ADVERTISEMENT

കെ.ജി.ജോർജിനെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ച് ഭാര്യയും മക്കളും ഗോവയിൽ സുഖവാസത്തിനു പോയി എന്ന ആരോപണത്തിനു മറുപടിയുമായി കെ.ജി.ജോർജിന്റെ ഭാര്യയും ഗായികയുമായ സെൽ‍മ ജോർജ്. മക്കൾ രണ്ടുപേരും ദോഹയിലും ഗോവയിലുമാണ്. ഡോക്ടർ അടക്കമുള്ള എല്ലാവിധ സൗകര്യങ്ങളും ഉള്ളതുകൊണ്ടാണ് ജോര്‍ജിനെ സിഗ്നേച്ചർ എന്ന സ്ഥാപനത്തിലാക്കിയതെന്നും മരിക്കുന്നതുവരെ അദ്ദേഹത്തെ നല്ല രീതിയിലാണ് നോക്കിയതെന്നും സെൽമ പറഞ്ഞു. പലരും പല രീതിയിലാണ് തെറ്റായ കാര്യങ്ങൾ‌ യൂട്യൂബ് ചാനലുകളിലടക്കം പ്രചരിപ്പിക്കുന്നത്. സ്ട്രോക്ക് വന്നതിനു ശേഷം കിടപ്പായിരുന്നു ജോർ‌ജ്. അദ്ദേഹത്തെ ഒറ്റയ്ക്ക് ശുശ്രൂഷിക്കാൻ തനിക്ക് കഴിയാത്തതുകൊണ്ടാണ് എല്ലാ സൗകര്യവുമുള്ള സിഗ്നേച്ചർ എന്ന സ്ഥാപനത്തിൽ ആക്കിയത്. അവിടെ അദ്ദേഹത്തിന് എല്ലാവിധ പരിരക്ഷയും നൽകി. വളരെ സമാധാനപരമായാണ് കെ.ജി. ജോർജ് മരിച്ചത്. കെ.ജി. ജോർജിനെപ്പോലെ ഒരു സംവിധായകൻ ഇനി ഉണ്ടാകില്ലെന്നും രണ്ടു സിനിമകൾ ചെയ്യണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അദ്ദേഹം വിടപറഞ്ഞതെന്നും സെൽ‍മ പറയുന്നു.

‘‘ഞാൻ മകന്റെ കൂടെ ഗോവയിൽ ആയിരുന്നു. പോയിട്ടു വേഗം വരാമെന്ന് അദ്ദേഹത്തോടു പറഞ്ഞാണ് യാത്ര തിരിച്ചത്. ദോഹയിൽ ജോലി ചെയ്യുന്ന മകൾ അങ്ങോട്ടു പോയപ്പോൾ എനിക്ക് ഇവിടെ ഒറ്റയ്ക്ക് താമസിക്കാൻ കഴിയാതെയായി. അങ്ങനെയാണ് ഗോവയിലുള്ള മകന്റെയടുത്തേക്കു പോയത്. ഞാനും മക്കളും എന്റെ ഭർത്താവിനെ നന്നായിട്ടാണ് നോക്കിയത്. 'സിഗ്നേച്ചർ' എന്ന സ്ഥാപനത്തിൽ അദ്ദേഹത്തെ കൊണ്ട് ചെന്ന് ആക്കിയത് അവിടെ ഡോക്ടർമാരും നഴ്സുമാരും ഫിസിയോതെറാപ്പിയും അടക്കം അത്യാധുനിക ചികിത്സാൗകര്യങ്ങൾ ഉള്ളതിനാലാണ്. നല്ല സ്ഥലമാണെന്നു തോന്നിയതുകൊണ്ട് മാത്രമാണ് അവിടെ ആക്കിയത്. ഞങ്ങൾ അദ്ദേഹത്തെ വൃദ്ധസദനത്തിലാക്കി കടന്നുകളഞ്ഞെന്നും മറ്റും പലരും പറയുന്നുണ്ട്.

സിഗ്നേച്ചർ എന്ന സ്ഥാപനത്തോടും ഫെഫ്ക തുടങ്ങിയ സംഘടനകളോടും ചോദിച്ചാൽ അറിയാം അദ്ദേഹത്തെ ഞങ്ങൾ എങ്ങനെയാണ് നോക്കിയതെന്ന്. മക്കൾക്കും ജീവിക്കേണ്ടേ. അവർ അതുകൊണ്ടാണ് ഓരോ സ്ഥലങ്ങളിലേക്ക് പോയത്. അദ്ദേഹത്തെ ഒറ്റയ്ക്കാക്കി പോയി എന്നാണ് ആൾക്കാർ പറയുന്നത്. അദ്ദേഹത്തിന് സ്ട്രോക്ക് വന്നതിനുശേഷം എനിക്ക് തനിയെ പൊക്കി എടുത്ത് കുളിപ്പിക്കാനും കിടത്താനും ഒന്നും കഴിയുമായിരുന്നില്ല. എനിക്ക് അതിനുള്ള ആരോഗ്യമില്ല. അതുകൊണ്ടാണ് സിഗ്നേച്ചറിൽ ആക്കിയത്. അവർ നന്നായിട്ടാണ് അദ്ദേഹത്തെ നോക്കിയത്. ഞങ്ങൾക്ക് ഒരു പരാതിയുമില്ല. എല്ലാ ആഴ്ചയിലും ഞാൻ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ കൊടുത്തു വിടുമായിരുന്നു. ആൾക്കാർ പറയുന്നതിനൊന്നും ഉത്തരം പറയാൻ ഞാനില്ല. കുരയ്ക്കുന്ന പട്ടികളുടെ വായ നമുക്ക് അടയ്ക്കാൻ പറ്റില്ലല്ലോ. യൂട്യൂബിൽ പലരും വളരെ മോശമായ വിഡിയോ ആണ് ഇടുന്നത്.

ജോർജേട്ടൻ ഒരുപാട് സിനിമകൾ വളരെ നന്നായി എടുത്തു. പക്ഷേ അഞ്ചു പൈസ പോലും അദ്ദേഹം ഉണ്ടാക്കിയില്ല. അതാണ് ഞങ്ങളുടെ ഏറ്റവും വലിയ സങ്കടം. ആളുകൾ പറയുന്നത് അദ്ദേഹത്തിന്റെ സ്വത്ത് തട്ടിയെടുത്ത് അദ്ദേഹത്തെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു എന്നാണ്. ആര് എന്ത് പറഞ്ഞാലും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല ഞങ്ങൾക്ക് ആരെയും ബോധിപ്പിക്കാനില്ല. എന്റെ മക്കളും ഞാനും ദൈവത്തെ മുൻനിർത്തിയാണ് ജീവിക്കുന്നത്. അദ്ദേഹം വളരെ നല്ലൊരു ഭർത്താവും അച്ഛനും ആണ്. ഞങ്ങൾ വളരെ ആത്മാർഥമായിട്ടാണ് അദ്ദേഹത്തെ സ്നേഹിച്ചത്. ഒരു വിഷമവും അദ്ദേഹത്തിന് ഞാൻ കൊടുത്തിട്ടില്ല. ആളുകൾ എന്തും പറയട്ടെ, ഞാൻ സുഖവാസത്തിനല്ല ഗോവയിൽ പോയത്. എന്റെ മകന്റെ അടുത്ത് പോയതാണ്. പ്രായമായ ആളുകൾക്ക് അസുഖമായി കിടക്കുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലത്. ഞാൻ ദിവസവും ദൈവത്തോട് പ്രാർഥിക്കാറുള്ളത് അദ്ദേഹത്തെ ഇട്ട് കഷ്ടപ്പെടാതെ അങ്ങ് വിളിക്കണേ എന്നാണ്. ആ പ്രാർഥന ഇപ്പോൾ ദൈവം കേട്ടു. എനിക്കിപ്പോൾ സമാധാനമെയുള്ളൂ അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത് കാണാൻ എനിക്ക് കഴിയില്ല.

അദ്ദേഹത്തിന് ഇനി കൂടുതൽ പേരെടുക്കാൻ ഒന്നുമില്ല അദ്ദേഹത്തെപ്പോലെ ഒരു സംവിധായകൻ മലയാള സിനിമയുടെ ചരിത്രത്തിൽ വേറെയില്ല. എന്റെ ഭർത്താവായതുകൊണ്ടു പറയുകയല്ല, അത്രയും കഴിവുള്ള ഒരു സംവിധായകനായിരുന്നു അദ്ദേഹം. ഒരു സിനിമയുടെ അനുകരണമല്ല അദ്ദേഹത്തിന്റെ മറ്റൊരു സിനിമ. നല്ല രീതിയിൽ സിനിമകൾ ചെയ്ത ആളായിരുന്നു അദ്ദേഹം. ആർക്കും ഒരു രീതിയിലും കെ.ജി.ജോർജിനെ കുറ്റം പറയാൻ കഴിയില്ല. അത്രയും കഴിവുള്ള ഒരു ഡയറക്ടർ ഇനി ഉണ്ടാകില്ല എന്നു തന്നെ ഞാൻ പറയുന്നു. ഒരു വിഷമം മാത്രം എനിക്കുണ്ട്. ഒരു ഹൊറർ സിനിമ കൂടി ചെയ്യണം എന്ന് എപ്പോഴും പറയുമായിരുന്നു. പക്ഷേ കഴിഞ്ഞില്ല. കാമമോഹിതം എന്നൊരു പടം കൂടി മനസ്സിൽ ഉണ്ടായിരുന്നു. അത് ഭയങ്കര പ്രതീക്ഷയുള്ള സിനിമ ആയിരുന്നു ഈ രണ്ട് ആഗ്രഹങ്ങൾ മാത്രം നടന്നില്ല. ബാക്കിയെല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്.

അദ്ദേഹം മരിക്കുമ്പോൾ കുഴിച്ചിടരുതെന്ന് എപ്പോഴും പറയുമായിരുന്നു. അപ്പോൾ ഞാൻ പറയും നമ്മൾ ക്രിസ്ത്യാനികളല്ലേ അങ്ങനെ ചെയ്യുന്നത് ശരിയല്ല എന്ന്. പക്ഷേ അദ്ദേഹം പറയും ‘ഇത് എന്റെ ആഗ്രഹമാണ് അത് നീ നടത്തി തന്നാൽ മതി, ആര് എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല എന്നെ ദഹിപ്പിക്കുക തന്നെ വേണം’ എന്ന്. അപ്പോൾ ഞാൻ തമാശയായി ചോദിച്ചു ‘ബോഡി മെഡിക്കൽ കോളജിന് കൊടുക്കട്ടെ പിള്ളേർക്ക് പഠിക്കാൻ’ എന്ന്. അദ്ദേഹം പറഞ്ഞു ‘അതൊന്നും വേണ്ട എന്നെ ദഹിപ്പിക്കണം’ എന്ന്. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ശരീരം ദഹിപ്പിക്കുക തന്നെ ചെയ്തു.

സ്വന്തക്കാരൊക്കെ ഒരുപാട് പേർ എതിർത്തു. ‘ഇങ്ങനെ ഒന്നും ചെയ്യരുത്, അത് ശരിയല്ല, നാണക്കേടാണ്, മറ്റുള്ളവർ എന്ത് വിചാരിക്കും’ എന്ന് പറഞ്ഞു. പക്ഷേ ഞാൻ പറഞ്ഞു ‘എനിക്ക് മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റെ അവസാനം ആഗ്രഹം ഇതായിരുന്നു അതുതന്നെ ചെയ്യണം’. മരിക്കുമ്പോൾ എന്നെയും ദഹിപ്പിക്കണം എന്നാണ് ആഗ്രഹം. പള്ളിയിൽ കൊണ്ടുപോയി അടക്കരുത്. എനിക്ക് പള്ളിയിൽ പോകുന്നത് ഇഷ്ടമല്ല. ഞാൻ പള്ളിയിൽ പോകാറില്ല. പള്ളിയുമായി ഒരു ബന്ധവും എനിക്കില്ല. വീട്ടിലിരുന്ന് പ്രാർഥിക്കുകയുള്ളൂ. എന്റെ മക്കളോട് ഞാൻ പറഞ്ഞിരിക്കുന്നത് നിങ്ങൾ ഏത് ദൈവത്തിൽ വേണമെങ്കിലും വിശ്വസിച്ചോളൂ എന്നാണ്. അമ്പലത്തിലെ പള്ളിയിലോ പോകേണ്ട ആവശ്യമില്ല എന്നാണ് ഞാൻ അവരോടും പറഞ്ഞിട്ടുള്ളത്. പക്ഷേ പോകണോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെയും ഇഷ്ടമാണ്.’’– സെൽ‍മ ജോർജ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT