സ്‍കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി; മിടുക്കിയായിട്ടും എന്തിന് ഈ കടുംകൈ?; വേദനയായി വിജയ് ആന്റണിയുടെ ഭാര്യയുടെ കുറിപ്പ്

meera-vijay-antony
SHARE

നടനും  സംഗീത സംവിധായകനായ വിജയ് ആന്റണിയുടെ മകളുടെ വേർപാടിൽ വിതുമ്പി തമിഴ് സിനിമാലോകവും ആരാധകരും. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മീരയുടെ വിയോഗ വാർത്ത ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല വിജയ് ആന്റണിയുടെ സഹപ്രവർത്തകരും സുഹൃത്തുക്കളും. പഠിക്കാൻ ഏറെ മിടുക്കിയായിരുന്നു മീര പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താല്‍പര്യമുള്ള വിദ്യാർഥിയായിരുന്നു. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മീരയെ തിരഞ്ഞെടുത്തത് ഇക്കഴിഞ്ഞ ജൂണിലാണ്. 

മകളുടെ നേട്ടത്തെക്കുറിച്ചുള്ള പോസ്റ്റുകൾ വിജയ്‌യുടെ ഭാര്യ ഫാത്തിമ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു.  മകളുടെ സ്‌കൂളിലെ നേട്ടം പ്രകീർത്തിച്ചുകൊണ്ടുള്ള ഫാത്തിമയുെട കുറിപ്പ് ആണ് ആരാധകരെ വേദനയിലാഴ്ത്തുന്നത്. ഫാത്തിമ മാർച്ചിൽ പങ്കുവച്ച പോസ്റ്റാണിത്. സ്‌കൂൾ യൂണിഫോമിലുള്ള മീരയുടെ ഫോട്ടോയിൽ സ്‌കൂളിൽ മകൾ ഒരു നാഴികക്കല്ല് കൈവരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ‘‘'എന്റെ ശക്തിക്ക് കരുത്തു പകരുന്നവൾ, എന്റെ കണ്ണുനീരിലെ സാന്ത്വനം, എന്റെ സമ്മർദവും (വികൃതി സൂപ്പർ ലോഡഡ്) എന്റെ തങ്കക്കട്ടി-ചെല്ലക്കുട്ടി. മീര വിജയ് ആന്റണി, അഭിനന്ദനങ്ങൾ ബേബി.’’– വെള്ള നിറത്തിലുള്ള യൂണിഫോം ധരിച്ച മീരയുടെ ഫോട്ടോ പങ്കിട്ടുകൊണ്ട് ഫാത്തിമ ഇങ്ങനെ എഴുതി.

മരണകാരണം വ്യക്തമല്ലെങ്കിലും മീര മാനസിക പ്രശ്നങ്ങൾക്കുള്ള ചികിത്സ തേടിയിരുന്നുവെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിജയ് ആന്റണിക്കും ഫാത്തിമക്കും ലാറ എന്ന മറ്റൊരു മകള്‍ കൂടി ഉണ്ട്.

ഇന്ന് പുലർച്ചയാണ് ചെന്നൈ അല്‍വാര്‍പേട്ടിലെ വീട്ടില്‍  ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മീരയെ കണ്ടെത്തിയത്.  വിജയ് ആന്റണി തന്നെയാണ് ഇന്ന് പുലർച്ചെ മൂന്നു മണിയോടെ മുറിയിൽ മകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു  മീര.

തമിഴ് സിനിമാ മേഖലയിൽ സജീവ സാന്നിധ്യമായ സംഗീത സംവിധായകനാണ് വിജയ് ആന്റണി.  സംഗീതത്തിലുപരി  കാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ വിജയ് തമിഴ് പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. രണ്ടു പെണ്മക്കളാണ് വിജയ് ആന്റണിക്കുള്ളത്.

ആത്മഹത്യയ്ക്കെതിരെ അഭിമുഖങ്ങളിലും വേദികളിലും സംസാരിച്ചിട്ടുള്ള വിജയ് ആന്‍റണിയുടെ മകൾ ആത്മഹത്യാ ചെയ്തത് തമിഴ് സിനിമാലോകത്തിനു അവിശ്വസനീയമായ കാര്യമാണ്. വിജയ് ആത്മഹത്യക്കെതിരെ സംസാരിച്ചതിന്റെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. "മുതിര്‍ന്നവരെ സംബന്ധിച്ച് സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മാഹുതിയെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാക്കുന്നത്. കുട്ടികളെ സംബന്ധിച്ച് പലപ്പോഴും പഠനസംബന്ധമായ ഉത്കണ്ഠയും. സ്കൂളില്‍ നിന്ന് വന്നാല്‍ കുട്ടികള്‍ക്ക് ഉടന്‍ ട്യൂഷന് പോവേണ്ടിവരികയാണ്. അവര്‍ക്ക് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നില്ല. കുട്ടികളെ സ്വതന്ത്രരായി വിടുക", എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വിഡിയോയിൽ  വിജയ് ആന്‍റണി പറയുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS