അനുവാദമില്ലാതെ അവതാരകയ്ക്ക് പൂമാല ചാർത്തി കൂൾ സുരേഷ്; വിഡിയോ

Mail This Article
അനുവാദമില്ലാതെ അവതാരകയുടെ കഴുത്തിൽ പൂമാലയിട്ട നടൻ കൂൾ സുരേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മൻസൂർ അലിഖാൻ നായകനാകുന്ന ‘സരക്ക്’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് സംഭവം. കൂൾ സുരേഷിനെ പ്രസംഗിക്കാൻ സ്റ്റേജിലേക്ക് വിളിച്ചപ്പോഴാണ് കയ്യിലുണ്ടായിരുന്ന മാല സുരേഷ് അപ്രതീക്ഷിതമായി അവതാരകയുടെ കഴുത്തിലിട്ടത്. സുരേഷിന്റെ പ്രവൃത്തിയിൽ അനിഷ്ടം പ്രകടമാക്കിയ അവതാരക ഉടന്‍ തന്നെ മാല എടുത്തുമാറ്റിയെങ്കിലും മറ്റു പ്രതികരണങ്ങൾക്കു മുതിർന്നില്ല. പ്രകോപനപരമായ കാര്യം നടന്നിട്ടും പക്വതയോടെ പ്രതികരിച്ച അവതാരകയെ പ്രശംസിച്ചും നിരവധി ആളുകൾ രംഗത്തെത്തി.
പിന്നീട് മൻസൂർ അലിഖാന്റെ പ്രസംഗത്തിനിടെ, ചില കാണികൾ കൂൾ സുരേഷിന്റെ പ്രവൃത്തി തെറ്റായിപ്പോയെന്നും പെൺകുട്ടിയോടു മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. മൻസൂർ അലിഖാൻ ഉടൻ തന്നെ മാപ്പ് പറയാൻ കൂൾ സുരേഷിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതൊരു കണ്ടന്റിനു വേണ്ടി ചെയ്തതാണെന്നും പെൺകുട്ടിയെ ഈ പ്രവൃത്തി വിഷമിപ്പിച്ചെങ്കിൽ മാപ്പ് പറയുന്നുവെന്നും കൂൾ സുരേഷ് പറഞ്ഞു.
സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലാകെ കൂൾ സുരേഷിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഗായിക ചിന്മയി ഉൾപ്പെടെയുള്ളവർ സുരേഷിനെതിരെ രംഗത്തുവന്നു.
സിനിമാ റിലീസ് ദിവസം വിവാദ പ്രസ്താവനകള്‍ നടത്തി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന താരമാണ് കൂൾ സുരേഷ്. സിനിമ പ്രമോട്ട് ചെയ്യുന്നതിനായി നിർമാതാക്കൾ തന്നെയാണ് കൂൾ സുരേഷിനെ തിയറ്ററുകളില്‍ കൊണ്ടുവരുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.