ADVERTISEMENT

അഗാധമായ കൊക്കയിലേക്ക് ബൈക്ക് ഓടിച്ച് പാരച്യൂട്ടിൽ രക്ഷപ്പെടുന്ന ടോം ക്രൂസിന്റെ വിഡിയോ ശ്വാസമടിക്കിപ്പിടിച്ച് കണ്ടവരുണ്ട്. അടുത്ത മാസം റിലീസിനൊരുങ്ങുന്ന മിഷൻ ഇംപോസിബിൾ ഏഴാം ഭാഗത്തിലാണ് അതിസാഹസികമായ സാഹസിക രംഗമുള്ളത്. എന്നാൽ ഇതിവിടെവച്ച് തീർന്നെന്ന് കരുതേണ്ട, ഇതാ അടുത്ത പരിപാടിയുമായി ടോം ക്രൂസും കൂട്ടരും വന്നിരിക്കുന്നു. ഇത്തവണ സംഗതി സ്പീഡ് ഫ്ലൈയിങ് ആണ്. പാരാഗ്ലൈഡിങ്, പാരച്യൂട്ടിങ് എന്നിവ സംയോജിപ്പിച്ചുള്ള ഹൈബ്രിഡ് സ്പോർട് ആണ് സ്പീഡ് ഫ്ലൈയിങ്. കാറ്റിന്റെ വേഗതയ്ക്കനുസരിച്ചുള്ള ത്രില്ലിങ് റൈഡ് ആണിത്. കൃത്യമായ പരിശീലനമില്ലെങ്കിൽ മരണം ഉറപ്പ്.

 

യുകെയിലെ ലേക് ഡിസ്ട്രിക്ട് മലനിരകളില്‍ വച്ചാണ് ഈ അതിസാഹസിക സ്റ്റണ്ട് രംഗം ചിത്രീകരിച്ചത്. ലോകത്തു തന്നെ വളരെ കുറച്ച് പേര്‍ മാത്രമാണ് സ്പീഡ് ഫ്ലൈയിങ് ചെയ്യുന്നത്. ജീവനുഭീഷണിയാകും എന്നതു തന്നെയാണ് ഇതിനു കാരണവും. സ്കൈ ഡൈവിങ് പോലെ അത്ര എളുപ്പമല്ല സ്പീഡ് ഫ്ലൈയിങ്. ലാൻഡ് ചെയ്യുന്നതുപോലും എൺപത് കിലോമീറ്റർ വേഗതിയിലാകും. സൂക്ഷിച്ചില്ലെങ്കിൽ മരണം നിശ്ചയം. രണ്ട് വർഷത്തെ പരിശീലനത്തിനുശേഷമാണ് ടോം സിനിമയ്ക്കു വേണ്ടി സ്പീഡ് ഫ്ലൈയിങ് ചെയ്തത്.

 

വെറുതെ പോയി ചാടുക മാത്രമല്ല, ആകാശത്തിലൂടെ തല കുത്തി മറിഞ്ഞ്, താഴെ ക്യാമറ ഉള്ള വണ്ടിയുടെ മുന്നിൽ തന്നെ കൃത്യമായി ലാൻഡ് ചെയ്യണം. സ്റ്റണ്ട് ചെയ്യുന്നത് ടോം ക്രൂസ് അല്ലേ, അപ്പോൾ കൂടുതലൊന്നും പറയേണ്ട കാര്യമില്ലല്ലോ !

500 സ്കൈ ഡൈവ്, 13,000 മോട്ടോക്രോസ് ജമ്പ്; ഒന്നു തെറ്റിയാൽ മരണം; ‘ടോം ക്രൂസ് നിങ്ങൾ മനുഷ്യനാണോ’

ഇതിനു മുമ്പ് പാറക്കെട്ടിൽ നിന്നും സ്കൈ ഡൈവ് ചെയ്യുന്ന ടോമിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 500 സ്കൈഡൈവുകളും 13,000 മോട്ടോക്രോസും ഉൾപ്പെട്ട ടോം ക്രൂസിന്റെ ഏറ്റവും മാരകമായ സ്റ്റണ്ട് രംഗങ്ങളുടെ മേക്കിങ് വിഡിയോ കണ്ടവർ ഒന്നടങ്കം അതിശയപ്പെട്ടു.

 

ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകരമായ സ്റ്റണ്ട് സീൻ ചിത്രീകരിക്കാൻ ടോം ക്രൂസിനും സംഘത്തിനും വേണ്ടിവന്നത് വർഷങ്ങളാണ്. ഒരു ദിവസം മുപ്പതു തവണയാണ് സ്കൈ ഡൈവ് പരിശീലനത്തിനു വേണ്ടി ടോം വിമാനത്തിൽനിന്നു ചാടിയത്. അങ്ങനെ 500 ലധികം സ്കൈഡൈവുകളും 13,000 മോട്ടോക്രോസ് ജംപുകളും സ്റ്റണ്ട് പരിശീലനത്തിനിടെ ടോം ക്രൂസ് വിജയകരമായി പൂർത്തിയാക്കി. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവില്‍ നോർവെയിലാണ് ആ സ്റ്റണ്ട് രംഗം ചിത്രീകരിച്ചത്.

 

ഹോളിവുഡിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ട് ആണ് മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിങ് ഭാഗം ഒന്നും രണ്ടും.  സാഹസിക രംഗത്തിൽ അഭിനയിക്കാൻ ആക്‌ഷൻ സ്റ്റാർ നടത്തിയ കഠിനമായ തയാറെടുപ്പുകളുടെ ക്ലിപ്പുകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഇതൊന്നുമല്ല, ഇനി വരാനിരിക്കുന്നതാണ് ഏറെ സാഹസികം എന്ന തരത്തിലുള്ള പരാമർശങ്ങളും ക്രിസ്റ്റഫർ മക്ക്വയർ  നടത്തുന്നുണ്ട്.

 

മിഷൻ ഇംപോസിബിൾ ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രമാണ് ഡെഡ് റെക്കണിങ്. മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാളൗട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ക്രിസ്റ്റഫർ മക്ക്വയർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പാർട്ട് വൺ ഈ വർഷം ജൂലൈ 14നും പാർട് 2 2024 ജൂൺ 28നും തിയറ്ററുകളിലെത്തും.

 

English Summary: Tom Cruise performs dangerous speed flying stunt for upcoming ‘Mission: Impossible’ film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com