മുൻപേ നടന്നു കാണിച്ച വഴിത്താരകൾക്ക് നന്ദി: എം.പത്മകുമാർ

Mail This Article
കലാമൂല്യത്തോടൊപ്പം ജനകീയവുമാവണം സിനിമയെന്നു മലയാള ചലച്ചിത്രലോകത്തിനു കാണിച്ചു കൊടുത്ത പ്രതിഭയായിരുന്നു സംവിധായകൻ കെ.ജി ജോർജെന്ന് സംവിധായകൻ എം.പത്മകുമാർ. കെ.ജി ജോർജിന്റെ ജന്മദിനത്തിൽ സമൂഹമാധ്യമത്തിൽ പദ്മകുമാർ പങ്കുവച്ച കുറിപ്പാലാണ് ആ മാസ്റ്റർ സംവിധായന്റെ സിനിമകളെക്കുറിച്ച് പത്മകുമാർ വാചാലനായത്. വൈവിധ്യമായ വിഷയങ്ങളിലൂടെ, വ്യതിരിക്തമായ അവതരണങ്ങളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ ചലച്ചിത്ര പ്രതിഭയായിരുന്നു അദ്ദേഹമെന്ന് പത്മകുമാർ ഓർമക്കുറിപ്പിൽ പറയുന്നു.
പത്മകുമാറിന്റെ വാക്കുകൾ ഇങ്ങനെ:
"മലയാള സിനിമയുടെ ചരിത്രം ഏതാനും റീലുകളാക്കി തിരിച്ചാൽ അതിലെ ഏറ്റവും നിറപ്പകിട്ടും ആശയ സമ്പുഷ്ടവുമായ ഭാഗം തുടങ്ങുന്നത് ഒരുപക്ഷെ 1976 മാർച്ച് 12എന്ന ദിവസത്തിലായിരിക്കും. കാരണം. അന്നാണ് സ്വപ്നാടനം എന്ന സിനിമയുടെ റിലീസും കെ.ജി.ജോർജ് എന്ന സംവിധായകന്റെ അരങ്ങേറ്റവും ഉണ്ടാവുന്നത്.. കലാമൂല്യമുള്ള സിനിമകൾ, കച്ചവട സിനിമകൾ എന്നിങ്ങനെ മലയാള ചലചിത്രങ്ങൾ രണ്ടു വ്യത്യസ്ത ശാഖകളിലായി വേർപിരിഞ്ഞു വളർന്നിരുന്ന ആ കാലഘട്ടത്തിൽ കലാമൂല്യത്തോടൊപ്പം ജനകീയവുമാവണം സിനിമ എന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു കൊണ്ടാണ് കെ.ജി.ജോർജ് എന്ന സംവിധായകൻ മലയാള സിനിമയിൽ അവതരിക്കുന്നത്.. ഏതൊരു പ്രേക്ഷകന്റെയും അന്ത രാത്മാവിൽ ഉറങ്ങിക്കിടപ്പുള്ള അഭിരുചികളെ തിരിച്ചറിയാനും അതിനെ പുതിയ മേച്ചിൽ പുറങ്ങളിലേക്ക് ഒരു സ്വപ്ന ലോകത്തെന്ന പോലെ നയിക്കാനും കെ.ജി.ജോർജിനോളം കഴിഞ്ഞ മറ്റൊരു മലയാള സംവിധായനെ ചൂണ്ടിക്കാണിക്കുക അസാധ്യം. ഉൾക്കടൽ (1978), മേള (1980), കോലങ്ങൾ (1981), യവനിക (1982), ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ആദാമിന്റെ വാരിയെല്ല് (1983), പഞ്ചവടിപ്പാലം (1984), ഇരകൾ (1985), ഈ കണ്ണി കൂടി (1990) ... ഇങ്ങനെ ആസ്വാദക ഹൃദയങ്ങളിൽ നിന്നും ഒരിക്കലും വിഘടിച്ചു പോകാനാവാത്ത, അവരുടെ ആസ്വാദന രീതികളെ തന്നെ മാറ്റി മറിച്ച എത്ര സിനിമകൾ...! വൈവിധ്യമായ വിഷയങ്ങളിലൂടെ, വ്യതിരിക്തമായ അവതരണങ്ങളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ, അന്താരാഷ്ട ചലച്ചിത്രങ്ങൾക്കൊപ്പം മലയാള സിനിമയെ തലയെടുപ്പോടെ മുൻനിർത്തിയ ആ ചലച്ചിത്ര പ്രതിഭക്ക്, മുൻപേ നടന്നു കാണിച്ച വഴിത്താരകൾക്ക്, ഒരു ചലച്ചിത്ര വിദ്യാർത്‌ഥി എന്ന നിലയിൽ സവിനയം നന്ദി പറയുന്നു."
English Summary: M Padmakumar About KG George