ADVERTISEMENT

മലയാള സിനിമയ്ക്ക് നമ്പൂതിരി ആരായിരുന്നു? മികച്ച കലാസംവിധായകനുള്ള ചലച്ചിത്ര പുരസ്കാരം നേടിയ ആർടിസ്റ്റ് നമ്പൂതിരി മലയാളികളുടെ ചലച്ചിത്ര ശീലങ്ങളെയും മാറ്റി എഴുതുകയായിരുന്നു. മലയാളത്തിലെ കലാസിനിമകളുടെ ലോകത്ത് കുതിച്ചുചാട്ടമുണ്ടാക്കിയ ചിത്രമാണ് ഉത്തരായണം. ആർടിസ്റ്റ് നമ്പൂതിരിയുടെ സുഹൃത്തുക്കളായിരുന്ന ജി.അരവിന്ദന്റെ ആദ്യസിനിമയായ ഉത്തരായനം 1975ലാണ് പുറത്തിറങ്ങിയത്. തിക്കോടിയനാണ് ഉത്തരയാനത്തിന്റെ തിരക്കഥാകൃത്ത്. ഇവർ രണ്ടുപേരും ആർടിസ്റ്റ് നമ്പൂതിരിയുടെ സുഹൃത്തുക്കളാണ്. തന്റെ ആദ്യചിത്രത്തിൽ കലാസംവിധാനം നിർവഹിക്കാൻ അരവിന്ദനാണ് നമ്പൂതിരിയെ ക്ഷണിച്ചത്. ആ വർഷത്തെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നമ്പൂതിരിക്ക് ഉത്തരായനത്തിലൂടെ ലഭിച്ചു.

 

1977ൽ അരവിന്ദൻ രാമായണത്തെ തന്റെ കാഴ്ചകളിലൂടെ പുനർവ്യാഖ്യാനിച്ചു. കാഞ്ചനസീതയെന്ന സിനിമ അതുവരെ ജനങ്ങൾ കേട്ടറിഞ്ഞ രാമായണത്തിന്റെ മറ്റൊരു മുഖമായിരുന്നു. രാമന്റെ പിന്തുടർച്ചക്കാരെന്ന് അവകാശപ്പെടുന്ന ആന്ധ്രയിലെ രാമചെഞ്ചു എന്ന ആദിവാസി വിഭാഗത്തിൽനിന്നാണ് അഭിനേതാക്കളെ കണ്ടെത്തിയത്. സ്ത്രീപക്ഷത്തുനിന്നുള്ള രാമായണം ആന്ധ്രയിലെ ആദിമ ഗോത്രമേഖലകളിലാണ് ചിത്രീകരിച്ചത്. രാജീവ് താരാനാഥ് എന്ന അതുല്യകലാകാരനാണ് സംഗീതമൊരുക്കിയത്. ഷാജി.എൻ.കരുണാണ് ഛായാഗ്രഹണം നിർവഹിച്ചത്. കാഞ്ചനസീതയുടെ കലാസംവിധായകനാവാൻ അത്തവണയും അരവിന്ദൻ നമ്പൂതിരിയെ ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു. മികച്ച സംവിധായകനുള്ളേ ദേശീയ പുരസ്കാരം നേടിയ കാഞ്ചനസീതയാണ് സ്വതന്ത്ര സിനിമയെന്ന കാഴ്ചപ്പാട് ഇന്ത്യയ്ക്കു സമ്മാനിച്ചത്. അരവിന്ദന്റെ ഒരിടത്ത്, തമ്പ് തുടങ്ങിയ സിനിമകളിലും നമ്പൂതിരി ഭാഗമായിരുന്നു.

 

കൊമേഴ്സ്യൽ സിനിമകൾക്കും ആർട് സിനിമകൾക്കുമിടയിൽ മധ്യവർത്തി സിനിമകളെന്ന വിഭാഗത്തിലേക്കാണ് ഒരു കാലഘട്ടത്തിൽ ഭരതനും പത്മരാജനും കടന്നുവന്നത്. പത്മരാജന്റെ അവസാന ചിത്രമായ ഞാൻ ഗന്ധർവൻ മലയാളികളെ ഗന്ധർവനുമായി പ്രണയത്തിലാക്കി.

 

‘‘ ഞാൻ ഗന്ധർവൻ...മാനാവാനും മനുഷ്യനാവാനും നിന്റെ ചുണ്ടിലെ മുത്തമാവാനും നിമിഷാർദ്ധംപോലും ആവശ്യമില്ലാത്തവൻ’’ എന്ന പത്മരാജൻ ഡയലോഗ് ആർക്കും മറക്കാനാവില്ല. എന്നാൽ ഇരുട്ടിൽ, കോടമഞ്ഞിൽ തെളിഞ്ഞുവരുന്ന ആ രൂപം മലയാളികളുടെ മനസ്സിൽ ആഴത്തിൽ തറഞ്ഞുകിടക്കുകയാണ്. തലയിൽ തിളങ്ങുന്ന കിരീടമണിഞ്ഞ ആ ഗന്ധർവൻ.

 

ചിത്രത്തിന്റെ കലാസംവിധായകൻ രാജീവ് അഞ്ചലായിരുന്നു. എന്നാൽ ഞാൻ ഗന്ധർവനിലെ ഗന്ധർവനെ സൃഷ്ടിച്ചത് ആർടിസ്റ്റ് നമ്പൂതിരിയാണ്. ഗന്ധർവരൂപം പത്മരാജനു വരച്ചുകൊടുത്തത് നമ്പൂതിരിയാണ്. നമ്പൂതിരിയുടെ വരയെ ആസ്പദമാക്കിയാണ് നിതീഷ് ഭരദ്വാജിനെ ഗന്ധർവനാക്കി മാറ്റിയതെന്ന് പത്മരാജൻ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്.

ബിലാത്തികുളത്തെ വീട്ടിലിരുന്നാണ് ഒരിക്കൽ നമ്പൂതിരി തന്റെ പ്രിയസുഹൃത്ത് സംവിധായകൻ ജി.അരവിന്റെന്റെ അർധകായ മൺപ്രതിമ നിർമിച്ചത്. ചുവന്ന മണ്ണ് കുഴച്ചുണ്ടാക്കിയതാണ്  ശിൽപം. തികച്ചും  അവിചാരിതമായാണ് നമ്പൂതിരി ഈ ശിൽപത്തിന്റെ നിർമിതിയിലേക്ക് കടന്നത്. 

 

വീട്ടിൽ  മരാമത്ത് പണി നടക്കുന്ന സമയം. ഒരു ദിവസം ജോലിക്കാർ വന്നില്ല. അവരോടൊപ്പംജോലിയിൽ താൽപര്യം കാണിക്കാറുള്ള നമ്പൂതിരിക്ക് അന്ന് വെറുതെ ഇരിക്കാൻ തോന്നിയില്ല. മുറ്റത്ത് കുഴച്ചു കൂട്ടിയ  മണ്ണിൽ ഭാവന  വിടർന്നു. അപ്പോൾ പ്രിയ സുഹൃത്തിന്റെ മുഖംവിരൽത്തുമ്പിൽ വിടരുകയായിരുന്നു. രണ്ട് ദിവസംകൊണ്ട് അരവിന്ദന്റെ ദാർശനിക രൂപം ഉയർന്നു. അരവിന്ദന്റെ ഉത്തരായനം, ഒരിടത്ത്, ചിദംബരം, തമ്പ്, കാഞ്ചനസീത തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ള നമ്പൂതിരിക്ക് സുഹൃത്തിന്റെ ഭാവ രൂപങ്ങൾ  അച്ചട്ടായിരുന്നു. 

 

മഴയത്ത് കുതിർന്നു പോകാതിരിക്കാൻ  നമ്പൂതിരിയും വീട്ടുകാരും കരുതലോടെ പ്ലാസ്‌റ്റിക് കൊണ്ട് പൊതിഞ്ഞു വയ്‌ക്കുകയായിരുന്നു. നമ്പൂതിരി  ചെമ്പു തകിടിൽ കോറിയിട്ട രാമായണം, പറയിപെറ്റ പന്തിരുകുലം, സ്വാതന്ത്യ്രസമരം, കേരളീയം എന്നീ നാല് ലോഹചിത്ര പരമ്പരകളുടെ പ്രദർശനം കോഴിക്കോട് ടൗൺഹാളിൽ നടക്കുമ്പോഴാണ് അരവിന്ദന്റെ മൺശിൽപം അനാവരണം ചെയ്യപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com