മാറുന്ന സിനിമ, മാറാത്ത അവാര്‍ഡുകൾ

Mail This Article
ഓരോ സിനിമാ പുരസ്കാര പ്രഖ്യാപനവും ഒരു കാര്യത്തിലല്ലെങ്കിൽ മറ്റൊരു കാര്യത്തില്‍ വിവാദങ്ങളും കൊണ്ടുവരുന്നു. ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഈ ആചാരം തെറ്റിച്ചില്ല. ഒരു സംവിധായകന്‍/സംവിധായിക തന്റെ സിനിമ അവാര്‍ഡിന് അയയ്ക്കുമ്പോൾ ഒരു സത്യവാങ്മൂലം ഒപ്പിട്ടു നല്‍കുന്നുണ്ടല്ലോ. അതിന്‍പ്രകാരം സംവിധായകൻ /സംവിധായിക അവാര്‍ഡ് കമ്മിറ്റിയുടെ നിയമാവലി അംഗീകരിക്കാൻ ബാധ്യസ്ഥരാണല്ലോ. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും എന്ന് അതില്‍ പറഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍, അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞതിന് ശേഷം എന്തിനാണ് സംവിധായകരും ജനങ്ങളും അവാര്‍ഡിനെ ചൊല്ലി വിവാദങ്ങൾ സൃഷ്ടിക്കുന്നത്? എന്റെ സംവിധാനം/സിനിമ/അഭിനയം/മറ്റു കാര്യങ്ങൾ മഹത്തരമാണെന്ന് എനിക്കു തോന്നും. ജൂറിക്ക് അങ്ങനെ തോന്നണം എന്നില്ലല്ലോ. മറ്റൊരു കാര്യം, മൂന്നു പേരുള്ള ജൂറിയാണെങ്കിൽ, അതില്‍ ഒരാള്‍ക്ക് ഇഷ്ടപ്പെട്ട സിനിമ മറ്റു രണ്ടു പേര്‍ക്കും ഇഷ്ടപ്പെടണം എന്നില്ലല്ലോ. ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിലാണല്ലോ പുരസ്കാരങ്ങള്‍ തീരുമാനിക്കുന്നത്.
ഒരു സാഹിത്യകാരന്റെ കൃതി സിനിമയാക്കാന്‍ കൊടുത്തതിനു ശേഷം സിനിമ കൃതിയോട് നീതിപുലര്‍ത്തിയില്ല എന്ന രീതിയിൽ കേരളത്തില്‍ വലിയ വിവാദങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ. ഇവിടെ എഴുത്തുകാരന്‍ സേതു അദ്ദേഹത്തിന്റെ ‘പാണ്ഡവപുരം’ എന്ന നോവല്‍ ആഷിഷ് അവികുന്തക് ബംഗാളിയില്‍ സിനിമയാക്കിയതിന്റെ പശ്ചാത്തലത്തിൽ എന്റെ ചോദ്യത്തിന് ഉത്തരമായി ഇപ്രകാരം പറയുകയുണ്ടായി: “സാഹിത്യകൃതി സിനിമയാക്കാന്‍ കൊടുത്തിട്ട് പിന്നീട് ആ സിനിമ തന്റെ നോവല്‍പോലെ അല്ല എന്ന് പലരും പരാതിപ്പെട്ടു കണ്ടിട്ടുണ്ട്. അതില്‍ ഒരർഥവുമില്ല. ഒരെഴുത്തുകാരന് ആകെക്കൂടി ചെയ്യാൻ കഴിയുന്നത് തന്റെ രചനയുടെ ആന്തരിക ഭാവത്തോട് നീതിപുലര്‍ത്താൻ കഴിവുള്ളയാളെന്ന് ബോധ്യമുള്ള ഒരാളെ ഈ കര്‍മം ഏല്‍പ്പിക്കുക എന്നതാണ്”. ഇതുതന്നെയാണ് അവാര്‍ഡ് വിവാദത്തെ കുറിച്ചും എന്റെ അഭിപ്രായം. തന്റെ സിനിമയെ വേണ്ട രീതിയില്‍ മനസ്സിലാക്കാൻ സര്‍ക്കാർ നിയമിക്കുന്ന ജൂറിക്ക് പ്രാപ്തിയില്ല എന്ന വിശ്വാസമാണെങ്കില്‍ സിനിമ അവാര്‍ഡിന് അയയ്ക്കാതിരിക്കുന്നതല്ലേ നല്ലത്? ഓരോ ജൂറിക്കും അവരുടേതായ താൽപര്യങ്ങളും ഓരോ ജൂറി അംഗത്തിനും അവരവരുടേതായ മാനദണ്ഡങ്ങളും ഉണ്ടാവുമല്ലോ. അവാര്‍ഡ് കിട്ടാത്ത ഒരു സിനിമ മറ്റൊരു ജൂറിയാണ് കണ്ടതെങ്കിൽ ചിലപ്പോള്‍ അവാര്‍ഡ് കിട്ടിയേക്കാം.
പല വിഭാഗങ്ങളിലായിട്ടാണല്ലോ നാം സിനിമയ്ക്ക് പുരസ്കാരങ്ങള്‍ നല്‍കുന്നത്. നല്ല സിനിമ, നല്ല സംവിധായകന്‍, നല്ല സിനിമാട്ടോഗ്രാഫി, നല്ല ശബ്ദ ചിത്രീകരണം അങ്ങനെ പലതും. ഇവിടെ എന്റെ ചില സംശയങ്ങള്‍ ഇപ്രകാരം: എന്താണ് നല്ല സിനിമ? (അതും ഓരോരുത്തര്‍ക്കും ഓരോ രീതിയിലായിരിക്കും അനുഭവപ്പെടുക). ഒരു സിനിമ മികച്ചത് ആവണമെങ്കിൽ അതിന്റെ സംവിധാനവും, സിനിമാട്ടോഗ്രാഫിയും ശബ്ദ ചിത്രീകരണവും എഡിറ്റിങ്ങും അഭിനയവും എല്ലാം മികച്ചതാവേണ്ടേ? അപ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് ഈ പുരസ്കാരങ്ങള്‍ വേറെ വേറെ സിനിമകള്‍ക്ക് നല്‍കുന്നത്? ഈ രീതി പിന്തുടരുകയാണെങ്കില്‍ പല വിഭാഗങ്ങളിലുള്ള അവാര്‍ഡുകള്‍ക്ക് പകരം എല്ലാ ഘടകങ്ങളിലും മികച്ച ഒരു സിനിമയ്ക്ക് മാത്രം അവാർഡ് നല്‍കുന്നതിലൂടെ സര്‍ക്കാരിന് വലിയ തോതില്‍ ചെലവ് കുറയ്ക്കാം. അത്തരം ഒരു സിനിമ ഇല്ലെങ്കില്‍ അവാര്‍ഡ് നല്‍കാതിരിക്കുകയും ചെയ്യാം. അങ്ങനെയെങ്കിലും എല്ലാ വിഭാഗങ്ങളിലും മികച്ച സിനിമ ഉണ്ടാക്കാന്‍ സംവിധായകര്‍ ശ്രമിച്ചേക്കാം.
അല്ലു അര്‍ജുൻ എന്ന നടന് അവാര്‍ഡ് കൊടുത്തതിനെ ചൊല്ലി വലിയ വിവാദങ്ങൾ നടക്കുന്നുണ്ടല്ലോ. എന്നാൽ, സിനിമയില്‍ അഭിനേതാവിന് വലിയ പ്രാധാന്യമൊന്നുമില്ല. സംവിധായകന്‍ തന്നെയാണ് സിനിമയുടെ എല്ലാം. (പക്ഷേ, നമ്മുടെ ഭൂരിഭാഗം സിനിമകളും ആ രീതിയില്‍ അല്ല). “ I am the Hitler of my cinema” എന്ന് ജോണ്‍ ഏബ്രഹാം. ഒരാള്‍ എത്ര വലിയ സൂപ്പര്‍ സ്റ്റാർ ആയാലും സംവിധായകന് അയാളുടെ അഭിനയത്തില്‍ താൽപര്യമില്ലെങ്കില്‍ എന്തുചെയ്യും? അക്കാലത്തെ പ്രമുഖ നടനായിരുന്ന അടൂർ ഭാസിയെ ജോണ്‍ തെങ്ങിൽ കയറ്റിയ സംഭവം ഓര്‍ക്കുമല്ലോ.
ഇവിടെ ഓര്‍ക്കാവുന്ന മറ്റൊരു സംഭവം: വിഖ്യാത ജര്‍മൻ ചലച്ചിത്ര സംവിധായകനായ വെര്‍ണർ ഹെര്‍സോഗിന്റെ ‘അഗിരെ ദ് റാത്ത് ഓഫ് ഗോഡ്’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ക്ലോസ് കിന്‍സ്കി എന്ന നടൻ അഭിനയ രംഗത്ത് പ്രശസ്തനായിരുന്നു. കിന്‍സ്കി അവതരിപ്പിക്കുന്ന അഗിരെ എന്ന കഥാപാത്രത്തെച്ചൊല്ലി നടനും സംവിധായകനും തർക്കിച്ചു; ഹെർസോഗിന് കൂടുതൽ ശാന്തമായ പ്രകടനമായിരുന്നു വേണ്ടിയിരുന്നതെങ്കിൽ, കിൻസ്കി ആഗ്രഹിച്ചത് അതിന് എതിരായ രീതിയായിരുന്നു. മാത്രവുമല്ല, ആമസോണ്‍ വനത്തിലൂടെയുള്ള ദുര്‍ഘട യാത്രയും ഭക്ഷണത്തിന്റെ കുറവും കിന്‍സ്കിക്ക് ബുദ്ധിമുട്ടായിരുന്നു. അഭിപ്രായ ഭിന്നതയുടെ പാരമ്യത്തില്‍ ഹെര്‍സോഗ് കിന്‍സ്കിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
കിന്‍സ്കിയുടെ ഭ്രാന്തമായ പെരുമാറ്റം സെറ്റിലുള്ളവരെയും ഭ്രാന്തിന്റെ വക്കിൽ എത്തിച്ചു. ക്രൂവിലുള്ള ഒരംഗത്തെ കിന്‍സ്കി ഭീഷണിപ്പെടുത്തി. ഇത് സംവിധായകന്റെ തന്ത്രം കൂടിയായിരുന്നു. ഹെര്‍സോഗിന്റെ പ്രകോപനം അഗിരെ എന്ന ക്രൂരനും ഉന്മാദസദൃശ്യമായ സ്വഭാവവുമുള്ള കഥാപാത്രത്തിന് അനുയോജ്യമായ പ്രകടനം നടത്താന്‍ കിന്‍സ്കിയെ സഹായിച്ചു എന്നാണ് പറയപ്പെടുന്നത്. കിന്‍സ്കിക്ക് ആ രീതിയിൽ ഈ കഥാപാത്രത്തിന്റെ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഹെര്‍സോഗിന് അറിയാമായിരുന്നു. ഹെർസോഗും കിൻസ്കിയും പരസ്പരം ഏറ്റുമുട്ടിയെങ്കിലും അവരുടെ സഹകരണം സർഗ്ഗാത്മകതയ്ക്ക് വളമാവുകയും ‘നൊസ്ഫെറാത്തു ദ് വാംപയർ’, ‘വോയ്സെക്ക്’, ‘കോബ്ര വര്‍ദെ’ മുതലായ മാസ്റ്റർപീസുകൾക്ക് ജന്മം നല്‍കുകയും ചെയ്തു.
അഭിനയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ നാം സിനിമയിലെ അഭിനയത്തെ ഏതു രീതിയിൽ കാണുന്നു എന്നത് പ്രധാന വിഷയമാണ്. അഭിനയം പല രീതിയില്‍ ഉണ്ടല്ലോ. അതായത്, അഭിനയത്തില്‍ പല സിദ്ധാന്തങ്ങൾ ഉണ്ടല്ലോ. “ഒരു ക്രിയയുടെ അനുകരണമാണ് അഭിനയകല” എന്ന് അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തം പറയുന്നു. ഇന്ത്യന്‍ അഭിനയ സിദ്ധാന്തം അനുസരിച്ച് ശരീരാവയവങ്ങളുടെ ചലങ്ങള്‍ മുഖേന ആശയങ്ങളെ ‘നേരെ കൊണ്ടുവന്ന് ‘ (അഭി-നയിച്ച്) കാണികള്‍ക്ക് മുന്നിൽ അവതരിപ്പിക്കുന്ന കലയാണ് അഭിനയം. ഇന്ത്യയില്‍ത്തന്നെ അഭിനയത്തെ കുറിച്ച് പല സിദ്ധാന്തങ്ങള്‍ ഉണ്ട് - ഭരതമുനി, ധനഞ്ജയൻ, അഭിനവഗുപ്തന്‍ എന്നിവരുടെ ആശയങ്ങള്‍. കൂടാതെ പുരാതന പാശ്ചാത്യ നാടക സിദ്ധാന്തങ്ങൾക്ക് ശേഷം വന്ന സ്റ്റാനിസ്ലാവസ്കി, അന്റോണിന്‍ ആര്‍ത്താഡ്, ഗ്രോട്ടോവസ്കി എന്നിവരുടെ സിദ്ധാന്തങ്ങളും ഉണ്ട്. മറ്റൊരു പ്രധാന സിദ്ധാന്തമാണ് ബ്രഹ്ത്തിന്റെ അന്യവല്‍ക്കരണ സിദ്ധാന്തം. ഇതനുസരിച്ച് പ്രേക്ഷകരെ നാടകത്തിന്റെ മായികതയില്‍ മയങ്ങാന്‍ അനുവദിക്കാതെ അവരെ ഒരകലത്തില്‍ നിര്‍ത്തിക്കൊണ്ട് വിമര്‍ശനാത്മകമായി നാടകം കാണാൻ പ്രേരിപ്പിക്കുന്നു.
നമ്മുടെ നാടകവേദിയില്‍ അഭിനയത്തിൽ ഈ രീതിയിലുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സിനിമയില്‍ നാം ഇപ്പോഴും പ്രാധാന്യം കൊടുക്കുന്നത് റിയലിസ്റ്റിക് അഭിനയത്തിനാണ്. കഥാപാത്രമായി ജീവിക്കുക എന്നതിനെയാണ് നാം നല്ല അഭിനയമായി കാണുന്നത്. “പച്ച മനുഷ്യന്റെ നേര്‍ക്കാഴ്ചയുമായി ഒരു മനുഷ്യൻ” എന്നാണ് നമ്മുടെ ഒരു സിനിമയുടെ പരസ്യം. ജീവനുള്ള പുലിയെ പിടിച്ചുകെട്ടുകയും കുറേ മനുഷ്യരെ ഒറ്റയ്ക്ക് അടിച്ചു വീഴ്ത്തുകയും ചെയ്യുന്ന സൂപ്പര്‍ ഹീറോയുടെ അഭിനയവും വസ്ത്രധാരണവും ഏറ്റവും സ്വാഭാവികമാക്കാനാണ് നമ്മുടെ സിനിമകള്‍ ശ്രമിക്കുന്നത്. റാസിയുടെ ‘വെളുത്ത രാത്രികള്‍’ എന്ന സിനിമയിലെ ശൈലീവത്കൃത അഭിനയ ശൈലി നമുക്ക് ഉള്‍ക്കൊള്ളാൻ പറ്റിയില്ല. ഈ സാഹചര്യത്തിൽ ശൈലീകൃത അഭിനയമുള്ള ഒരു സിനിമയെ ജൂറി എങ്ങിനെ കാണും? നമുക്ക് മുന്‍മാതൃകകളായി അത്തരം സിനിമകള്‍ ഇല്ല.
നമ്മുടെ സിനിമകള്‍ സാധാരണയായി കഥാപാത്രങ്ങളായി മാറാൻ അഭിനേതാക്കളെക്കൊണ്ട് ധാരാളം റിഹേഴ്സല്‍ ചെയ്യിക്കുന്നു. എന്നാല്‍ ഫ്രഞ്ച് ചലച്ചിത്ര സംവിധായകനായ റോബര്‍ട്ട് ബ്രസ്സോ ധാരാളം റിഹേഴ്സൽ ചെയ്യിക്കുന്നുണ്ടെങ്കിലും അത് അഭിനേതാക്കൾ കഥാപാത്രത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാനാണ്. അതായത്, അഭിനയിക്കുന്നവര്‍ അവരായിത്തന്നെ നിന്ന് അഭിനയിക്കാനാണ്. സമാനമായ ആശയം മണി കൗളും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ താൽപര്യം കഥാപാത്രങ്ങളിളല്ല, മറിച്ച് അഭിനേതാക്കളിലാണ്. അവരുടെ സ്വത്വം എങ്ങനെയാണോ അതുപോലെ പ്രകടമാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ‘ഇഡിയറ്റ് ‘ എന്ന സിനിമയിൽ അഭിനയിച്ച അയൂബ് ഖാൻ എന്ന നടനോട് അദ്ദേഹം ഇപ്രകാരം പറഞ്ഞു: ‘‘എന്നെ സംബന്ധിച്ച് നിങ്ങളാണ് മിഷ്കിൻ. കാരണം നിങ്ങളെയാണ് സ്ക്രീനിൽ കാണുക. ദസ്തയേവസ്കിയുടെ മിഷ്കിനെ അല്ല”.
ആദ്യകാല സിനിമകളില്‍ അഭിനേതാക്കളോ മനുഷ്യനിർമിത ആഖ്യാനമോ ഉണ്ടായിരുന്നില്ല. അവ യഥാര്‍ഥ സംഭവങ്ങളുടെ ചിത്രീകരണമായിരുന്നു. അതുകൊണ്ടുതന്നെ ആക്ച്വാലിറ്റി ഫിലിംസ് എന്നറിയപ്പെട്ടു. അതുപോലെ സിനിമയില്‍ ഫിക്‌ഷന്‍, ഡോക്യുമെന്ററി എന്നീ തരംതിരിവുകളും ഉണ്ടായിരുന്നില്ല. ഭാവിയില്ലാത്ത ഒരു കലാരൂപമായാണ് അന്ന് സിനിമാ രംഗത്ത് പ്രവര്‍ത്തിച്ചവര്‍തന്നെ സിനിമയെ കണ്ടിരുന്നത്. എന്നാല്‍, അവരുടെ സംശയത്തെ തെറ്റിച്ചുകൊണ്ട് സിനിമകള്‍ വിജയം കൈവരിച്ചതോടെ സിനിമാ കമ്പനികൾ സ്ഥാപിതമാവുകയും സിനിമ എന്റര്‍ടെയ്ൻമെന്റ് വ്യവസായമായി വളരുകയും ചെയ്തു. കച്ചവടത്തിന്റെ ഭാഗമായാണ് സിനിമയിൽ അഭിനേതാക്കൾ കടന്നുവന്നത്. അതിന്റെ വിജയം താരങ്ങളുടെ ഉദയവും, പിന്നീട് സൂപ്പർ താരങ്ങള്‍ക്കായി സിനിമകൾ ഉണ്ടാക്കുന്ന അവസ്ഥയും കൊണ്ടുവന്നു.
ലോക സിനിമ പരിശോധിച്ചാല്‍ അഭിനേതാക്കൾ ഇല്ലാത്ത ധാരാളം സിനിമകള്‍ കാണാൻ പറ്റും. ഗോഡ്ഫ്രെ റെഗ്ഗിയോയുടെ ‘കൊയാനി കാസി’ അത്തരത്തിലുള്ള ഒരു സിനിമയാണ്. ഈ സിനിമയില്‍ കഥയോ മനുഷ്യ നിര്‍മിത ആഖ്യാനമോ അഭിനേതാക്കളോ ഇല്ല. പല അവസ്ഥകളിലുള്ള ദൃശ്യങ്ങളുടെ ഒഴുക്കാണ് സിനിമ. ആന്‍ഡി വാറോളിന്റെ ഏകദേശം അഞ്ചു മണിക്കൂറും ഇരുപതു മിനിറ്റും ദൈര്‍ഘ്യമുള്ള ‘സ്ലീപ്’ എന്ന സിനിമയില്‍ തുടക്കം മുതല്‍ അവസാനം വരെ ഒരാള്‍ ഉറങ്ങുകയാണ്. ‘കാഞ്ചന സീത’യില്‍ രാമനായി അഭിനയിച്ച ആദിവാസിയുടെ ‘അഭിനയ’ത്തെ നാം എങ്ങിനെ കാണും? റിതി പനാ സംവിധാനം ചെയ്ത കംബോഡിയൻ സിനിമയായ ‘മിസ്സിങ് പിക്ചര്‍’ പോള്‍പോട്ടിന്റെ ഭരണകാലത്തെ ക്രൂരതകള്‍ അവതരിപ്പിക്കുന്നു. യഥാർഥ മനുഷ്യര്‍ക്ക് പകരം കളിമണ്‍ രൂപങ്ങളെയാണ് സംവിധായകൻ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.
പ്രശസ്ത തയ്‌വാനീസ് സംവിധായകനായ സായ് മിങ് ലിയാങ്ങിന്റെ ‘വാക്കര്‍’ സീരീസിലുള്ള സിനിമകളില്‍ ഒരു ബുദ്ധ ഭിക്ഷു വളരെത്തിരക്കേറിയ നഗരത്തിലൂടെ ഒച്ചിനു മാത്രം സാധ്യമാവുന്ന വേഗത്തില്‍ നടക്കുകയാണ്. ഭിക്ഷു മിക്കപ്പോഴും കൈമുദ്രകളോടെ തന്റെ കാല്‍പാദങ്ങളിൽത്തന്നെ ദൃഷ്ടികളൂന്നിയാണ് നടക്കുന്നത്. ചിലപ്പോള്‍ അദ്ദേഹത്തെ സ്ക്രീനിൽ മുഴുവനായും കാണാന്‍ പറ്റുന്നില്ല. ഇത്തരം സിനിമകൾ ഇവിടെ ഉണ്ടാവുന്നില്ല. അതുകൊണ്ടുതന്നെ നാം ഇതുമായി അത്ര പരിചിതരുമല്ല. അപ്പോള്‍ ഇത്തരം സിനിമകളിലെ അഭിനയത്തെ, അങ്ങിനെയൊന്ന് ഉണ്ടെങ്കില്‍, നാം എങ്ങനെയാണ് വിലയിരുത്തുക?
ആരി ഫോള്‍മാന്റെ ‘ദ് കോണ്‍ഗ്രസ്സ് ‘ എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ റോബിൻ റൈറ്റ് എന്ന സിനിമാ നടി മകന്റെ ചികിത്സയ്ക്കായി വലിയ തുക ആവശ്യമായി വന്നപ്പോൾ ഒരു ഫിലിം സ്റ്റുഡിയോയ്ക്ക് അവർ ആഗ്രഹിക്കുന്ന സിനിമയിൽ അവളുടെ ഡിജിറ്റൽ ഇമേജ് ഉപയോഗിക്കുന്നതിന് സമ്മതം നല്‍കുന്നു. പ്രതിഫലമായി നടിക്ക് വൻ തുക ലഭിക്കുന്നു. ഈ സാഹചര്യത്തില്‍ ഈ സ്റ്റുഡിയോ ഇവരുടെ ഡിജിറ്റൽ ഇമേജ് ഉപയോഗിച്ച് ഭാവിയില്‍ ഉണ്ടാക്കുന്ന സിനിമകളിലെ അഭിനയത്തിന് ഈ നടിക്ക് പുരസ്കാരം നല്‍കുമോ?
ഇത് പുതിയ കാലത്ത് നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കുന്ന സിനിമകള്‍ക്കും ബാധകമാണ്. മോഹന്‍ലാലിനെയും മറ്റും ഉപയോഗിച്ചുകൊണ്ട് ‘ഗോഡ് ഫാദറി’ന്റെ മലയാളം പതിപ്പ് ഉണ്ടാക്കിയ കാര്യം ഓര്‍ക്കുമല്ലോ. ഇതുപോലെ അഭിനേതാക്കളുടെ ദൃശ്യങ്ങൾ ഉപയോഗിച്ചു കൊണ്ട് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഉണ്ടാക്കുന്ന സിനിമയിലെ അഭിനയത്തിന് പുരസ്കാരം കൊടുക്കുമോ? സിനിമ വളരെ മാറിയ ഇക്കാലത്തും നമ്മുടെ സിനിമാ സങ്കല്‍പങ്ങളും അവാര്‍ഡ് മാനദണ്ഡങ്ങളും വളരെ പഴയതാണ്. കാലത്തിനനുസരിച്ച് നാം മാറേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ബിനാലെയില്‍ പല സൃഷ്ടികളും കണ്ട് അന്തം വിട്ടുനിന്ന നമ്മുടെ അന്തം തിരികെ വരാത്തത്.