‘കർണനായി’ ബോളിവുഡിൽ രണ്ടാം വരവിന് സൂര്യ?
Mail This Article
ദേശീയ പുരസ്കാര നേട്ടത്തിന് ശേഷം നടന്‍ സൂര്യ വീണ്ടും ബോളിവുഡിൽ എത്തിയേക്കുമെന്ന പ്രചാരണം ശക്തമായിരുന്നു. ഹിന്ദിയിലെ വമ്പന്‍ പ്രൊഡക്‌ഷന്‍ കമ്പനികള്‍ താരത്തെ ഇതുമായി ബന്ധപ്പെട്ട് സമീപിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്റയും സൂര്യയും ഒരു ബിഗ് ബജറ്റ് ചിത്രത്തിനുവേണ്ടി കൈകോർക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
മഹാഭാരത കഥയെ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയില്‍ കര്‍ണനായി സൂര്യ എത്തുമെന്നാണ് വാർത്തകൾ വരുന്നത്. രണ്ട് ഭാഗമായി ഒരുക്കുന്ന ചിത്രം 2024 ൽ ആരംഭിക്കുമെന്നും കേൾക്കുന്നു. കഴിഞ്ഞ ദിവസം മുംബൈയിൽ രാകേഷ് ഓംപ്രകാശ് മെഹ്റയും സൂര്യയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഊഹാപോഹങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
രംഗ് ദേ ബസന്തി, ഭാഗ് മില്‍ഖ ഭാഗ് തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ഓംപ്രകാശ് മെഹ്റ സൂര്യയുമായി ഒത്തുചേരുന്നത് കാണാൻ ആരാധകരും ആകാംക്ഷയിലാണ്. 2010ൽ രാം ഗോപാല്‍ വർമ സംവിധാനം ചെയ്ത രക്തചരിതയാണ് സൂര്യയുടെ ആദ്യ ഹിന്ദി ചിത്രം. പിന്നീട് അദ്ദേഹം ഹിന്ദി സിനിമകള്‍ക്ക് കൈ കൊടുത്തിട്ടുമില്ല.
സിരുത്തൈ ശവ ഒരുക്കുന്ന ‘കങ്കുവ’യാണ് സൂര്യയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ആക്‌ഷനും ഫിക്‌ഷനും ഇടകലര്‍ന്ന ഒരു പിരിയോഡിക് ഡ്രാമയായ കങ്കുവ ത്രീഡിലാണ് ഒരുങ്ങുന്നത്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും സൂര്യ തന്നെയാണ് ഹീറോ.