കരുവന്നൂർ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി )അന്വേഷണം കോളിളക്കമുണ്ടാക്കുമ്പോൾ നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു. ‘‘ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ, തൊട്ടുപിന്നിലായി കരുവന്നൂർ ബാങ്കും 500 കോടി ക്ലബ്ബിൽ.’’–ഇതായിരുന്നു കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
നിരവധി ആളുകളാണ് പോസ്റ്റിനു താഴെ അഭിപ്രായങ്ങളുമായി രംഗത്തെത്തുന്നത്. കൃഷ്ണകുമാറിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്.
അതേസമയം, കരുവന്നൂർ തട്ടിപ്പുകേസിൽ മുഖ്യപ്രതി സതീഷ്കുമാര്‍ നടത്തിയത് 500 കോടിയുടെ ഇടപാടെന്ന് ഇ.ഡിയുടെ കണ്ടെത്തൽ. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ചും സഹകരണ വകുപ്പും അന്വേഷണം എവിടെ നിര്‍ത്തിയോ അവിടെ നിന്നാണ് ഇ.ഡിയുടെ തുടക്കം. കരുവന്നൂരിലെ കിങ്പിന്‍ പി. സതീഷ് കുമാറെന്ന് ഉറപ്പിക്കുന്നു ഇ.ഡി.
കരുവന്നൂര്‍ വഴി മറ്റ് സഹകരണ ബാങ്കുകളിലേക്കും വേരിറങ്ങിയ കള്ളപ്പണ ഇടപാടുകളിലേക്കാണ് സതീഷ് കുമാറിലൂടെ അന്വേഷണം നീളുന്നത്. സതീഷ് കുമാറിന്‍റെ ഏജന്റുമാര്‍ തട്ടിപ്പിന് ഒത്താശ ചെയ്ത ആധാരമെഴുത്തുകാര്‍ പണവും സ്വാധീനവും നല്‍കി സഹായിച്ച രാഷ്ട്രീയ നേതാക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരേയും വരും ദിവസങ്ങളില്‍ ഇഡി ചോദ്യം ചെയ്യും. സതീഷ് കുമാറിനെ നിയന്ത്രിക്കുന്ന വമ്പന്‍സ്രാവുകളെ കുറിച്ചുള്ള വിവരങ്ങളും ഇ.ഡി ശേഖരിച്ചു. സംസ്ഥാനത്തിന് പുറത്തും വേരുകളുള്ള ഈ സംഘത്തിലേക്കും അന്വേഷണം നീളും.