ADVERTISEMENT

റി–റെക്കോർഡിങിനു മുമ്പ് ‘ജയിലർ’ കണ്ടപ്പോൾ ശരാശരിക്കു മുകളിലുള്ള സിനിമയെന്നാണ് അനുഭവപ്പെട്ടതെന്ന് രജനികാന്ത്. അനിരുദ്ധിന്റെ കൈകളിലൂടെയാണ് ചിത്രം വേറൊരു തലത്തിലെത്തിയതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ചെന്നൈയിൽ സംഘടിപ്പിച്ച ‘ജയിലർ’ സക്സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു രജനികാന്ത്.

 

‘‘ഇന്ന് ഞാൻ പ്രസംഗിക്കണമെന്ന് കരുതി വന്നതല്ല. പക്ഷേ ഇതെല്ലാം കാണുമ്പോൾ രണ്ട് വാക്കുകൾ സംസാരിക്കണമെന്ന് തോന്നുന്നു. കലാനിധി മാരൻ സാറിനാണ് ആദ്യം നന്ദി പറയേണ്ടത്. ഈ ഇൻഡസ്ട്രി മുഴുവൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഓഡിയോ ചടങ്ങ് മുതൽ എല്ലാവരെയും ചേർത്തുനിർത്തി, സിനിമ ഹിറ്റായപ്പോഴും അതിലെ ഓരോ പ്രവർത്തകർക്കും ഭക്ഷണവും എനിക്കും നെൽസണും അനിരുദ്ധിനും കാർ നൽകിയും ആദരവ് പ്രകടിപ്പിച്ചു. ഇതൊക്കെ വലിയ കാര്യങ്ങളാണ്. ഇന്ന് ആ കാറിലാണ് ഞാൻ ഇവിടേക്കു വന്നത്. പണക്കാരനായി എന്ന വിചാരം വന്നതു തന്നെ ഇപ്പോഴാണ്.

 

സത്യം പറയുന്നതാണ്, ആ കാറിൽ ഇരുന്ന്  വന്നപ്പോഴാണ്, ആ ഒരു ഫീൽ. ഇവിടെ കലാസാർ കുറച്ച് പേർക്ക് ബാഗ് കൊടുക്കുന്നുണ്ടായിരുന്നു. അത് എന്താണെന്ന് ചോദിച്ചപ്പോൾ അതിൽ സ്വർണനാണയം ഉണ്ടെന്ന് നെൽസൺ പറഞ്ഞു. എല്ലാ നിര്‍മാതാക്കൾക്കും വലിയ പ്രചോദനമാണ് കലാനിധി മാരൻ സർ. ഒരു പടം വിജയമായി, ആ വിജയം എങ്ങനെ ആഘോഷിക്കണം അതിൽ പ്രവർത്തിച്ചവർക്കും എങ്ങനെ സന്തോഷം നൽകണം എന്നൊക്കെ കലാനിധി മാരൻ നമുക്ക് കാണിച്ചു തന്നു. തമിഴ് ഇൻഡസ്ട്രിക്കു മാത്രമല്ല ബോളിവുഡ്, ടോളിവുഡ് ഇൻഡസ്ട്രിക്കൊക്കെ ഇതൊരു വഴികാട്ടിയാണ്.

 

കലാനിധി സർ പടം കണ്ട ഉടനെ പ്രവചിച്ചത് ഞാൻ ഇപ്പോൾ ഓർത്തുപോകുന്നു. ആർആർ ഇല്ലാതെയാണ് ഞങ്ങൾ ആദ്യം ജയിലർ കാണുന്നത്. സെമ്പിയൻ ശിവകുമാർ (സൺ പിക്ചേഴ്സ് സിഒഒ), കണ്ണൻ ഇവരെല്ലാമുണ്ട്. കണ്ണൻ പറഞ്ഞു, സൂപ്പർ ആണെന്ന്. നീ നെൽസന്റെ സുഹൃത്താണ് ഇങ്ങനെയേ പറയൂ എന്ന് ഞാൻ തിരിച്ചു പറഞ്ഞു. അപ്പോള്‍ സെമ്പിയൻ പറഞ്ഞു, ‘സർ പടം ആവറേജ്’. 

 

സത്യസന്ധമായി ഞാൻ പറയാം, ആർആർ ചെയ്യുന്നതിനു മുമ്പ് പടം എനിക്കും എബോവ് ആവറേജ് എന്നു മാത്രമാണ് തോന്നിയത്. പിന്നീട് അനിരുദ്ധ് ആ സിനിമയെ കൊണ്ടുപോയ ഒരു തലമുണ്ട്. മൈ ഗോഡ്, അതൊരു ചാലഞ്ച് തന്നെയായിരുന്നു. ഇവൻ എന്റെ മകൻ തന്നെയാണ്. എനിക്കൊരു ഹിറ്റ് കൊടുക്കണം, അവന്റെ സുഹൃത്തിനും ഒരു ഹിറ്റ് കൊടുക്കണം. അങ്ങനെയാണ് ഈ സിനിമയെ അനി കണ്ടത്. അതിപ്പോൾ എങ്ങനെ പറയും, ഒരു വധു വിവാഹാഭരണങ്ങള്‍ ധരിക്കുന്നതിന് മുന്‍പ് എങ്ങനെ ഉണ്ടാവും? അങ്ങനെ ഇരുന്ന ‘ജയിലറെ’ അലങ്കാരത്തോടെ മുന്നിലേക്ക് വച്ചാല്‍ എങ്ങനെയിരിക്കും? അങ്ങനെയാണ് അനി ജയിലറെ മുന്നിലേക്ക് കൊണ്ടുവന്നത്. സൂപ്പര്‍.

 

ഛായാഗ്രാഹകൻ കാർത്തിക്, അതി ഗംഭീരം. എല്ലാ ഷോട്ടുകളും വേറെ ലെവല്‍. എഡിറ്റർ, കോസ്റ്റ്യൂം ഡിസൈനർ, സ്റ്റണ്ട് ശിവ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് അങ്ങനെ എല്ലാവരും ഈ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചവരാണ്. ഈ പടം ഹിറ്റായ സമയത്ത് ആദ്യത്തെ അഞ്ച് ദിവസം മാത്രമാണ് ഞാൻ സന്തോഷത്തോടെ ഇരുന്നത്. കാരണം എന്റെ അടുത്ത പടത്തെക്കുറിച്ചായിരുന്നു എന്റെ ടെൻഷൻ. ഇനി ഇതിനും മുകളിൽ വരണം എന്നാണ് എല്ലാവരും ആഗ്രഹിക്കുക. അക്കാര്യത്തിൽ കലാ സാറിനെ സമ്മതിക്കണം. ഈ സിനിമ സൂപ്പർഹിറ്റാകുമെന്ന് ആദ്യം പറഞ്ഞ ആൾ കലാനിധിമാരനാണ്. എല്ലാവരും സിനിമ കണ്ട ശേഷം എങ്ങനെയുണ്ട് ‘പേട്ട’ സിനിമ പോലെ ഉണ്ടോ എന്നാണ് അദ്ദേഹത്തോട് ചോദിച്ചത്. ‘പേട്ടയോ? 2023 ബാഷയാണ് ജയിലർ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഓഡിയോ റിലീസ് ചടങ്ങിലും പറഞ്ഞു മെഗാ ഹിറ്റ്. അങ്ങനെ പറയാൻ ഒരു ആത്മവിശ്വാസം വേണം.

 

ബാഷയ്ക്കു ശേഷം അതുപോലൊരു സിനിമ വേണ്ട എന്ന തീരുമാനമെടുത്ത ശേഷമാണ് മുത്തു ചെയ്തത്. എനിക്ക് ഈ ടെൻഷൻ ഉണ്ടായിരുന്നെങ്കിൽ നെൽസണ് എത്രത്തോളം ടെൻഷൻ ഉണ്ടാകും. 

 

ഈ സിനിമയിൽ അതിഥി വേഷത്തിലെത്തിയ ശിവരാജ്കുമാർ, മോഹൻലാൽ, ജാക്കി ഷ്റോഫ് എല്ലാവർക്കും നന്ദി. അവരുടെ സ്റ്റാർ വാല്യു കൃത്യമായി ഉപയോഗിച്ച നെൽസണും പ്രശംസ അർഹിക്കുന്നു. 

 

ജയിലർ ചെയ്തുകൊണ്ടിരുന്നപ്പോൾ ഞാൻ നെൽസണോട് ഷോലയിലെ ഗബ്ബർസിങ് എന്ന കഥാപാത്രത്തെക്കുറിച്ച് പറയുമായിരുന്നു. നെൽസണ്‍ ഷോലെ കണ്ടിട്ടില്ല. ഈ സിനിമ ഞാൻ കാണിച്ചുകൊടുത്തു. ഗബ്ബർ സിങ് എങ്ങനെയായിരുന്നുവെന്നും ആ കാലഘട്ടത്തിൽ സെൻസേഷനായിരുന്നതുമൊക്കെ പറഞ്ഞു കൊടുത്തു. അതുപോലെ വർമനും സെൻസേഷനാകുമെന്ന് ഞാൻ പറഞ്ഞു. വിനായകൻ ഇവിടെ വന്നിട്ടില്ല. സൂപ്പർ പ്രകടനം. രാവണൻ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്. അതുപോലെയാണ് ജയിലറിൽ വർമനും. വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല. ഗംഭീര പ്രകടനമാണ് വിനായകൻ കാഴ്ചവച്ചത്.’’–രജനികാന്ത് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com