മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെടാത്ത മാസ്റ്റർ ക്രാഫ്റ്റ്മാൻ

Mail This Article
മലയാള സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്മാൻ എന്ന വിശേഷണമുണ്ടെങ്കിലും കെ ജി ജോർജിന് മികച്ച സംവിധായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടില്ല. പല തവണ മികച്ച ചിത്രമായി കെ ജി ജോർജിന്റെ സിനിമകൾ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും മികച്ച സംവിധായകനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയില്ല എന്നത് അവിശ്വസനീയമായി തോന്നുമെങ്കിലും സത്യമാണ്.

1976ലാണ് കെ ജി ജോർജിന്റെ ആദ്യ ചിത്രം സ്വപ്നാടനം പുറത്തിറങ്ങുന്നത്. മലയാളത്തിലെ ആദ്യത്തെ സൈക്കോളജിക്കൽ ത്രില്ലർ എന്ന ഗണത്തിൽ പെടുത്താവുന്ന ചിത്രമായിരുന്നു സ്വപ്നാടനം. മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ആദ്യ ചിത്രത്തിലൂടെ കെ ജി ജോർജ് നേടി. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും സ്വപ്നാടനം നേടി. പിന്നീട് പിറന്നത് ഒരു കെ ജി ജോർജ് യുഗമായിരുന്നു. കലാമൂല്യമുള്ള സിനിമ, വാണിജ്യ സിനിമ എന്നിങ്ങനെയുള്ള തരംതിരിവുകൾ കെ ജി ജോർജ് സ്വന്തം സിനിമകളിലൂടെ ഇല്ലാതാക്കി. കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളെ ഇത്രമേൽ മനോഹരമായി ദൃശ്യവൽക്കരിച്ച മറ്റൊരു സംവിധായകനില്ല.
മലയാളത്തിലെ ആദ്യ കാമ്പസ് സിനിമയായി വിശേഷിപ്പിക്കാവുന്ന ‘ഉൾക്കടൽ’ (1978), സർക്കസിലെ പൊക്കം കുറഞ്ഞ കോമാളിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ‘മേള’ (1980), ജനപ്രീതിയിലും ഉന്നതനിലവാരത്തിലും മികച്ചുനിന്ന ക്രൈംതില്ലർ ‘യവനിക’ (1982), ശോഭ എന്ന പ്രശസ്തനടിയുടെ ആത്മഹത്യ പ്രമേയമാക്കി ഒരുക്കിയ ഡോക്യൂഫിക്ഷൻ ശ്രേണിയിൽ പെട്ട ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’ (1983), സമൂഹത്തിന്റെ മൂന്നു തലങ്ങളിലുള്ള സ്ത്രീകളുടെ ദുരന്തം പകർത്തിയ, സർറിയലിസ്റ്റിക് ക്ളൈമാക്സ് കൊണ്ട് ശ്രദ്ധേയമായ ‘ആദാമിന്റെ വാരിയെല്ല്’ (1983), മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയആക്ഷേപസിനിമയായി കണക്കാപ്പെടുന്ന ‘പഞ്ചവടിപ്പാലം’ (1984), ദുര മൂത്ത ജീവിതങ്ങളുടെയും ശിഥില കുടുംബന്ധങ്ങളുടേയും കഥ പറയുന്ന ‘ഇരകൾ’ (1986), ദാമ്പത്യബന്ധത്തിനും സദാചാരത്തിനും ഇടയിലെ സങ്കീർണത വിഷയമാകുന്ന ‘മറ്റൊരാൾ’ (1988) തുടങ്ങിയ ചിത്രങ്ങളിലൂടെ ആഖ്യാനത്തിലും പ്രമേയപരതയിലും മലയാളസിനിമയിൽ നവലോകം തുറന്നിടാൻ കെ ജി ജോർജിനു കഴിഞ്ഞു.
യവനികയും ആദാമിന്റെ വാരിയെല്ലും ഇരകളും പുരസ്കാര പട്ടികയിൽ ഇടം നേടിയ ചിത്രങ്ങളായിരുന്നു. മികച്ച തിരക്കഥയ്ക്കും മികച്ച ചിത്രത്തിനുമുള്ള പുരസ്കാരം യവനിക നേടിയെങ്കിലും അവിടെയും മികച്ച സംവിധായകനുള്ള പരാമർശം പോലും കെ ജി ജോർജിനു ലഭിച്ചില്ല. മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച തിരക്കഥയ്ക്കുമുള്ള സംസ്ഥാന പുരസ്കാരം ആദാമിന്റെ വാരിയെല്ലിനും ഇരകൾ എന്ന സിനിമയ്ക്കും ലഭിച്ചു. പക്ഷേ, മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം മാത്രം കയ്യെത്തും ദൂരത്ത് പലപ്പോഴായും അദ്ദേഹത്തിന് നഷ്ടമായി.
എന്നാൽ, നല്ല സിനിമകളുടെ പേരിൽ അറിയപ്പെടാനാണ് തനിക്കിഷ്ടമെന്ന് പിന്നീട് ജോർജ് പ്രതികരിച്ചു. "അവാർഡ് ആത്യന്തികമല്ല. എല്ലാം കിട്ടണമെന്നു നിർബന്ധമില്ല. എല്ലാ അംഗീകാരങ്ങളും എല്ലാവർക്കും കിട്ടണമെന്നു പ്രതീക്ഷിക്കുകയും ചെയ്യരുത്. കിട്ടാത്തതുകൊണ്ടു നഷ്ടബോധമില്ല. മികച്ച സംവിധായകനുള്ള അവാർഡ് കിട്ടാത്തതിൽ ദുഃഖമില്ല. ചെയ്ത ജോലിയുടെ സംതൃപ്തിയാണു പ്രധാനം," കെ ജി ജോർജ് വ്യക്തമാക്കി.
ഒടുവിൽ, 2016ൽ സംസ്ഥാനം ജെ.സി ദാനിയേൽ പുരസ്കാരത്തിലൂടെ അദ്ദേഹത്തെ ആദരിച്ചു. മലയാള സിനിമയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ അംഗീകാരം വൈകിയ വേളയിൽ എത്തിയപ്പോഴും ഒട്ടും പരിഭവമില്ലാതെ അദ്ദേഹം സ്വീകരിച്ചു. പുരസ്കാരങ്ങളല്ല, സിനിമകളായിരുന്നു കെ ജി ജോർജിനെ പറ്റി തലമുറകളോട് സംസാരിച്ചത്. അദ്ദേഹത്തെ കാലാതിവർത്തിയാക്കുന്നതും ആ സിനിമകൾ തന്നെ!
English Summary: KG George and Awards