ADVERTISEMENT

കഥ പറയുമ്പോൾ എന്ന സിനിമയുടെ ക്ലൈമാക്സ് സീനിൽ സൂപ്പർ സ്റ്റാർ അശോക് രാജ് ബാലന്റെ വീട്ടിൽ വരുമ്പോൾ മീനയുടെ കഥാപാത്രമായ ശ്രീദേവി പറയുന്ന ഒരു ഡയലോഗുണ്ട്; ‘സൈനുത്താത്താ, കണ്ടോ ഞങ്ങടെ അശോകേട്ടനെ’. മമ്മൂട്ടിയെ നേരിൽ കണ്ട, മിണ്ടിയ ഓരോരുത്തരും ഈ ഡയലോഗ് ജീവിതത്തിലും പറഞ്ഞവരാണ്; ‘കണ്ടോ, ഞങ്ങടെ മമ്മൂക്കാനെ’ എന്ന്. സിനിമ സ്വപ്നം കാണുന്ന ഓരോരുത്തരും എത്തിപ്പെടണം എന്നു വിചാരിക്കുന്ന ലക്ഷ്യം; മമ്മൂട്ടിക്കൊപ്പം ഒരു സിനിമ അല്ലെങ്കിൽ മമ്മൂട്ടിയെ വച്ച് ഒരു സിനിമ! മമ്മൂക്കയുടെ ഏറ്റവും പുതിയ സിനിമയായ കണ്ണൂർ സ്ക്വാഡും പുതിയ സംവിധായകന്റെ പടമാണ്. പുതിയ പിള്ളേരുള്ള പടമാണ്. പുതുമയുള്ള പടമാണ്. സിനിമയെ അത്രയധികം മോഹിച്ച, ആഗ്രഹിച്ച, സ്വപ്നം കണ്ട മമ്മൂട്ടിയുടെ അഭിനയത്തോടുള്ള ആർത്തി മാത്രം പുതുമയല്ല. സിനിമയുടെ വിശേഷങ്ങളുമായി മമ്മൂട്ടിയുടെ ‘സ്ക്വാഡ്’ മനോരമ ഓൺലൈനിൽ:–

 

സിക്സ് ടു സിക്സ് ഷൂട്ട്

 

അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി വർഗീസ് എന്നിവരാണ് മമ്മൂട്ടിക്കൊപ്പം സ്ക്വാഡിലുളളത്. പുനെയിലെ വായ് എന്ന സ്ഥലത്താണ് കുറേ ഭാഗങ്ങൾ ചിത്രീകരിച്ചത്. രാത്രി ആയിരുന്നു ഷൂട്ട് മുഴുവൻ. വൈകിട്ട് 6 മുതൽ രാവിലെ 6 വരെ. ഇവർക്ക് മാത്രം സ്വറ്റർ ഇല്ല. രാത്രി 12 ഡിഗ്രി തണുപ്പത്തൊക്കെ നിന്ന് ഷൂട്ട് ചെയ്യണം. രാവിലെ ആയാൽ നേരേ തിരിച്ച് 36 ഡിഗ്രി ചൂടൊക്കെ വരും. പോരാത്തതിന് ഭയങ്കര പൊടിയും മണ്ണും. സിനിമയിൽ സിങ്ക് സൗണ്ട് ആണ്. അവസാനം ആയപ്പോൾ എല്ലാവരുടെയും സൗണ്ട് ഒക്കെ പോയി. ‘സാറേ’ എന്നൊക്കെ ആദ്യം ഗന്ധർവന്റെ ശബ്ദത്തില്‍ വിളിച്ചിരുന്നത് പിന്നെ രാക്ഷസന്റെ പോലെയായി.  അതൊക്കെ പിന്നെ റീഡബ്ബ് ചെയ്ത് എടുക്കുകയായിരുന്നുവെന്ന് ശബരീഷ് പറയുന്നു.

 

ദിവസ വാടക 3000 ; ഉപയോഗിച്ചത് ഒറ്റദിവസം

 

‘‘ജിമ്മില്ലാത്ത സ്ഥലത്തായിരുന്നു ഷൂട്ട്. അപ്പോൾ മമ്മൂക്ക തന്നെ മുൻകൈ എടുത്ത് ഒരു ജിം ഒക്കെ സെറ്റ് ചെയ്തു. 3000 രൂപയാണ് ദിവസ വാടക. ആകെ പോയത് മമ്മൂക്ക മാത്രം, അതും ഒറ്റ ദിവസം. അത്രയ്ക്ക് ടൈറ്റ് ഷെഡ്യൂൾ ആയിരുന്നു. തണുപ്പും പൊടിയുമൊക്കെ അടിച്ച് രാവിലെ ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും വയ്യാതെ ആകും. അപ്പോൾ പിന്നെ എക്സസൈസ് ഒന്നും നടക്കില്ല. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിലെ പുള്ളി ആണെങ്കിൽ എന്നും ചിക്കൻ ഒക്കെ ഉണ്ടാക്കിത്തരുമായിരുന്നു.’’–അസീസ് നെടുമങ്ങാട് പറയുന്നു

 

പുനെയിലെ റോഡ്സൈഡിലുള്ള ദാബയിലൊക്കെ ഷൂട്ട് നടന്നിരുന്നു. ഇവിടെ കാണുന്ന പൊടിയല്ല. അവിടുത്തെ മണൽ തന്നെ പൊടിയാ. സിനിമയിൽ ഞങ്ങൾ ഉപയോഗിച്ചിരിക്കുന്ന പൊലീസ് വണ്ടിയുടെ ഇരമ്പൽ കേൾക്കുമ്പോൾ തന്നെ പേടിയാകും. ആ മണലിലൂടെ വണ്ടി ഓടിച്ച് സ്കിഡ് ചെയ്തൊക്കെ കഴിഞ്ഞ് വരുമ്പോൾ ശ്വാസം മുട്ടും. 

 

മമ്മൂട്ടി എന്ന പ്രൊഡ്യൂസർ

 

‘പ്രൊഡ്യൂസർ കൂടെ ആണ്. ആ കണക്കിലും കൂടി ഒന്ന് പറയണം. കണ്ടേക്കണേ‌’ എന്നാണ് മമ്മൂട്ടി പറയുന്നത്. മമ്മൂക്ക എന്ന പ്രൊഡ്യൂസറെയാണ് ഏറ്റവും ഇഷ്ടമെന്ന് ടീമും പറയുന്നു. ‘‘90 ദിവസം ഡേറ്റ് കൊടുത്തു 15 ദിവസം കൊണ്ട് പൈസ തന്നു. ഭക്ഷണം മമ്മൂക്കേടെ കാരവനിൽ. കോഴിക്കുഞ്ഞുങ്ങളെ കൊണ്ടു നടക്കുന്നതുപൊലെ കൊണ്ടു നടക്കും. ശരിക്കും ഞങ്ങൾ ഒരു സ്ക്വാഡായി മാറി എന്ന് സെറ്റിൽ എല്ലാവരും പറയും.  എല്ലാവരെയും വിളിച്ച് എണീപ്പിക്കുന്നതൊക്കെ മമ്മൂക്ക.’’–അസീസ് നെടുമങ്ങാട് ഓർത്തെടുക്കുന്നു

 

ഞാൻ’ ഇല്ല ‘ഇയാള്‍’ ആണ് കഥാപാത്രം

 

‘ഒരിക്കലും ഞാനല്ല കഥാപാത്രം. ഇയാൾ എന്നേ വിളിക്കൂ. സെക്കൻഡ് പേഴ്സൻ ആണ്. എന്റെ ശരീരവും ശബ്ദവുമൊക്കെ കൊടുക്കുന്നുവെന്നേ ഉള്ളൂ.’ സ്വന്തം സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രങ്ങളെപറ്റി ചോദിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞതിതാണ്. എല്ലാ നടന്മാരും വിനയം അഭിനയിക്കുമ്പോള്‍ ജാഡ അഭിനയിക്കുന്ന ഒരേ ഒരാൾ മമ്മൂക്ക ആണെന്ന് ഡയറക്ടർ സിദ്ധിഖ് പറഞ്ഞിട്ടുണ്ട്. അതിനെപറ്റി ചോദിച്ചപ്പോഴും പുഞ്ചിരി മാത്രം ഉത്തരം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT