ADVERTISEMENT

"ഒരിക്കലും പൂർത്തീകരിക്കപ്പെടാത്ത പ്രണയത്തിന്റെ നോവു പോലെയാണ് ഫിലിം മേക്കിങ്."- കെ. ജി.ജോർജ്

 

ഒരു വ്യാഴവട്ടത്തിന് മുൻപ്  നടന്ന ചെറിയ കാര്യം ഓർമയുടെ സെല്ലുലോയ്ഡിൽ തെളിഞ്ഞുവരുന്നു. മറ്റുള്ളവർക്ക് ചെറുതെങ്കിലും എനിക്ക് വലുതായൊരു കാര്യം. കോഴിക്കോടിനടുത്തുള്ള ഒരു പച്ചക്കറി മാർക്കറ്റാണ് സ്പോട്ട്. അവിടെ മമ്മൂട്ടി നായകനായഭിനയിക്കുന്ന പരുന്ത് എന്ന പത്മകുമാർ സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. ഏകദേശം പൂർത്തിയായൊരു തിരക്കഥയുമായി മമ്മൂട്ടിയെ കാണാൻ ചെന്നതാണ് സംവിധായകനൊപ്പം ഞാൻ.

 

തിരക്കഥ വായിക്കാനുള്ള സമയമായിട്ടില്ലെന്ന് അദ്ദേഹം ഞങ്ങളോട് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തിൽ പറഞ്ഞു. പ്രതീക്ഷകളൊക്കെ  പൊക്കത്തിൽ നിന്ന് പിടിവിട്ട് പൊത്തോന്ന് വീണതിന്റെ പരിഭ്രമത്തിൽ പ്ലിങ്ങി നിന്ന എന്റെ കയ്യിലിരുന്ന തിരക്കഥയുടെ  ഫയലിൽ പുള്ളിയുടെ കണ്ണുടക്കി. ഇങ്ങോട്ട് കൈ നീട്ടിയപ്പോൾ ഒരു  റോബോട്ടിനെപ്പോലെ യാന്ത്രികമായിട്ടത് ഞാൻ അദ്ദേഹത്തിന് കൊടുത്തു. തിരക്കഥാകൃത്ത് ടി.എ.റസാക്കും ഒന്ന് രണ്ടു നടന്മാരുമൊക്കെ മമ്മൂട്ടിക്ക് ചുറ്റും ഇരിക്കുന്നുണ്ട്. ഫയലിലെ കടലാസ്കെട്ടിന്റെ മധ്യഭാഗത്തു നിന്നൊരു പേജ് വെറുതെ വലിച്ചെടുത്തിട്ട് മമ്മൂക്ക ഉറക്കെ വായിച്ചു.

 

" മോഹൻ :അല്ല പ്രാഞ്ചി, സത്യത്തിലാ ചേച്ചിക്ക് എന്താ പറ്റിയത് ?

പ്രാഞ്ചി : ചേച്ചി പണ്ട് മദ്രാസിൽ പോയതാ.

മോഹൻ : എന്തിന് ?

പ്രാഞ്ചി : നടിയാകാൻ.

മോഹൻ : എന്നിട്ട് ?

പ്രാഞ്ചി : വെ... വെറുതെയായി . അടി, പിടി, വെടി. ഇതൊക്കെയല്ലേ സിനിമേന്ന് പറേണത്. പുല്ലു തിന്നുന്ന ക്ടാവായിട്ട്  പോയി.പാല് കറക്കണ പശുവായിട്ട് വന്നു."

 

ചുറ്റും ചെറിയൊരു സദസ്സുള്ളതുകൊണ്ട് ഞങ്ങളങ്ങ് ചൂളി നാശമായി നിൽക്കുകയായിരുന്നു. ആ ഫയലോടെ കൊണ്ടുപോയി തീയിട്ടു കളയാനെങ്ങാനും പറയുമോ എന്ന പേടിയിൽ മുട്ടിച്ചു നിന്നിരുന്ന പുതുമുഖ സംവിധായകനെയും തിരക്കഥാകൃത്തിനെയും നോക്കി പൊട്ടിച്ചിരിച്ചു കൊണ്ട് മമ്മൂക്ക പറഞ്ഞു.

 

"കൊള്ളാം, നന്നായിട്ടുണ്ട്."

 

ആ പറച്ചിലിൽ നിന്നൊരു പടം യാഥാർത്ഥ്യമാവുകയായിരുന്നു.

 

മമ്മൂട്ടിയെ ചിരിപ്പിച്ച ആ ഡയലോഗിന് ഒരു ഒരു റഫറൻസ് ഉണ്ടായിരുന്നു എന്നതാണ് സത്യം. കെ.ജി.ജോർജിന്റെ കോലങ്ങൾ സിനിമയിലെ മറിയത്തിന്റെ സംഭാഷണമായിരുന്നത്. പി.ജെ. ആന്റണിയുടെ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിൽ നിന്ന് ജോർജ്സാർ അതേപടി സിനിമയിൽ എടുത്തുചേർത്ത ഈ സംഭാഷണം.

 

"ഫൂ! അറുവാണിച്ചീ. നീ നിന്റെ മോടെ കാര്യം നോക്കിയാ മതിയെടീ! അവള് മദ്രാസില്‍ സിനിമ കളിക്കാൻ പോയിട്ട് അവിടുത്തെ പാണ്ടിക്കാരു മുഴുവനും കേറിയിറങ്ങിയിട്ടല്ലേ തിരിയെ പോന്നത്?

 

വയറ്റിലിട്ടോണ്ട് പോന്നത് എത്ര പേരടെയാണെന്നാർക്കറിയാം...."

 

കോലങ്ങളിലെ ഈ രംഗമാണ് ഇത്രയും ഓർമ്മയെഴുത്തിലേക്ക് വാസ്തവത്തിൽ വഴിമരുന്നിട്ടുതന്നത്. ഈയടുത്ത് മേൽപ്പറഞ്ഞ രംഗം ഒരിക്കൽക്കൂടി കാണുകയുണ്ടായി. സിനിമയിലല്ല.ജോർജ് സാറിനെക്കുറിച്ച് ലിജിൻ ജോസ് എടുത്ത ഏയ്റ്റ് ആൻഡ് എ ഹാഫ് ഇൻ്റർകട്ട്‌സ് എന്ന ഡോക്യുമെന്ററിയിൽ. കെ.ജി.ജോർജ് എന്ന മഹാനായ  ചലച്ചിത്രകാരനോട് പലതരത്തിൽ കടപ്പെട്ടവരാണ് മലയാള ചലച്ചിത്ര പ്രവർത്തകരും കലാസ്നേഹികളും. അവരിലാരും തന്നെ മുതിരാത്തൊരു കാര്യത്തിനാണ് ലിജിൻ ജോസ് തുനിഞ്ഞിറങ്ങിയത്. ആ ശ്രമം മലയാളം കണ്ട ഏറ്റവും മികച്ച ക്രാഫ്റ്റ്സ്മാൻ്റെ ചലച്ചിത്രസപര്യക്ക് തികച്ചും  യോജ്യമായൊരു  സല്യൂട്ടായിത്തീർന്നു.

 

ഡോക്യുമെന്ററികളെക്കുറിച്ച്  പൊതുവേ എല്ലാവർക്കും തന്നെ ഒരു ധാരണയുണ്ട്. അത് അറുമുഷിപ്പനായിരിക്കുമെന്ന്. ആ ധാരണയോടെ തന്നെയാണ് ഒരു മണിക്കൂറും നാൽപ്പത്തിയൊൻപത് മിനിറ്റും ഏഴ് സെക്കൻഡും നീളമുള്ള ഏയ്റ്റ് ആൻഡ് എ ഹാഫ് ഇന്റർകട്ട്‌സ് കുറേശ്ശെയായി കുറച്ചു ദിവസങ്ങൾ കൊണ്ട് കഷ്‌ണിച്ചു കഷ്ണിച്ചു കാണാമെന്ന് തീരുമാനിച്ചത്. പക്ഷേ വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ പോലും പോകാതെ മൊത്തം കണ്ടു തീർത്തിട്ട് അതിന്റെ എഫക്ടിൽ അഞ്ചു മിനിറ്റു കൂടി ഇരുന്നിട്ടേ കസേരയിൽനിന്ന് എഴുന്നേല്‌ക്കാൻ കഴിഞ്ഞുള്ളൂ. 

 

കെ.ജി. ജോർജ് എന്ന കലാകാരൻ തിരയിൽ തീർത്ത വിസ്മയകഥകളുടെ സമഗ്രമായൊരു നോട്ടമാണാ ഡോക്യുമെന്ററി സാധ്യമാക്കിയത്. ചലച്ചിത്രകലയിൽ ജോർജ് പടുത്ത വിജയങ്ങളുടെ വിശദമായ നോട്ടക്കഥയെന്നു നിസ്സംശയം വിശേഷിപ്പിക്കാമതിനെ. മലയാളത്തിലെ  ഡോക്യുമെന്ററികളെക്കുറിച്ചൊരു പഠനം നടത്തിയാൽ എം.എ.റഹ്മാൻ്റെ ബഷീർ ദി മാൻ മുതൽ ലിജിന്റെ എയ്റ്റ് ആൻഡ് എ ഹാഫ് ഇന്റർകട്ട്‌സ് വരെ എന്ന് രണ്ട് അതിരുകല്ലുകൾ നാട്ടേണ്ടിവരുമെന്നാണ് വ്യക്തിപരമായ അഭിപ്രായം.

 

വ്യക്തിപരമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന ചില ഓർമ്മകളും അനുഭവങ്ങളും സിനിമകളുമൊക്കെത്തന്നെയാണ് ഈ ഡോക്യുമെൻ്ററിയെ ഇത്രമേൽ ആസ്വാദ്യകരമാക്കിയത്. ഞാൻ ജീവിതത്തിലാദ്യം കണ്ട സിനിമ യവനികയാണ്. അങ്ങനെയുള്ള ഒരുവൻ ആ സിനിമയുടെ സംവിധായകൻ്റെ കലാജീവിതയാത്ര കാണാനിരിക്കുന്നത് തന്നെ പ്രത്യേകമായൊരു മനോഭാവത്തോടെ ആയിരിക്കുമല്ലോ. ഡോക്യുമെന്ററിയുടെ തുടക്കത്തിൽത്തന്നെ കണ്ട ചില ദൃശ്യങ്ങളും അത്തരത്തിൽ മനസ്സിനെ ഓർമക്കൊളുത്തുകളിൽ തൂക്കിയെടുക്കുന്നവയായിരുന്നു. പ്രത്യേകിച്ച് , ചങ്ങനാശ്ശേരി ന്യൂ തിയേറ്ററിൽ നിന്ന് കെ.ജി.ജോർജ്  കണ്ട ചില മോണിങ് ഷോ സിനിമാനോട്ടീസുകളുടെ വിശദാംശങ്ങൾ.

 

1963 - ൽ ജോർജ് സാർ മദാം ബോവറിയും സൈക്കോയും ഒക്കെ കണ്ട ന്യൂ തിയേറ്റർ ഞാൻ എസ്.ബി. കോളജിൽ പഠിക്കുമ്പോൾ ഉച്ചപ്പടമായി "എ" സർട്ടിഫിക്കറ്റ് പടങ്ങൾ മാത്രം  പ്രദർശിപ്പിക്കുന്നൊരു മാട്ടക്കൊട്ടകയായി മാറിയിരുന്നു. പൊട്ടിത്തെറിയിൽ നിന്ന് പ്രഷർകുക്കറുകളെ രക്ഷിക്കുന്ന സേഫ്റ്റിവാൽവ് പോലെ കോളജ് പിള്ളേരെയും തോർത്തിട്ടു തലമൂടി വരുന്ന ചില കുഞ്ഞച്ചന്മാരെയും വികാര വിസ്ഫോടനങ്ങളിൽ നിന്ന് രക്ഷിച്ച  ആ കൊട്ടക ഒരു കാലത്ത് ക്ലാസിക് സിനിമകളുടെ കാഴ്ചയിടമായിരുന്നല്ലോ എന്ന അമ്പരപ്പിലേക്കാണ് ആദ്യം തന്നെ ആലോചന പോയത്. 

 

ഇന്ന് ന്യൂ തീയേറ്റർ ഇല്ല.കല്ലിന്മേൽ കല്ല് ശേഷിക്കാതെ പൊളിച്ചടുക്കി മാറ്റിയ കൊട്ടകയുടെ സ്ഥാനത്തിന്ന് അടിപൊളി കെട്ടിടങ്ങൾ പൊങ്ങി.കാലം മാറി, കഥ മാറി, കൊട്ടക മാറി. കറുപ്പും വെളുപ്പും കളറിനു വഴിമാറി. സിനിമ കണ്ടു നടന്ന ജോർജ് സിനിമ പഠിക്കാൻ പൂനെയ്ക്ക് പോയി. എന്നിട്ട് സിനിമാക്കാരനായി തിരിച്ചുവന്നു. ചായമടിക്കാരൻ്റെ മകൻ ചരിത്രം തിരുത്തിയ ചലച്ചിത്രകാരനായി.പിന്നെ പടമെടുപ്പെന്ന പരിപാടി തന്നെ പാടേ നിർത്തി വീട്ടിൽ കെട്ടിപ്പൂട്ടിയിരുന്നു. 

 

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകത്തിൽ പണി നിർത്തിയ പെരുന്തച്ചന്റെ ചലച്ചിത്രമൗനത്തിനു മേൽ പുതിയൊരു നൂറ്റാണ്ട് കൂടി വന്നു പതിച്ചു. തിരയിൽ പുതുവസന്തങ്ങളൊക്കെ പൂത്തുലഞ്ഞപ്പോഴും അങ്ങേരെ അനുകരിക്കാനുള്ള ശ്രമങ്ങളൊന്നും പൂവണിയാതെ പോയി.മനുഷ്യർ മൊബൈലിൽ പടം കണ്ടു ശീലിക്കുന്ന നവകാലത്തും ചെറുപ്പക്കാരയാളെ തിരഞ്ഞു കണ്ടു പിടിച്ചു. ആ മനുഷ്യൻ്റെ കയ്യിലിരിപ്പിന്റെ ആഴവും പരപ്പും അടരുകളും കണ്ട് വണ്ടറടിച്ചു നിന്നു.കഴിഞ്ഞ നൂറ്റാണ്ടിൽ കെ.ജി. ജോർജ് കീഴ്പ്പെടുത്തിയ കൊടുമുടികൾ കയറാനാവാതെ കിതച്ചുകൊണ്ട് പകച്ചു നിൽക്കുമ്പോൾ പലർക്കും പാടാൻ തോന്നുന്നത് പഴയ നഴ്സറിപ്പാട്ടിന്റെ വരി തന്നെയാണ്. " How I wonder what you are ? "

 

ലിജിന്റെ ചിത്രയാത്രയും അടിവരയിടുന്നത് ആ വരിയ്ക്കു തന്നെ. കെ.ജി.ജോർജിന്റെ തിരയാത്രയെക്കുറിച്ച് പലരും പറയുന്നുണ്ടീ ചിത്രത്തിൽ.അവരെല്ലാം പറഞ്ഞതിന്റെ പൊരുൾ  ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്കിനെക്കുറിച്ച് എം.ടി. വാസുദേവൻ നായർ പറഞ്ഞ വാചകത്തിലടങ്ങിയിട്ടുണ്ട്. അതിനെ ചെറുതായൊന്നു പരിഷ്കരിച്ചാൽ ജോർജ് സാറിനെക്കുറിച്ചുള്ള നിർവചനം തന്നെയായി മാറുമത്. പറഞ്ഞതിലപ്പുറം പറയുന്നൊരു സിനിമയാണ് കെ.ജി.ജോർജ്.

 

അതെ. അദ്ദേഹത്തെ സിനിമാക്കാരനെന്നു വിളിക്കുന്നതിനേക്കാൾ മലയാളസിനിമ എന്നു വിളിക്കുന്നതാവും കൂടുതൽ ഉചിതം. മലയാളസിനിമയിൽ നിന്ന് ഒറ്റപ്പേര്  മാത്രം പറയാമോ എന്ന്  ആരെങ്കിലും ചോദിച്ചാൽ എൻ്റെ ഉത്തരം കെ.ജി.ജോർജ് എന്നായിരിക്കും.ഇതേ ചോദ്യം ചോദിച്ചാൽ ഇതേ ഉത്തരം പറയുന്ന ആയിരക്കണക്കിന് സിനിമാപ്രേമികളിൽ ഒരാൾ മാത്രമായിരിക്കും ഞാൻ.ചുരുങ്ങിയ പക്ഷം ആ സിനിമാപ്രേമികളെങ്കിലും ലിജിൻ ഒരുക്കിവച്ച കാഴ്ചയെ ഹൃദയത്തിൽ ഏറ്റുവാങ്ങുന്നവരായിരിക്കും. ലിജിൻ്റെ രേഖപ്പെടുത്തലിൻ്റെ ചരിത്രമൂല്യം ആ ഹൃദയവികാരത്തിനുമപ്പുറമാണെന്നതിൽ തർക്കമില്ല താനും.

 

വിശ്വോത്തര ചലച്ചിത്രകാരനായ ഫെഡറികോ ഫെല്ലിനിയുടെ സിനിമകളിലെ ദൃശ്യങ്ങൾ  ഡോക്യുമെന്ററിയിൽ കൃത്യമായ സ്ഥലങ്ങളിൽ ചേർത്തുവച്ച സംവിധായകന്റെയും എഡിറ്ററുടെയും മിടുക്കിന് സലാം പറയാൻ കൂടി ഈ സന്ദർഭത്തെ ഉപയോഗിക്കട്ടെ. ലിജിനൊപ്പം ഈ സംരംഭത്തിൻ്റെ നിർമ്മാണത്തിന് തുണനിന്ന ഷിബു.ജി. സുശീലൻ ചരിത്രപരമായൊരു ധർമ്മമാണ് നിർവഹിച്ചത്. അപ്രതീക്ഷിതമായ മറ്റൊരു സന്തോഷം എൻഡ് ടൈറ്റിലുകൾ കണ്ടപ്പോഴാണുണ്ടായത്. ഷാഹിന.കെ. റഫീഖ് എന്ന പേരായിരുന്നു അതിന് കാരണം.വായിച്ചിട്ടുള്ളതിലെ ഏറ്റവും മികച്ച രാഷ്ട്രീയ കഥകളിലൊന്നായ ഏക് പാൽതൂ ജാൻവർ എഴുതിയ കരവും ഇതിനുപിന്നിൽ  പ്രവർത്തിച്ചിരുന്നെന്ന കാര്യം അവസാനത്തെ ക്രെഡിറ്റ് കാർഡുകൾ ശ്രദ്ധിച്ചപ്പോഴാണ് പിടികിട്ടിയത്. മണിരത്നം സിനിമകളെക്കുറിച്ചുള്ള, കഥാകാരിയുടെ  ഗവേഷണപ്രബന്ധം പുസ്തകരൂപത്തിലാകുന്നതും കാത്തിരിക്കുന്ന വായനക്കാരെക്കൂടി അവർ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.

 

വൈരുദ്ധ്യാത്മകമെന്നും സംഘർഷാത്മകമെന്നുമൊക്കെ തോന്നിപ്പിക്കുന്ന ജീവിതയാഥാർത്ഥ്യങ്ങളെ വാറ്റിയെടുത്തു വിളമ്പിയ ചലച്ചിത്രകാരന്റെ ജീവിതത്തെ കൃത്യമായി വരച്ചിട്ട ലിജിൻചിത്രം ഏറ്റവും ശ്രദ്ധേയമാകുന്നത് ഒരു  വ്യക്തിയുടെ സാന്നിധ്യവും സംഭാഷണവും കൊണ്ടു കൂടിയാണ്.മറ്റാരുമല്ല , സെൽമ ജോർജാണത്.ഒരു കെ.ജി.ജോർജ് സിനിമയിലെ മുഹൂർത്തമാണോ എന്നു കാഴ്ചക്കാർ സന്ദേഹിക്കുന്ന വിധത്തിൽ യാതൊരു സങ്കോചവും കൂടാതെയവർ തുറന്നു സംസാരിച്ചു.

 

" ഇത്രയും വർഷമെങ്ങനെ ഈ പുള്ളിയുടെ കൂടെ ജീവിച്ചെന്നു പോലുമെനിക്ക് അതിശയം തോന്നാറുണ്ട്. ജീവിതത്തോട് ഒരു ആത്മാർത്ഥതയുമില്ല, സെൻറിമെൻ്റ്സില്ല , യാതൊന്നുമില്ല. നമ്മള് സെക്സിനും......സെക്സും വേണം...എന്താ.. ഭക്ഷണവും കഴിക്കും.. നല്ല ഭക്ഷണം കഴിക്കണം.അപ്പം എനിക്ക് തോന്നി, എങ്ങനാ ഇങ്ങനെ സ്ത്രീകളെ ഇത്ര പ്രോത്സാഹിപ്പിച്ച് ഈ പടങ്ങളെടുത്തത്. പിന്നെ വേറൊരു കാര്യം കൂടി പറയട്ടെ... സിനിമ കണ്ടോണ്ട് ഇരിക്കുകാ... ഏതെങ്കിലും സിനിമ കണ്ടോണ്ടിരുന്നാല് , അതിനകത്ത്  കുറച്ച്  സെൻറിമെൻസെങ്ങാനും  വന്നാൽ കണ്ണാടി ഒക്കെ എടുത്ത് , കണ്ണൊക്കെ തുടച്ച് , കരഞ്ഞ് , മൂക്കൊക്കെ ചീറ്റി , ഭയങ്കര ഫീലിങ്ങ്സാ.പക്ഷേ ആ ഫീലിങ്സ് എന്തുകൊണ്ട് സ്വന്തം ഭാര്യയുടെ അടുത്ത് ഉണ്ടാകുന്നില്ല ? നമ്മള് വീട്ടില് എന്ത് വിഷമിച്ചിരുന്നാലും ങൂ..ഹും.. ഒരു സങ്കടവുമില്ല."

 

 "പുള്ളിയുടെ ജീവിതത്തിൽ പ്രധാനം... പെണ്ണ് , സിനിമ . ഇത് രണ്ടുമേ പുള്ളിക്ക് താല്പര്യമുള്ളൂ.അങ്ങനുള്ളവര് കല്യാണം കഴിക്കാൻ പാടില്ല. കാരണം നിങ്ങൾക്ക് സിനിമയുമായിട്ടോ പെണ്ണായിട്ടോ.. പെണ്ണുങ്ങളുമായിട്ടോ എങ്ങനെ വേണേലും സ്വാതന്ത്ര്യമായിട്ട് ജീവിക്കാം."

 

 സെൽമ തടയണ തുറന്നുവിട്ട ജീവിതസത്യത്തിൻ്റെ ലാവാപ്രവാഹത്തെ പ്രതിരോധിക്കാനാകാതെ നിസ്സഹായനായിരിക്കുന്ന ജോർജ് എന്ന വ്യക്തിയെയാണ് അവിടെ നമുക്ക് കാണാൻ കഴിയുക.

 

" ഞാനങ്ങനെയായിപ്പോയി സെൽമേ." എന്ന് ദുർബലമായ സ്വരത്തിൽ പറയാൻ മാത്രമാണ് ആ മനുഷ്യനു സാധിച്ചത്.ആ ജീവിതരംഗത്തിൻ്റെ ആഘാതത്തിൽ  സ്തബ്ധനായിരുന്നു പോയ കാണി ഞാൻ മാത്രമായിരിക്കുമോ? ആയിരിക്കില്ല. ഉറപ്പ്.

 

അതേസമയം തന്റെ കലാജീവിതത്തിന്റെ ഭാവിയെക്കുറിച്ച് സെൽമ നടത്തിയൊരു നിരീക്ഷണത്തെ അസന്ദിഗ്ദ്ധമായ ഭാഷയിൽ ഖണ്ഡിച്ചു കൊണ്ട് അദ്ദേഹം തീർപ്പു പറയുന്നത് ആധികാരികമായി തന്നെയാണ്.

 

" എനിക്ക് കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്ന കാലത്തെല്ലാം ഞാൻ സിനിമയുണ്ടാക്കിയിരുന്നു. സാധ്യമല്ല.. സാധ്യമല്ല. അത് എന്നെ സംബന്ധിച്ചിടത്തോളം....It is very obvious...

 I can't do it anymore."

 

വ്യക്തിജീവിതത്തെക്കുറിച്ചുള്ള വിയോജിപ്പുകൾ നിലനിർത്തുമ്പോൾ തന്നെ ജോർജ് എന്ന ഫിലിംമേക്കറിനെക്കുറിച്ച് കൃത്യമായ വിലയിരുത്തൽ നടത്തുന്നുണ്ട് സെൽമ.

 

" പിന്നെ ഞാൻ പറഞ്ഞില്ലേ....നല്ല സംവിധായകനെന്ന് നോക്കുകാണെങ്കില് ഇന്നുള്ള.... പിന്നെ..... എല്ലാ സംവിധായകരെയും...... ഇന്ന് മലയാള സിനിമയിലെടുത്ത് നോക്കിക്കഴിഞ്ഞാല്.. എനിക്കേറ്റവും അഭിപ്രായം കെ.ജി.ജോർജ് തന്നെയാ. കാരണം... അത് ഭർത്താവായതുകൊണ്ട് പറയുകല്ല. ഓരോ സിനിമയും വ്യത്യസ്തമായിട്ടുള്ള രീതിയിൽ.... ഒരനുകരണവുമില്ല ഒരു സിനിമയിലും.. പുതിയ ആർട്ടിസ്റ്റുകളെ കൊണ്ടുവന്നതും കെ.ജി. ജോർജാണ്. അങ്ങനെയുള്ള ഓരോ കാര്യത്തിനും ഇന്നുള്ള എല്ലാ ഡയറക്ടറുകളിലും ടോപ്പ് കെ.ജി.ജോർജ് തന്നെയാ. അതെനിക്ക് പറയാതിരിക്കാൻ നിവൃത്തിയില്ല."

 

അതുകേൾക്കുമ്പോൾ ഒരു കൊച്ചുകുട്ടിയെപ്പോലെ ചിരിച്ചുകൊണ്ട് കെ.ജി.ജോർജ് ചോദിക്കുന്നുണ്ട്  "  അതു പോരേ സെൽമേ ? "

 

അത് മതിയായിരുന്നോ ? ജീവിതം നീട്ടുന്ന സങ്കീർണമായ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരമുണ്ടായിരുന്നെങ്കിൽ നമ്മളൊക്കെ ആരായിരുന്നേനെ.എല്ലാവരുടെ പക്കലും അത്തരം ഉത്തരങ്ങൾ ഉണ്ടായിരുന്നെങ്കിൽ കെ.ജി.ജോർജ് ചിത്രങ്ങൾ ഒരിക്കലും ഉണ്ടാകുമായിരുന്നില്ലല്ലോ. നമ്മുടെ  ചലച്ചിത്രബോധത്തിൻ്റെ സൗന്ദര്യാകാശങ്ങളിലവ അസ്തമിക്കാതെ നിലനിൽക്കുമായിരുന്നില്ലല്ലോ. സ്വപ്നാടനത്തിലെ  ഗോപിനാഥൻ്റെ ഡയലോഗ് ഓർത്തുകൊണ്ട് എട്ടരക്കട്ടുകളിൽ ചിത്രീകരിക്കപ്പെട്ട  മനുഷ്യനെക്കുറിച്ചുള്ള പേച്ചിന് താൽക്കാലിക വിരാമമിടട്ടെ.

 

" Why should I hide anything ? എനിക്ക് ഒളിക്കാൻ ഒന്നുമില്ല. Nothing."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com