ADVERTISEMENT

മലയാളത്തിന്റെ ‘ചിന്താവിഷ്ടയായ ശ്യാമള’ കരിയറിലെ തന്റെ രണ്ടാം വരവിനൊരുങ്ങുകയാണ്. ഒരുകാലത്ത് മലയാളികളുടെ പ്രിയ നായികയായിരുന്ന സംഗീത മാധവന്‍ നായരാണ് തന്റെ 47ാം വയസ്സിൽ ‘ചാവേർ’ എന്ന ചിത്രത്തിലൂടെ വീണ്ടുമെത്തുന്നത്. 2000–വർഷത്തിൽ അഭിനയം നിർത്തിയ താരം 14 വർഷത്തിനു ശേഷം മടങ്ങി വന്ന ചിത്രമായിരുന്നു ശ്രീനിവാസൻ നായകനായ ‘നഗര വാരിധി നടുവിൽ ഞാൻ’. ആ ചിത്രമിറങ്ങി ഒൻപത് വർഷങ്ങൾക്കു േശഷമാണ് നടി വീണ്ടും മലയാളത്തിലെത്തുന്നത്.

 

‘‘ചാവേർ സിനിമയിൽ അഭിനയിക്കാൻ പ്രധാന കാരണം ടിനു പാപ്പച്ചൻ ആണ്. ടിനുവിന്റെ മേക്കിങ് വളരെ ഇഷ്ടമാണ്. അതിൽ ആകർഷിക്കപ്പെട്ടാണ് ചാവേറിലെത്തിയത്. ഇവിടെ അത് നേരിട്ട് കാണാൻ സാധിച്ചു. ’’–സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിൽ സംഗീത പറഞ്ഞു.

 

അനിയൻ ബാവ ചേട്ടൻ ബാവ, മന്ത്രികുമാരൻ, പല്ലാവൂർ ദേവനാരായണൻ, വാഴുന്നോർ. ക്രൈം ഫയൽ, സാഫല്യം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ്. ചാവേറിന്റെ ട്രെയിലർ ലോഞ്ചിനെത്തിയ സംഗീതയുടെ ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പഴയതിലും ചെറുപ്പമായി എത്തിയ സംഗീതയുടെ ചിത്രങ്ങൾ ആരാധകരെയും അമ്പരപ്പിക്കുകയാണ്. പ്രായം റിവേഴ്സ് ഗിയറിലാണോ എന്നാണ് ആരാധകരുടെ സംശയം.

 

ഛായാഗ്രാഹകനായ എസ്‌. ശരവണനാണ് സംഗീതയുടെ ഭർത്താവ്. കാറ്റത്തൊരു പെണ്‍പൂവ്‌, കനല്‍ കിരീടം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞയുടനെ ആയിരുന്നു സംഗീതയും ശരവണനും തമ്മിലുള്ള വിവാഹം. ഇതോടെ സംഗീത സിനിമാഭിനയം നിര്‍ത്തി കുടുംബജീവിതത്തിലേക്കു മടങ്ങി. മലപ്പുറം കോട്ടക്കൽ സ്വദേശിയായ മാധവൻ നായരുടെയും പത്മയുടെയും മകളായ സംഗീത ജനിച്ചുവളർന്നത് ചെന്നൈയിലാണ്. ചെന്നൈയിൽ ബിസിനസ്സായിരുന്നു മാധവൻ നായർക്ക്. ബാലതാരമായാണ് സിനിമയിലേക്ക് എത്തിയത്. 

 

ആദ്യമായി നായികയായി അഭിനയിച്ച ചിത്രം തമിഴില്‍ രാജ്‌കിരണിന്റെ എല്ലാമേ എന്‍ രാസാതാന്‍ എന്ന ചിത്രത്തിലായിരുന്നു. പുള്ളക്കുട്ടിക്കാരന്‍, കാലം മാറി പോച്ച്‌, പൂവേ ഉനക്കാകെ എന്നീ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. ഈ ചിത്രങ്ങളൊക്കെ ഹിറ്റായതോടെ സംഗീത ശ്രദ്ധ നേടി. നാടോടി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായിട്ടായിരുന്നു മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. 

 

സംഗീത- ശരവണൻ ദമ്പതികൾക്ക് ഒരു മകളാണ് ഉള്ളത്. സായി തേജസ്വിനി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT