7ാം വയസ്സിൽ അച്ഛന്റെ ആത്മഹത്യ, ഇന്ന് മകളും; ഹൃദയം തകർന്ന് വിജയ് ആന്റണി

vijay-antony
SHARE

‘‘ജീവിതത്തിൽ നിങ്ങൾക്ക് എത്ര വേദന വന്നാലും കഷ്ടപ്പാട് വന്നാലും ആത്മഹത്യ ചെയ്യരുത്. കുഞ്ഞുങ്ങളുടെ കാര്യം ഓർക്കുമ്പോൾ കഷ്ടം തോന്നും. എന്റെ അച്ഛൻ ആത്മഹത്യ ചെയ്തതാണ്. എനിക്ക് ഏഴു വയസ്സും എന്റെ സഹോദരിക്ക് അഞ്ചു വയസ്സും ഉള്ളപ്പോൾ. അതിനുശേഷം എന്റെ അമ്മ ജീവിതത്തിൽ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആ വേദന എന്തെന്നും നേരിട്ട് അറിയാം.’’– നടൻ വിജയ് ആന്റണിയുടെ വാക്കുകളാണിത്. ഏഴാം വയസ്സിൽ സ്വന്തം അച്ഛനെ നഷ്ടപ്പെട്ട ആ മകന് ഇന്ന് സ്വന്തം മകളെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. വിജയ് ആന്റണിയുടെ മകൾ മീരയെ പുലർച്ചെ മൂന്നു മണിയോടെ വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മാനസിക സമ്മർദം മൂലമാണ് മീര ആത്മഹത്യ ചെയ്തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും പറയുന്നു. ജീവിതത്തിൽ തനിയെ പോരാടി ഇവിടെ വരെ എത്തിയ വ്യക്തിയാണ് വിജയ് ആന്റണി. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനും അനുകരിക്കാനും ഒരുപാട് പേർ ഉണ്ടായിരുന്നു. ചെറുപ്പത്തിൽത്തന്നെ ആത്മഹത്യയുടെ ആഘാതം എന്തെന്ന് അനുഭവിച്ചറിഞ്ഞതുകൊണ്ടു തന്നെ പല അഭിമുഖങ്ങളിലും അദ്ദേഹം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു.

ഈ അടുത്തും യുവാക്കളുടെയും കുട്ടികളുടെയും ഇടയിലെ ആത്മഹത്യാ പ്രവണതയുടെ കാരണങ്ങളെക്കുറിച്ച് ഒരഭിമുഖത്തിൽ അദ്ദേഹം സംസാരിച്ചിരുന്നു. ‘‘പൈസയുടെ ബുദ്ധിമുട്ടു കൊണ്ടാണ് കൂടുതൽ ആളുകൾക്കും ഇങ്ങനെയൊരു ചിന്ത വരുന്നത്. ജീവിതത്തിൽ ഏറ്റവുമധികം വിശ്വാസം വച്ചിരുന്ന ഒരാള്‍ ചതിച്ചാൽ ചിലർക്ക് ജീവിതം അവസാനിപ്പിക്കാൻ തോന്നാം. കുട്ടികളുടെ കാര്യത്തില്‍ പഠനം മൂലമുണ്ടാകുന്ന അധിക സമ്മർദമാണ് കാരണം. കുട്ടികൾ സ്കൂളിൽനിന്നു വന്നു കഴിഞ്ഞാൽ ഉടനെ ട്യൂഷന് പറഞ്ഞ് അയയ്ക്കുകയാണ്. അവര്‍ക്കു ചിന്തിക്കാൻ പോലും സമയം കൊടുക്കുന്നില്ല. കുറച്ചുനേരം അവരെ ചിന്തിക്കാൻ വിടണം. പിന്നെ, മുതിർന്നവരോട് പറയാനുള്ളത്, മറ്റുള്ളവരുടെ വിജയത്തെയും പണത്തെയും കുറിച്ച് ചിന്തിക്കാതെ സ്വയം സ്നേഹിക്കാൻ സാധിക്കുകയാണെങ്കിൽ അതാകും സന്തോഷം തരുന്ന കാര്യം.’’
സമൂഹമാധ്യമങ്ങള്‍ നിറയെ വിജയ് ആന്റണിയുടെ ഈ വാക്കുകളാണ് നിറയുന്നത്.

vijay-antony-wife
വിജയ് ആന്റണിയും ഭാര്യ ഫാത്തിമയും

സഹപ്രവർത്തകരടക്കം നിരവധിപ്പേരാണ് വിജയ് ആന്റണിക്കും കുടുംബത്തിനും ആശ്വാസവാക്കുകളുമായി എത്തുന്നത്. കുടുംബം ഈ വേർപാട് എങ്ങനെ സഹിക്കുമെന്നും അതിനുള്ള ശക്തി അച്ഛനും അമ്മയ്ക്കും നൽകട്ടെ എന്നുമാണ് ഇവർ പ്രാർഥിക്കുന്നത്.

ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. മീര മൂത്തമകളാണ്. ലാര എന്ന മകള്‍ കൂടിയുണ്ട്‌.

സംഗീതസംവിധായകനായി പേരെടുത്ത വിജയ് ആന്റണി നിർമാതാവ്, നടൻ, ഗാനരചയിതാവ്, എഡിറ്റർ, ഓഡിയോ എൻജിനീയർ, സംവിധായകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

2012 ൽ നാൻ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം. സലിം. പിച്ചൈക്കാരൻ, സൈത്താൻ, യമൻ എന്നിവയാണ് പ്രധാന സിനിമകൾ. ‘കൊലൈ’ ആണ് വിജയ്‍യുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS