, അവിടെയാണ് താന്‍ പരിശീലനം തുടര്‍ന്നിരുന്നത് എന്ന് മിഥുൻ ഉത്തരം നൽകി. ജമ്മുവിൽ കുല്‍ദീപ് ഹണ്ഡു, കേരളത്തില്‍ അനീഷ് എന്നിവരാണ് തന്റെ പരിശീലകർ എന്നാണു ഔദ്യോഗിക പരിശീലകർ ആരെന്ന ചോദ്യത്തിന് ഉത്തരമായി മിഥുൻ പറഞ്ഞത്.

 

രാജ്യത്തെ പ്രതിനിധീകരിച്ച് ഏതൊക്കെ മത്സരങ്ങളിലാണ് നിങ്ങള്‍ പങ്കെടുത്തിട്ടുള്ളത് എന്ന് ചോദിച്ചപ്പോൾ സൗത്ത് ഏഷ്യ വേള്‍ഡ് ചാംപ്യന്‍ഷിപ്പ്, പ്രൊ വുഷു വേള്‍ഡ് ചാംപ്യന്‍ഷിപ്പ് എന്ന മത്സരങ്ങളിലും ഏതു വര്‍ഷം എന്ന ചോദ്യത്തിന് കഴിഞ്ഞ വര്‍ഷം എന്നും അത് എവിടെവച്ചാണ് നടന്നത് എന്ന ചോദ്യത്തിന് തായ്‌ലാന്‍ഡ് എന്നുമാണ് മിഥുൻ മറുപടി പറഞ്ഞത്. 

 

നിങ്ങള്‍ വേള്‍ഡ് ചാംപ്യന്‍ ആണെന്ന് ഇവിടെ ഒരു പരാമര്‍ശം നടത്തുകയുണ്ടായി. ആരായിരുന്നു പ്രതിയോഗി എന്ന് ബിഗ് ബോസ് ചോദിച്ചതിന് ആദ്യം അമേരിക്കയും ഫൈനലില്‍ സൗത്ത് ആഫ്രിക്കയും സെമിയില്‍ ചൈനയും എന്ന് മിഥുൻ മറുപടി കൊടുത്തു. ആ മത്സരത്തിൽ വേള്‍ഡ് ചാംപ്യന്‍ എന്ന പട്ടം കിട്ടിയിരുന്നു എന്ന് മിഥുൻ പറയുന്നു. ഏത് വിഭാഗം ആയിരുന്നു എന്ന് ചോദിച്ചപ്പോൾ 70 കിലോഗ്രാമിന് താഴെയുള്ള വിഭാഗം എന്ന് മിഥുൻ പറഞ്ഞു.

 

പ്രേക്ഷകരുടെ സംശയങ്ങള്‍ ദുരീകരിക്കാനായി ഇതുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് ബിഗ് ബോസ് ചോദിക്കുന്നുണ്ട്. ‘‘പ്രഫഷനല്‍ ഫൈറ്റര്‍ ആണ് ഞാന്‍. അതിലിപ്പോള്‍ നിലവിലെ വേള്‍ഡ് ചാംപ്യന്‍ ഞാനാണ്. പ്രൊ വുഷു സാന്‍ഡയിലാണ് ഞാന്‍ അവസാനം തായ്‌ലാന്‍ഡില്‍ വച്ച് കഴിഞ്ഞ വര്‍ഷം ഗോള്‍ഡ് മെഡല്‍ അടിച്ചത്.’’ മിഥുൻ ബിഗ് ബോസിനോട് പറഞ്ഞു. ഇത്രയും കാര്യങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പങ്കുവയ്ക്കാനായിരുന്നു മിഥുനെ വിളിപ്പിച്ചതെന്നും തിരികെ വീട്ടിലേക്ക് പോകാമെന്നും പിന്നീട് ബിഗ് ബോസ് അറിയിച്ചു.

 

ബിഗ് ബോസ് ഷോയിൽ വീക്‌ലി ടാസ്‌കായി സ്വന്തം ജീവിതാനുഭവം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോഴാണ് അനിയൻ മിഥുന്‍ എന്ന മത്സരാർഥി ഇന്ത്യൻ ആർമിയിലെ ഒരു പാരാ കമാൻഡോയുമായി ഉണ്ടായ പ്രണയകഥ പറഞ്ഞത്. കശ്മീരില്‍ ഇന്ത്യന്‍ ആര്‍മി വിഭാഗത്തിലെ പാരാ കമാൻഡോ ആയ സനയെന്ന ഓഫിസര്‍ റാങ്കില്‍ ഒരു വനിതയെ പരിചപ്പെട്ടെന്നും അവള്‍ പഞ്ചാബി ആയിരുന്നെന്നും തുടര്‍ന്ന് അവൾ പ്രൊപ്പോസ് ചെയ്‌തെന്നും സ്വന്തം ഇഷ്ടം തുറന്നു പറയുന്നതിന് മുൻപ് ആ ഓഫിസർ ഒരു യുദ്ധത്തിൽ നെറ്റിയിൽ വെടിയുണ്ട തറച്ചു മരിച്ചു എന്നുമാണ് അനിയൻ മിഥുൻ പറഞ്ഞത്. അതേസമയം ഇന്ത്യന്‍ ആർമിയെക്കുറിച്ചുള്ള മിഥുന്റെ വെളിപ്പെടുത്തലുകളെ ഷോയുടെ അവതാരകന്‍ മോഹന്‍ലാലും ചോദ്യം ചെയ്തിരുന്നു.  

 

സമൂഹമാധ്യമങ്ങളില്‍ അടക്കം നിരവധി പേര്‍ മിഥുനെ നിശിതമായി വിമർശിച്ചിരുന്നു. ഇതിനെക്കുറിച്ച് ശനിയാഴ്‌ച മോഹൻലാൽ ചോദ്യമുയർത്തിയപ്പോഴും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്ന മിഥുൻ ഞായറാഴ്ചത്തെ എപ്പിസോഡില്‍ മോഹൻലാലിനോടും പ്രേക്ഷകരോടും മാപ്പ് പറയുകയാണുണ്ടായത്. പക്ഷേ പറഞ്ഞ കാര്യങ്ങൾ തിരുത്തുകയോ അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുകയോ ചെയ്യാൻ മിഥുൻ തയാറായില്ല. ഇതേ തുടർന്ന് മിഥുന്റെ കായിക വിനോദത്തെക്കുറിച്ചും ചാംപ്യൻഷിപ്പിനെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ബിഗ് ബോസ് മിഥുനെ കൺഫെഷൻ റൂമിൽ വിളിച്ച് ചോദ്യം ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com