നടി കൃതിക പ്രദീപ് ഇനി ‘പറക്കും’; ക്യാബിൻ ക്രൂവായി ജോലി

Mail This Article
വിസ്താര എയർലൈൻസിൽ ക്യാബിൻ ക്രൂ ആയി ജോലിയിൽ പ്രവേശിച്ച് നടി കൃതിക പ്രദീപ്. വിസ്താരയുടെ യൂണിഫോമും ടാഗും അണിഞ്ഞ് സഹപ്രവർത്തകരോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കൃതിക തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. സൈക്കോളജി പഠനം പൂർത്തിയാക്കിയ താരം പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.


‘വില്ലാളിവീരൻ’ എന്ന സിനിമയിൽ ബാലനടിയായാണ് 2014 ൽ കൃതിക അഭിനയരംഗത്ത് ചുവടുവയ്ക്കുന്നത്. അതിനുശേഷം 2018 ൽ ‘മോഹൻലാൽ’ എന്ന ചിത്രത്തിൽ മഞ്ജു വാരിയരുടെ കഥാപാത്രത്തിന്റെ കൗമാരം അവതരിപ്പിച്ചു. ആദി, കൂദാശ, പത്താം വളവ് എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഗായിക കൂടിയായ കൃതിക മോഡലിങ് രംഗത്തും സജീവമാണ്.


പഠനത്തിന് എന്നും മുൻഗണന കൊടുത്തിട്ടുള്ള താരം സൈക്കോളജി പഠനം പൂർത്തിയാക്കിയതിനു ശേഷം ക്യാബിൻ ക്രൂ ആകാനുള്ള പരിശീലനത്തിലായിരുന്നു. ഒടുവിൽ തന്റെ സ്വപ്ന ജോലി കരസ്ഥമാക്കിയ താരം ‘‘ഔദ്യോഗികമായി വിസ്താര ക്യാബിൻ ക്രൂ ആയിരിക്കുന്നു" എന്ന തലക്കെട്ടോടെയാണ് സഹപ്രവർത്തകരോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ജോലിയോടൊപ്പം അഭിനയവും തുടരുമോ എന്ന് താരം വ്യക്തമാക്കിയിട്ടില്ല. എംടിയുടെ കഥകളെ ആസ്പദമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൃതികയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.