എംപുരാനു വേണ്ടി പ്രമോ ഷൂട്ട് ഇല്ല, പുതിയ പ്രഖ്യാപനം ഈ മാസം: പൃഥ്വിരാജ്

Mail This Article
ബിഗ് ബജറ്റ് ചിത്രം ‘എംപുരാനു’ വേണ്ടി പ്രമോ ഷൂട്ട് ഒരുങ്ങുന്നുവെന്ന വാർത്ത തിരുത്തി പൃഥ്വിരാജ്. ചിത്രത്തിനുവേണ്ടി ഒരുരീതിയിലുമുള്ള പ്രമോ ഷൂട്ട് പദ്ധതിയിടുന്നില്ലെന്നും ഈ മാസം തന്നെ ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവിടുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
‘‘എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് അറിയില്ല. എംപുരാന് ഒരു ‘പ്രമോ’യോ ‘പ്രമോ ഷൂട്ടോ’ ഉണ്ടാവില്ല. ഈ മാസം തന്നെ എപ്പോഴെങ്കിലും ഷൂട്ടിങ് തീയതിയും പ്രോജക്ടിന്റെ മറ്റ് വിശദാംശങ്ങളും പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്യുകയാണ്.’’പൃഥ്വിരാജ് കുറിച്ചു.
നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ചിത്രത്തിന്‍റെ സഹനിര്‍മാതാക്കളായി ‘കെജിഎഫ്’, ‘കാന്താര’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രൊഡക്‌ഷൻ ഹൗസുകളിലൊന്നായ ഹോംബാലെ ഫിലിംസ് കൂടിയെത്തുകയാണ്. ഇതോടെ ‘എംപുരാന്‍’ ഒരു ‘പാന്‍ വേള്‍ഡ്’ ചിത്രമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഉത്തരേന്ത്യയും തമിഴ്നാടും വിദേശരാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. കേരളത്തിൽ ചിത്രീകരണമുണ്ടാകുമോ എന്നു വ്യക്തമല്ല. മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശീർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജിപയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ. ബജറ്റോ, റിലീസ് തിയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം തുടങ്ങുന്നത്.
മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല ‘എംപുരാൻ’ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും, ഇന്ത്യൻ സിനിമ എന്ന നിലയിൽ ഒടിടിയിലും വൻ ബിസിനസ് ലഭിച്ച ‘ലൂസിഫർ’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.
English Summary: No promo shoot on plan for Mohanlal's 'Empuraan' clarifies Prithviraj Sukumaran