ഭർത്താവ് രവീന്ദർ ചന്ദ്രശേഖർ തട്ടിപ്പ് കേസിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടിയും രവീന്ദറിന്റെ ഭാര്യയുമായ മഹാലക്ഷ്‌മി. ഇതും കടന്നുപോകും എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ നടി കുറിച്ചത്. ഏറെ സന്തോഷത്തോടെയുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം. ശക്തയായ സ്ത്രീയാണ് മഹാലക്ഷ്മിയെന്നും ഇനിയും കരുത്തോടെ തന്നെ മുന്നോട്ടു പോകൂ എന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ.
വ്യവസായിയിൽനിന്ന് 16 കോടി തട്ടിയെന്ന പരാതിയിലാണ് നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിലാകുന്നത്. സിനിമ നിർമിക്കാമെന്ന് വാഗ്‌ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. 200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനായി വ്യാജരേഖകൾ കാണിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. ചെന്നൈ സ്വദേശി ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്.
അടുത്ത കാലത്ത് സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത താര ദമ്പതിമാരാണ് മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖരനും. രവീന്ദർ ധനികൻ ആയതുകൊണ്ടാണ് മഹാലക്ഷ്മി ഇദ്ദേഹത്തെ വിവാഹം കഴിച്ചതെന്നായിരുന്നു ആരോപണം. എന്നാൽ തങ്ങൾ പരസ്പരം മനസ്സിലാക്കി ഒന്ന് ചേർന്നതാണെന്നും രവീന്ദറിന്റെ വണ്ണം തനിക്ക് പ്രശ്നമല്ല എന്നും മഹാലക്ഷ്മി വ്യക്തമാക്കിയിരുന്നു.
സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങൾ ഒന്നും തന്നെ ഈ ദമ്പതികളെ സ്പർശിച്ചിട്ടില്ല. ഇരുവരും വേർപിരിഞ്ഞുവെന്ന കുപ്രചരണത്തിലും വിമർശകർക്ക് രസകരമായ മറുപടിയുമായി ദമ്പതികളെത്തി. മഹാലക്ഷ്മിയുടെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകാറുണ്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ മഹാലക്ഷ്മിക്ക് ഒരു മകനുണ്ട്.
തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്‍റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദർ നിർമിച്ച ചിത്രങ്ങൾ.
ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായി ശ്രദ്ധനേടിയ മഹാലക്ഷമി പിന്നീട് സീരിയലുകളിലൂടെ മിനിസ്ക്രീന്‍ പേക്ഷകരുടെ ഇഷ്ടതാരമായി മാറി. വിജെ മഹാലക്ഷ്മി എന്നാണ് ഇവര്‍ ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. യാമിരുക്ക ഭയമേന്‍, അരസി, ചെല്ലമേ, വാണി റാണി,അന്‍പേ വാ തുടങ്ങിയ സീരിയലുകളിലെ പ്രകടനത്തിലൂടെ തമിഴ് സീരിയല്‍ ലോകത്ത് നിരവധി ആരാധകരാണ് താരത്തിനുള്ളത്.